തൃശൂരില്‍ കെ. മുരളീധരന്റെ സര്‍പ്രൈസ് എന്‍ട്രി; വടകരയില്‍ ഷാഫി പറമ്പില്‍; വയനാട്ടില്‍ രാഹുല്‍? കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്
തൃശൂരില്‍ കെ. മുരളീധരന്റെ സര്‍പ്രൈസ് എന്‍ട്രി; വടകരയില്‍ ഷാഫി പറമ്പില്‍; വയനാട്ടില്‍ രാഹുല്‍; കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. തൃശൂര്‍ പിടിക്കാന്‍ ഇത്തവണ ടി.എന്‍ പ്രതാപന് പകരം വടകര സിറ്റിങ് എം.പി കെ. മുരളീധരനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂര്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ മുരളീധരനെ ഇറക്കാന്‍ ധാരണയായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് തൃശൂരില്‍ മുരളിയുടെ പേര് നിര്‍ദേശിച്ചത്.
മുരളീധരന്‍ തൃശൂരിലേക്കെത്തുന്നതോടെ വടകരയില്‍ നറുക്ക് വീണത് ഷാഫി പറമ്പിലിനാണ്. മാത്രമല്ല ആലപ്പുഴയില്‍ കെ.സി വേണുഗോപാലിനെ തിരികെയെത്തിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബാക്കി എല്ലാ സീറ്റുകളിലും സിറ്റിങ് എം.പിമാരെ നിര്‍ത്താനും ധാരണയായി. ഇതോടെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് തന്നെ ഇത്തവണയും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
മുരളീധരന്‍ തൃശൂരില്‍ എത്തുന്നതോടെ നിലവിലെ സിറ്റിങ് എം.പി ടി.എന്‍ പ്രതാപനെ 2026ലെ നിയമസഭാ സീറ്റാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. വടകരയില്‍ ഷാഫിയെ നിര്‍ത്തി മുസ് ലിം പ്രാതിനിധ്യവും അരക്കിട്ടറുപ്പിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലമായ ആലപ്പുഴയില്‍ പല പേരുകള്‍ ഉയര്‍ന്ന് കേട്ടെങ്കിലും കെ.സി വേണുഗോപാല്‍ തന്നെ മുന്‍ തട്ടകത്തില്‍ അങ്കം കുറിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
അതേസമയം സിറ്റിങ് എം.പി രാഹുല്‍ ഗാന്ധി തന്റെ തട്ടകമായ വയനാട്ടില്‍ നിന്ന് തന്നെ ഇത്തവണ ജനവിധി തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും കണ്ണൂരില്‍ സി.പി.എം സ്ഥാനാര്‍ഥി എം.വി ജയരാജനെതിരെ സുധാകരന്‍ തന്നെ മത്സര രംഗത്തുണ്ടാകണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കേരളം, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."