സ്ത്രീ സ്വാതന്ത്ര്യവും ജൻഡർ ആക്ടിവിസവും
സൽമാൻ ദാരിമി നിലമ്പൂർ
അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഇടയിലുള്ള വ്യത്യാസവുമായി ബന്ധപ്പെട്ടാണ് ആധുനികതയിലും ഇസ് ലാമിലുമുള്ള സ്ത്രീ കർതൃത്വത്തിന്റെ വ്യത്യാസം. ആധുനികത സ്വയം സ്വാതന്ത്ര്യമാണ് അധികാരമെന്നും മറ്റുള്ളവരെ കീഴിലാക്കാനുള്ള മാർഗമാണ് ഇതെന്നുമാണ് പറയുന്നത്. എന്നാൽ ഇസ് ലാം അധികാരത്തെ കർതവ്യബാധ്യതകളോടാണ് ബന്ധപ്പെടുത്തുന്നത്. ഇസ് ലാമിൽ അധികാരം പ്രിവിലേജല്ല. ജൻഡർ റോളുകളെ സംബന്ധിക്കുന്ന ആധുനിക-ഇസ് ലാം സംവാദങ്ങളിൽ പ്രധാന പാഠമാണത്. ജൻഡർ റോളുകളുടെ സന്തുലിതത്വത്തിലാണ് സാമൂഹികഘടനയുടെ ഭദ്രത നിലകൊള്ളുന്നത്.
അവിടെ പുരുഷൻ സ്ത്രീയേക്കാൾ കേമനോ സ്ത്രീ പുരുഷനേക്കാൾ മികച്ചതോ അല്ല, രണ്ടാളുകളും രാവും പകലും ചേർന്ന് ദിവസം രൂപപ്പെടുത്തുമ്പോലെ ചേർന്നുനിന്ന് പരസ്പരം നിലനിൽപ്പ് കൈമാറേണ്ടവരാണ്. പ്രവർത്തനവും പ്രതിരോധവും സ്ത്രീയേക്കാൾ പ്രകൃത്യാവഴങ്ങുന്ന ശരീരം ആണിന്റേതാണ്. പരിപാലനവും സ്വകാര്യതകളും പെണ്ണിന്റെ പ്രകൃതത്തോടും കൂടുതൽ ചേരും. ഈ റോൾ വികേന്ദ്രീകരണമാണ് ‘ഖിവാമ’യുടെ മർമം.
പല മുസ് ലിം ഫെമിനിസ്റ്റുകൾപോലും എഴുതിയതുപോലെ കേവലം പുരുഷന്റെ മേൽക്കോയ്മാ പ്രഖ്യാപനമല്ല അത്. ലിംഗനീതിയുടെ പ്രായോഗിക പദമാണ് മറ്റൊരർഥത്തിൽ ‘ഖിവാമ’. അതായത്, ആധുനിക സ്റ്റേറ്റുകളും കോർപറേറ്റ് ലോകഘടനയും സ്ത്രീയുടെ തൊഴിൽസാധ്യത വിലക്കെടുക്കുകയും അവളുടെ സ്വാതന്ത്ര്യം എന്തെന്ന് സ്വന്തമായ് നിർവചിച്ച് സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുമ്പോൾ ജൻഡർ പൊസിഷൻ കൃത്യമായി വിശദീകരിക്കുകയാണ് ഖിവാമ. വ്യക്തിസ്വാതന്ത്ര്യമാണ് പരമമായ വിമോചന സങ്കൽപ്പം എന്നതിലേക്ക് സ്ത്രീവിമോചക പ്രസ്ഥാനങ്ങളെ ഏകീകരിക്കുകയും അതൊനൊത്ത വിപണന ലോകം ക്രമപ്പെടുത്തുകയും ചെയ്യുക വഴി ഊരാനാവാത്ത അടിമത്വത്തിലേക്കാണ് ആധുനികത സ്ത്രീത്വത്തെ നയിച്ചത്.
