റേഷന്‍ വിതരണം അവതാളത്തിലാകും; വാതില്‍പ്പടി വിതരണം ആരംഭിച്ചില്ല
റേഷന്‍ വിതരണം അവതാളത്തിലാകും; വാതില്‍പ്പടി വിതരണം ആരംഭിച്ചില്ല
തിരൂര്‍ (മലപ്പുറം): സംസ്ഥാനത്തെ റേഷന്‍ കടകളിലേക്കു സാധനങ്ങള്‍ എത്തിക്കുന്ന വാതില്‍പ്പടി വിതരണക്കാര്‍ വിതരണം ഏറ്റെടുക്കാതായതോടെ ഈ മാസത്തെ റേഷന്‍ വിതരണം മുടങ്ങാന്‍ സാധ്യതയേറി. അഞ്ചു മുതലാണ് സാധനങ്ങള്‍ വിതരണം തുടങ്ങേണ്ടത്. എന്നാല്‍ പത്താം തീയതി ആയിട്ടും വിതരണം ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ മാസത്തെ സ്റ്റോക്കുള്ള സാധനങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പലയിടങ്ങളിലും സാധനങ്ങളുടെ ലഭ്യതക്കുറവ് റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വിതരണക്കാര്‍ക്ക് രണ്ടര മാസത്തെ കുടിശ്ശികയാണ് സപ്ലൈകോ നല്‍കാനുള്ളത്. ഡിസംബറിലെ പകുതിയും ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മുഴുവന്‍ തുകയുമാണുള്ളത്. ഡിസംബറിലെ പകുതി നല്‍കാമെന്ന് അധികൃതര്‍ പറയുമ്പോള്‍ മുഴുവന്‍ തുകയും നല്‍കണമെന്നാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. അതു നല്‍കാത്തതിനാലാണ് വിതരണക്കാര്‍ വിട്ടുനില്‍ക്കുന്നത്.
കുടിശ്ശിക വിതരണം ചെയ്യാതെ ആവഷ്‌കരിച്ച പുതിയ ടെന്‍ഡര്‍ നടപകളിലും വിതരണക്കാര്‍ക്ക് എതിര്‍പ്പുണ്ട്. പുതിയ ടെന്‍ഡറില്‍ പങ്കെടുക്കാനായി അടയ്‌ക്കേണ്ട സെക്യൂരിറ്റി തുകയും ബാങ്ക് ഗ്യാരന്റിയും ഇരട്ടിയായി വര്‍ധിപ്പിച്ചതിലും വ്യക്തികളെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഒഴിവാക്കി സ്ഥാപനങ്ങളെ മാത്രമാക്കിയതിലും വിതരണക്കാര്‍ക്ക് എതിര്‍പ്പുണ്ട്.
5 ലക്ഷം രൂപ വീതമുണ്ടായിരുന്ന സെക്യൂരിറ്റി തുകയും ബാങ്ക് ഗ്യാരന്റിയും പത്ത് ലക്ഷം രൂപ വീതമാക്കി. അതിനാല്‍ പുതിയ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയില്ലന്നൊണ് വിതരക്കാര്‍ പറയുന്നത്. കുടിശ്ശിക മുഴുവന്‍ വിതരണം ചെയ്യാതെ പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനുള്ള സപ്ലൈകോയുടെ ശ്രമത്തിനെതിരേ വിതരണക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയാകും ടെന്‍ഡര്‍ ഉണ്ടാകുക എന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമുണ്ട്.
കമ്മിഷന്‍ കുടിശ്ശിക നല്‍കാത്തതിനാല്‍ റേഷന്‍ വ്യാപാരികളും പ്രതിഷേധത്തിലാണ്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കമ്മിഷനാണ് കുടിശ്ശികയുള്ളത്. കുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തിയിരുന്നു. കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ അതിശ്ചിതകാലത്തേക്ക് കടകളടച്ച് സമരം ചെയ്യുമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."