ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുന്ന വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഉണ്ടായേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന് ചര്‍ച്ച നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ കമ്മിഷന് നടത്തുന്ന സന്ദര്‍ശനം ഏകദേശം പൂര്‍ത്തിയായി. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ജമ്മുകശ്മിരില് സന്ദര്‍ശനം നടത്തും. ഇതിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മിര്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് കമ്മിഷന് പദ്ധതി.
ജമ്മുകശ്മിര്‍ തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്താന്‍ സുപ്രിംകോടതി ഉത്തരവുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനാല്‍ വരുംദിവസങ്ങളില്‍ വലിയ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും. പദ്ധതികളുടെ ഉദ്ഘാടനവും അതിവേഗത്തില്‍ നടത്തും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോര്‍ട്ട് ബുധനാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്കി. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം അവസാന മന്ത്രിസഭാ യോഗത്തിനുശേഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.
വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ രണ്ടാം വാരത്തോടെയുണ്ടാകാനാണ് സാധ്യത. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തിയേക്കും. നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും ഒരംഗവുമാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഉള്ളത്. മൂന്നാമത്തെ അംഗത്തിന്റെ ഒഴിവ് മാതൃകാ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പായി നികത്തും.
Lok Sabha Election Dates May Be Announced On Thursday or Friday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."