ലിംഗസമത്വം എന്ന ടൂൾകൊണ്ടാണ് ആധുനികത അതിന്റെ ചതി മറച്ചുപിടിച്ചത്. ഒരിക്കലും നടക്കാത്ത ഒരാശയത്തിലേക്കുള്ള ഓട്ടം എന്നും ആ വിപണനമൂല്യം ബാക്കിയാക്കുമെന്ന് ലിബറൽ ലോകഘടന കണക്കു കൂട്ടുന്നു. സത്യത്തിൽ ആധുനിക ലോകഘടന തൊഴിലിടങ്ങളിൽ നടത്തിയ സ്ത്രീ ചൂഷണങ്ങൾക്കെതിരായ ധാർമികവിചാരമായിരുന്നു ഫെമിനിസം. അതിനെയാണ് പിന്നെ മതവിരുദ്ധ പെൺബോധമാക്കി പലരും അട്ടിമറിച്ചത്.
ഇസ് ലാം വ്യക്തിസ്വാതന്ത്ര്യം എന്നതിനേക്കാൾ ദീർഘകാല ബന്ധം നിലനിൽക്കുന്ന കുടുംബഘടനയ്ക്കാണ് പ്രാധാന്യം നൽകുന്നത്. വ്യക്തിഗത താൽപര്യങ്ങൾ പൊതുവേ ബാധ്യതകളെ ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഉന്നം ആനന്ദം മാത്രമായിരിക്കും. കുടുംബഘടന വിട്ടുവീഴ്ച്ച, ത്യാഗം, ബാധ്യത തുടങ്ങിയ പങ്കുവയ്ക്കലുകളെ ആശ്രയിക്കുന്നു. അവിടെയാണ് നീതി രൂപപ്പെടുന്നത്. അവകാശങ്ങളെക്കുറിച്ചുമാത്രം സംസാരിക്കാതെ ഉത്തരവാദിത്വങ്ങളെക്കൂടി ഉൾക്കൊള്ളുമ്പോഴാണ് മനുഷ്യസമൂഹത്തിന് മുന്നോട്ടു പോവാനാവുക.
അമേരിക്കൻ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970ൽ പുറത്തിറങ്ങിയതിനുശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങൾ ലോകരാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിർത്ത് ലിംഗസമത്വം ഉറപ്പിക്കാനുള്ള രാഷ്ടീയായുധം സാമ്പത്തിക, സാംസ്കാരിക ഉപകരണങ്ങളല്ല, ശാരീരികതയുടെ സാധ്യതകളാണെന്ന വീക്ഷണത്തിന് പടിഞ്ഞാറൻ ലോകത്ത് വമ്പൻ സ്വീകാര്യത തന്നെ ലഭിച്ചു. സാമൂഹികശാസ്ത്രപരമായി പാട്രിയാര്‍ക്കിയുടെ ഏറ്റവും പ്രധാന സ്ഥാപനം കുടുംബമാണ്.
പാട്രിയാര്‍ക്കിയുടെ ദര്‍പ്പണവും സമൂഹത്തെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഉപകരണവുമാണത്. അച്ഛന്റെ അധികാരം’ (patria protestas) എന്ന റോമന്‍ നിയമസങ്കൽപത്തിലാണ് പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. നേരെചൊവ്വേ പറഞ്ഞാൽ, നിലനിൽക്കുന്ന സാമൂഹിക ഘടനക്കെതിരായ ലൈംഗിക കലാപാഹ്വാനമായിരുന്നു പിന്നീട് യൂറോപ്പ്, പ്രത്യേകിച്ച് സ്കാൻഡിനോവിയൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്നത്.
സത്യാനന്തരകാല സാമൂഹികഘടനയും വിവരസാങ്കേതിക വിപ്ലവങ്ങൾ വഴി ആർജിച്ച ദൃശ്യതയും വഴി അമേരിക്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ആ ആശയം പടർന്നു. വാസ്തവത്തിൽ യൂറോപ്യൻ വ്യാവസായിക വിപ്ലവത്തിന്റെ ഉപോൽപ്പന്നമായിരുന്നു ആ ചിന്താഗതിയും. പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളേക്കാൾ ലാഭകരമായ വ്യാപാരമായി ലൈംഗികതയെ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങളായി ജൻഡർ രാഷ്ട്രീയത്തിന് പിന്നീട് ഗതിമാറ്റം സംഭവിച്ചു. ലൈംഗികതയെ ജൈവികപ്രക്രിയ എന്നതിലുപരി അതിന്റെ വിനോദവ്യവസായ സാധ്യതയെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു. 1990കളിൽ പുറത്തുവന്ന ക്വിയർ തിയറി പിന്നീട് ജനാധിപത്യ സംവിധാനങ്ങളെ ആധുനികം/അനാധുനികം എന്ന് രണ്ടാക്കാൻ മാത്രമുള്ള ശക്തിയാർജിച്ചു. വളരെ പ്രകൃതിവിരുദ്ധമായ സിദ്ധാന്തമായിരുന്നു അത്.
