ബി.ജെ.പി പിന്തുണയില്‍ കേന്ദ്രത്തിനെതിരേ നിയമസഭാ പ്രമേയം
കര്‍ഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ചര്‍ച്ച ആറാം തവണയും തീരുമാനമാകാതെ പിരിഞ്ഞതോടെ കര്‍ഷക സമരം അതിതീവ്രരൂപത്തിലാണ്. ഇതിനിടെ കര്‍ഷകര്‍ക്ക് അനുകൂലമായി സംസ്ഥാന നിയമസഭ ഇന്നലെ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയം ഈ ഘട്ടത്തില്‍ അതീവ നിര്‍ണായകമാണ്. കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ പ്രമേയം പാസാക്കിയതില്‍ കര്‍ഷക സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.
മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരേയും സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഇത്തവണത്തേതുപോലെ അന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രമേയത്തിനെതിരേ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ച ചേരേണ്ടിയിരുന്ന നിയമസഭയുടെ ഇന്നലത്തെ പ്രത്യേക സമ്മേളനവും ഗവര്‍ണറുടെ അനൗചിത്യപരമായ ഇടപെടല്‍ കാരണം നടന്നില്ല.
വളരെ നേരത്തെ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഇപ്പോള്‍ യോഗം ചേരേണ്ട എന്ത് അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞായിരുന്നു സഭ ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചത്. എന്നാല്‍ എല്ലാ വിഷയങ്ങളിലും ഇടപെടാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കില്ലാത്തതിനാലും നിയമസഭ പാസാക്കുന്ന ബില്ലുകളിലും പ്രമേയങ്ങളിലും ഒപ്പ് ചാര്‍ത്തുക മാത്രമാണ് ഗവര്‍ണറുടെ കടമ എന്നതിനാലും രണ്ടാം തവണ യോഗം ചേരാനുള്ള മന്ത്രിസഭാ നിര്‍ദേശത്തിന് ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ ചേര്‍ന്ന സഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുകയും ചെയ്തു.
എന്നാല്‍ സമ്മേളനം ചേരുന്നതിന് മുന്‍പായി മന്ത്രിമാരുടെ ഒരുസംഘം സഭ ചേരാനുള്ള അനുമതിക്കായി ഗവര്‍ണറെ സമീപിച്ചത് പ്രമേയ ചര്‍ച്ചയില്‍ വിമര്‍ശന വിധേയമായി. പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് അംഗം കെ.സി ജോസഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചത് പ്രതിപക്ഷത്തിന് നേട്ടമാവുകയും ചെയ്തു. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണറുടെ ദയക്കായി മന്ത്രിമാര്‍ യാചിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട, ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരേ എതിരുനില്‍ക്കാന്‍ ഭരണഘടനാപരമായി ഒരു ഗവര്‍ണര്‍ക്കും അധികാരമില്ലെന്നുമുള്ള ജോസഫിന്റെ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പക്കല്‍ ശരിയായ മറുപടി ഉണ്ടായിരുന്നില്ല.
സഭ ചേരാനുള്ള അനുമതിക്കായി മന്ത്രിമാരുടെ രാജ്ഭവന്‍ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു എന്ന കാര്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാനമന്ത്രിയോടും ഗവര്‍ണറോടുമുള്ള മൃദുസമീപനം ജോസഫ് ഉയര്‍ത്തിക്കാട്ടിയത്. പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ സഭ പ്രമേയം പാസാക്കണമെന്ന കെ.സി ജോസഫിന്റെ ഭേദഗതി മുഖ്യമന്ത്രി തള്ളിയതോടെ അദ്ദേഹം ഉന്നയിച്ച മൃദുസമീപനം മുഖ്യമന്ത്രി പരോക്ഷമായി അംഗീകരിക്കുന്നത് പോലെയായി. പ്രധാനമന്ത്രിയുടെ പേര് എടുത്തുപറയേണ്ട ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്നുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജോസഫ് ഉന്നയിച്ച ആരോപണത്തിനുള്ള ശരിയായ മറുപടിയായതുമില്ല.
