കട്ടപ്പനയില്‍ മോഷണക്കേസ് പ്രതികള്‍ ഇരട്ടക്കൊല നടത്തിയെന്ന് സൂചന; കൊലപ്പെടുത്തിയത് നവജാതശിശുവിനെയും വ്യദ്ധനെയും
കട്ടപ്പന: വര്‍ക്കഷോപ്പില്‍ മോഷണത്തിന് എത്തിയപ്പോള്‍ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്യവെ കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്.കൊലപാതകവുമായി ബന്ധപ്പെട്ടു സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം ശക്തമാക്കി.കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), സഹായി പുത്തന്‍പുരയ്ക്കല്‍ രാജേഷ് (നിതീഷ്31) എന്നിവര്‍ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചതെന്നാണു വിവരം.
പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണു സൂചന. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണു സൂചന ലഭിച്ചത്. പൊലീസ് ഇക്കാര്യം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. പ്രതികളില്‍ ഒരാള്‍ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മോഷണക്കേസില്‍ പിടിയിലായ യുവാക്കളില്‍ പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലും മറ്റൊരാള്‍ റിമാന്‍ഡിലുമാണ്. വീടു പരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകള്‍ പൊലീസിനു ലഭിച്ചതായും വിവരമുണ്ട്. ഇതേത്തുടര്‍ന്ന് നരബലിയുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."