HOME
DETAILS
MAL
തിരിച്ചുവരവിനൊരുങ്ങി മത്തി; പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് സി.എം.എഫ്.ആര്.ഐ
backup
January 01 2021 | 20:01 PM
കൊച്ചി: ഏറെക്കാലമായി കേരളതീരങ്ങളില്‍ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) മുന്നറിയിപ്പു നല്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെട്ട മത്തിയുടെ വളര്‍ച്ചാപരിശോധന നടത്തിയപ്പോള്‍ ഇവ പ്രത്യുല്പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സി.എം.എഫ്.ആര്.ഐ ഗവേഷകര്‍ കണ്ടെത്തി. 14- 16 സെന്റിമീറ്റര്‍ വലിപ്പമുള്ള ഇവ പൂര്‍ണ പ്രത്യുല്പാദനത്തിനു സജ്ജമാകാന്‍ ഇനിയും മൂന്നു മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ നിലവില്‍ കേരളതീരങ്ങളില്‍ തീരെ കുറവാണെന്നും സി.എം.എഫ്.ആര്.ഐയുടെ പഠനം വ്യക്തമാക്കുന്നു.
നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എം.എല്‍.എസ്) 10 സെന്റിമീറ്ററാണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച് ഇപ്പോള്‍ ലഭ്യമായ മത്തി പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന സി.എം.എഫ്.ആര്.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം അബ്ദുസമദ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളതീരങ്ങളില്‍ മത്തിയുടെ ക്ഷാമമുണ്ട്. 2017ല്‍ ലഭ്യത ചെറിയ തോതില്‍ ഉയര്‍ന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഗണ്യമായി കുറയുകയാണുണ്ടായത്. 2019ല്‍ മത്തിയുടെ ലഭ്യത കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്ന് സി.എം.എഫ്.ആര്.ഐ നേരത്തെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."