ലിംഗവും (biological sex) ലൈംഗികതയും (sexuality) തമ്മിൽ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമർഥിക്കുന്ന 1990കളിൽ നിലവിൽവന്ന സിദ്ധാന്തമായ ക്വിയർ തിയറികൂടി വന്നതോടെ രംഗം വീണ്ടും വഷളായി. ഋതുമതിത്വം പ്രാപിക്കുന്ന ഒരാൾക്ക് തൻ്റെ ലൈംഗികമായ മനോനിലയനുസരിച്ച് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറുകയാണ് ചെയ്യുക. ആ ഘട്ടമെത്തുന്നതുവരെ ഒരുകുട്ടിയും പ്രകൃതിപരമായി ആണോ പെണ്ണോ അല്ലെന്ന, ചിലപടിഞ്ഞാറൻ രാഷ്ട്രങ്ങൾ അനുശീലിക്കാൻ ശ്രമിച്ച് കുത്ത്പാളയെടുത്ത, വ്യവസ്ഥാപിത കുടുംബ-സാമൂഹിക-രാഷ്ട്ര നിർവഹണങ്ങൾ വരെ താളഭംഗപ്പെടുന്ന സാമൂഹിക രാസബോംബായിരുന്നു ഇത്.
ഇത്തരം പ്രവണതകളെ ലിബറലിസത്തിന്റെ നിർമിതികളെന്ന് പറഞ്ഞ് മാറ്റിനിർത്താൻ കഴിയാത്തത്രയും ലോകജനാധിപത്യക്രമം ലിബറൽവൽക്കരിക്കപ്പെട്ടിരിക്കുന്നു. ആശയസംവാദങ്ങൾ തന്നെയാണ് പരിഹാരം.
എന്നാൽ, സ്വയം നിർണയാവകാശം ശാസ്ത്രീയമാവുന്ന പ്രായം നാളിതുവരെ പലരും പരിശോധിക്കുകയോ പഠിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാവുന്നത്. ശാരീരിക പ്രായപൂർത്തി(Metabolic puberty) വരിച്ചതിന് എത്രയോ ശേഷമാണ് ബൗദ്ധിക പ്രായപൂർത്തിയിലേക്ക്(intelectual puberty) മനുഷ്യമസ്തിഷ്കം എത്തുക എന്നാണ് ന്യൂറോ സയൻസ് ജേർണലുകൾ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ പറയുന്നത്.
ലോക പ്രശസ്ത ന്യൂറോ സയൻ്റിസ്റ്റ് Sandra Amod അവരുടെ ‘Welcome to Your Child’s Brain: How the Mind Grows from Conception to College’ എന്ന കൃതിയിൽ ഇരുപത്തഞ്ച് വയസുവരെയുള്ള സ്വയം തെരെഞ്ഞെടുപ്പ് ശാസ്ത്രീയമല്ലെന്ന് പറയുന്നുണ്ട്. മറ്റൊരു പ്രമുഖ ന്യൂറോ അമേരിക്കൻ സയന്റിസ്റ്റ് Kayt Sukel 32 വർഷങ്ങൾ തികഞ്ഞാൽ മാത്രമേ മസ്തിഷ്കം വീക്ഷണസ്ഥിരത പ്രകടിപ്പിക്കുകയുള്ളൂ എന്നാണ് എഴുതിയിരിക്കുന്നത്. ഇവരൊക്കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ കൂടിയാണ്.
യാഥാർഥ്യം ഇതായിരിക്കെ എങ്ങനെയാണ് പിന്നെ 18, 17, 16, 12 വയസുകളിലൊക്കെ കുട്ടികൾക്ക് നിരുപാധിക തീരുമാനാധികാരം നൽകാനാവുക? ഇവിടെയാണ് രക്ഷാകർതൃത്വം എന്ന മതകീയ കാഴ്ചപ്പാടിന്റെ പ്രസക്തി.