എന്നാല്‍ ബി.ജെ.പിയുടെ ഏക അംഗമായ ഒ. രാജഗോപാല്‍ പ്രമേയത്തിന്മേല്‍ സ്വീകരിച്ച വിചിത്ര നിലപാട് സര്‍ക്കാരിന് അനുകൂലമായിത്തീരുകയും ചെയ്തു. ബി.ജെ.പി അംഗം ഒ. രാജഗോപാലന്റെ പിന്തുണയോടെ പ്രമേയം ഐകകണ്‌ഠ്യേന പാസാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന് വലിയ ഗുണമാണ് ചെയ്തത്. മുന്‍പ് സഭ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രമേയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടായിരുന്നു ഒ. രാജഗോപാല്‍ സ്വീകരിച്ചിരുന്നത്. നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച പി. രാമകൃഷ്ണനായിരുന്നു ഒ. രാജഗോപാല്‍ വോട്ട് ചെയ്തിരുന്നത്. അന്നും തന്റെ നിലപാടിന് സാധൂകരണം നല്‍കാന്‍ വിചിത്രമായ നിലപാട് അദ്ദേഹം സ്വീകരിക്കുകയുണ്ടായി.രാമനും കൃഷ്ണനും ഒരേ സമയം പി. രാമകൃഷ്ണന്റെ പേരില്‍ സമ്മേളിക്കുന്നതിനാലാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ താന്‍ അദ്ദേഹത്തിന് വോട്ട് നല്‍കിയതെന്നായിരുന്നു ഒ. രാജഗോപാലിന്റെ വിശദീകരണം. ഇപ്പോഴത്തെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരേയുള്ള പ്രമേയത്തിലും അദ്ദേഹം സ്വീകരിച്ച നിലപാട് പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമ പാസാക്കിയ പ്രമേയത്തിന്മേല്‍ സ്വീകരിച്ച നിലപാടിനോട് സാമ്യം പുലര്‍ത്തുന്നതാണ്. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച രാജഗോപാല്‍ വോട്ടെടുപ്പ് സമയം വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയത്തിന് അനുകൂലമായി വോട്ട് നല്‍കുകയും ചെയ്തു. ഇതിന് അദ്ദേഹം ന്യായീകരണം കണ്ടെത്തിയത്, സഭയുടെ പൊതുവികാരത്തിന് അനുകൂലമായി നിന്നുവെന്നായിരുന്നു.
ബി.ജെ.പി കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനു അനുകൂലമായി കേരള നിയമസഭയില്‍ പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാല്‍ സ്വീകരിച്ച നടപടി ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. കര്‍ഷക വിരുദ്ധ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിമര്‍ശനാത്മകമായ നിലപാടിനെതിരേ സംസ്ഥാന ബി.ജെ.പി നേതൃത്വം രൂക്ഷമായ നിലയില്‍ പ്രതികരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തെയും ഒ. രാജഗോപാല്‍ വെട്ടിലാക്കിയിരിക്കുന്നത്.
നേരത്തെ അദ്ദേഹം സ്വീകരിച്ച നിലപാടുകളെല്ലാം സംസ്ഥാന സര്‍ക്കാരിന് അനുകൂലമായിരുന്നുവെങ്കിലും ബി.ജെ.പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും മുതിര്‍ന്ന ബി.ജെ.പി നേതാവ് എന്ന പരിഗണനയില്‍ അദ്ദേഹം സ്വീകരിച്ച പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ക്കൊക്കെയും നേരെ കണ്ണടയ്ക്കുകയായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നേരിടാത്ത കടുത്ത വെല്ലുവിളിയാണ് കര്‍ഷകസമരത്തിലൂടെ നേരിട്ടുകൊണ്ടിരിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ ഒ. രാജഗോപാലിനോട് സ്വീകരിച്ചുപോന്ന സൗമ്യനിലപാട് ബി.ജെ.പി ഇനിയും സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
പ്രമേയം കേന്ദ്ര സര്‍ക്കാരിനെതിരേയാണെങ്കിലും മുതിര്‍ന്ന ബി.ജെ.പി അംഗത്തെ കേന്ദ്ര സര്‍ക്കാരിനെതിരേ നിര്‍ത്താന്‍ സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞുവെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നേട്ടമാണ്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ, പ്രധാനമന്ത്രിയോടുള്ള സമീപനം മൃദുത്വമാര്‍ന്നതാണെന്നും ഇതുവരെ പ്രധാനമന്ത്രിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നുമുള്ള കെ.സി ജോസഫിന്റെ ആക്ഷേപത്തിനെതിരേ മുഖ്യമന്ത്രിക്ക് ശരിയായ മറുപടി നല്‍കാന്‍ കഴിയാതിരുന്നത്, ഐകകണ്‌ഠ്യേന സഭ പാസാക്കിയ പ്രമേയത്തിലെ അക്ഷരത്തെറ്റുകള്‍ പോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."