ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കേരളം ഒറ്റക്കെട്ട്. ഇന്നലെ നിയമസഭ ഐകകണ്‌ഠ്യേന ശബ്ദവോട്ടൊടെ പ്രമേയം പാസാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്നത് അടക്കമുള്ള പ്രതിപക്ഷ ഭേദഗതികള്‍ തള്ളിയാണ് പ്രമേയം പാസാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സഭ പ്രമേയം പാസാക്കുന്നതിനെ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ എതിര്‍ത്ത് സംസാരിച്ചുവെങ്കിലും പ്രമേയം പാസാക്കുന്ന ഘട്ടത്തില്‍ അദ്ദേഹം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
പ്രമേയത്തെ അനുകൂലിക്കുന്നവര്‍ കൈപൊക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജഗോപാലും കൈ പൊക്കി. ഇതേ തുടര്‍ന്നാണ് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയത്.
ഇന്നലെ രാവിലെ ഒന്‍പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനമാണുള്ളത്. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്നു പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണമെന്നു പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്കു ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത്.
നിയമ ഭേദഗതി കോര്‍പറേറ്റ് അനുകൂലവും കര്‍ഷക വിരുദ്ധവുമാണ്. സംഭരണത്തില്‍നിന്നും വിതരണത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറിയാല്‍ വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍നിന്നു ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ളവയെ ഒഴിവാക്കിയതു സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍ഷിക രംഗത്ത് വന്‍ പ്രത്യാഘാതമുണ്ടാകുന്നതാണ് നിയമ ഭേദഗതി. കര്‍ഷകര്‍ക്കു ന്യായവില ഉറപ്പാക്കുന്നതില്‍നിന്നു കേന്ദ്രം പിന്‍വാങ്ങുന്നതു ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേയത്തിന്റെ അടിസ്ഥാന ആശയത്തെ പിന്തുണയ്ക്കുന്നതായും എന്നാല്‍ ഇതില്‍ ഭേദഗതി വേണമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു സംസാരിച്ച കെ.സി ജോസഫ് ആവശ്യപ്പെട്ടു.
സാധാരണ കൃഷിക്കാരുടെ ആശ്രയമായ മണ്ടി സംവിധാനത്തെ പുതിയ നിയമം തകര്‍ക്കുമെന്നുകൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണം. പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു പോലും തയാറാകാത്തതില്‍ പ്രതിഷേധം അറിയിക്കണമെന്നും പ്രമേയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ക്കെതിരേയും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തിയത്. ഡിസംബര്‍ 23നു ചേരേണ്ട സഭാ സമ്മേളനത്തിനു ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് ശരിയായില്ല.
ഗവര്‍ണറോട് മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാരില്‍നിന്നു തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ക്രിസ്മസ് കേക്കുമായി മന്ത്രിമാര്‍ ഗവര്‍ണറുടെ കാലുപിടിക്കാന്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. വെറുതെ പ്രമേയം പാസാക്കി പിരിയേണ്ട വിഷയമല്ല ഇത്. ഈ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ നിയമനിര്‍മാണം നടത്തുകയാണ് കേരളം ചെയ്യേണ്ടതെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.
കൊവിഡ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുത്തില്ല. വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എന്നിവരും സമ്മേളനത്തില്‍നിന്നു വിട്ടുനിന്നു. വിവിധ കക്ഷി നേതാക്കളായ ഇ. ചന്ദ്രശേഖരന്‍, അഹമ്മദ് കബീര്‍, മാത്യു ടി. തോമസ്, പി.ജെ ജോസഫ്, ഒ. രാജഗോപാല്‍, മാണി സി. കാപ്പന്‍, അനൂപ് ജേക്കബ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞു മോന്‍, പി.സി ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."