സ്ത്രീയുടെ വസ്ത്രസ്വാതന്ത്ര്യം പറയുമ്പോൾ എറ്റവും വിമർശിക്കപ്പെടുന്നതാണ് ഹിജാബ്. കേവലം മുസ് ലിംവിരുദ്ധ രാഷ്ട്രീയം, ലിബറൽ സ്വതന്ത്രവാദം എന്നിവയ്ക്ക് പുറമെ ഹിജാബ് വിരുദ്ധതക്ക് പിറകിൽ ചരിത്രപരമായ ഘടകങ്ങൾ കൂടിയുണ്ട്. മലബാർ വിപ്ലവകാലത്ത്, സാമൂതിരിയുടെ സൈനികച്ചുമതല വഹിച്ചിരുന്ന മലപ്പുറത്തെ കപ്രാട്ട് പണിക്കത്തറവാട്ടിലെ ജന്മി കൃഷ്ണപ്പണിക്കരുടെ മുറ്റം വൃത്തിയാക്കിയിരുന്ന ചിരുത എന്ന ചക്കി മമ്പുറം സയ്യിദ് അലവി തങ്ങളുടെ ചികിത്സാഫലത്തിൽ ആകൃഷ്ടയായി ഇസ് ലാം വരിച്ച് ആഇശയായി ഹിജാബണിഞ്ഞു.
കലിതുള്ളിയ പണിക്കരിൽനിന്ന് അഭയം തേടി മമ്പുറം തങ്ങളെ സമീപിച്ച ഇരക്കുവേണ്ടി തുടങ്ങിപ്പടർന്നതാണ് ചേറൂർ ലഹള. അവർണർ ചില ശരീരഭാഗങ്ങൾ മറക്കരുതെന്ന തിട്ടൂരത്തിന്റെ ജനിതക വിത്തുകൾ കാലംതെറ്റി പൊടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.
സഭ്യേതരമല്ലാത്ത ഏത് വസ്ത്രവും ആർക്കും ധരിക്കാം എന്നതാണ് കലർപ്പില്ലാത്ത സ്വതന്ത്രവാദം. ഏകതാനതാവൽക്കരണം വൈവിധ്യങ്ങളെ ഇല്ലാതാക്കും. അടിച്ചമർത്തലുകൾ ലെജിറ്റിമൈസ് ചെയ്യപ്പെടും.
ഇനി, ഹിജാബും പർധയും ഗൾഫ് -അറേബ്യൻ കമ്പോള സൃഷ്ടിയാണെന്ന് പറഞ്ഞ് മലയാളിത്വത്തിന്റെ മഹത്വം പറയുന്ന, മതംവിട്ടിട്ടും മതത്തിലൊട്ടിപ്പോയ വിശാലഹൃത്തരോട് ഒന്നേ ചോദിക്കുന്നുള്ളൂ: നിങ്ങൾ ബദലായി, അവതരിപ്പിക്കുന്ന മുറിത്തുണി രൂപങ്ങൾ തിരു
വാതിര ഞാറ്റുവേലയിൽ കേരവൃക്ഷത്തിൽ വിരിഞ്ഞതാണോ?
യൂറോപ്പിനോടുള്ളതിനേക്കാൾ മലയാളത്തിന്റെ മണ്ണിനും മനസിനും വേരുബന്ധം അറബികളുമായിട്ടാണ്. കേരളീയർക്ക് യുദ്ധം ചെയ്ത് പുറത്താക്കേണ്ടിവരാതിരുന്ന ഏക വൈദേശിക സാന്നിധ്യമായിരുന്ന അറബ് സംസ്കാരത്തോടുള്ള ചതുർത്ഥി ഉണ്ട, ഉണ്ണുന്ന ചോറിനോടുള്ള നന്ദികേടുകൂടിയാണ്. ഇത്തരക്കാർ അവരുടെ ചാനലുകളുടെ മെഗാഷോകൾ സംഘടിപ്പിക്കാൻ ചെന്നണയുന്നതും ഹിജാബ് ഔദ്യോഗിക വേഷമായ മണ്ണുകളിലേക്കുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."