HOME
DETAILS
MAL
പുതുവത്സരാഘോഷത്തിനിടെ പൊലിസിനു നേരെ എസ്.എഫ്.ഐ നേതാവിന്റെ കൈയേറ്റം
backup
January 01 2021 | 20:01 PM
കൊട്ടാരക്കര (കൊല്ലം): പുതുവത്സരാഘോഷത്തിനിടെ പൊലിസിനു നേരേ എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുണ്ടായ കൈയേറ്റത്തില്‍ വനിതാ എസ്.ഐക്ക് പരുക്കേറ്റു. പിടിയിലായ പ്രതിയെ വിട്ടുകിട്ടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടയുകയും പൊലിസ് സ്റ്റേഷന് ഉപരോധിക്കുകയും ചെയ്തു.
കൈക്കു പരുക്കേറ്റ വനിതാ എസ്.ഐ ആശാ ചന്ദ്രന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. എസ്.എഫ്.ഐ നേതാവ് ലുക്മാനെ കസ്റ്റഡിയിലെടുത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവങ്ങള്‍ക്കു തുടക്കം. പള്ളിക്കലിലെ മരണവീട്ടില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാലുപേര്‍ക്ക് രാത്രിയില്‍ വെട്ടേറ്റിരുന്നു. തുടര്‍ന്നു പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വനിതാ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്ലാമൂട്ടില്‍ നില്‍ക്കുകയായിരുന്ന ലുക്മാനോടും ഒപ്പമുണ്ടായിരുന്നവരോടും സ്ഥലത്തുനിന്ന് പോകാനാവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വിസമ്മതിച്ച ലുക്മാനും സംഘവും പൊലിസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പൊലിസുകാരെ കൈയേറ്റം ചെയ്യുകയുമായിരുന്നു.
ഇതിനിടെ വനിതാ എസ്.ഐ.യുടെ നേതൃത്വത്തില്‍ പൊലിസ് ലുക്മാനെ കീഴ്പ്പെടുത്തി വാഹനത്തില്‍ കയറ്റിയതോടെ ലുക്മാനെ കൊണ്ടു പോകുന്നതു തടയാന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി. പൊലിസ് വാഹനത്തെ പിന്തുടര്ന്നു ബൈക്കിലും ഓട്ടോറിക്ഷയിലുമെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുസ്ലിം സ്ട്രീറ്റ് ഭാഗത്തെത്തിയപ്പോള്‍ വാഹനം തടഞ്ഞു. ലുക്മാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരും പൊലിസുമായി തര്‍ക്കവും ഉന്തുംതള്ളുമുണ്ടായി. കൂടുതല്‍ പൊലിസെത്തിയാണ് വാഹനം മോചിപ്പിച്ചത്. തുടര്‍ന്നു സംഘടിച്ചെത്തിയ സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലിസുമായി പൊലിസ് സ്റ്റേഷനു മുന്നിലും സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
ലുക്മാനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്. ലുക്മാനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലുക്മാനെ പൊലിസ് കഠിനമായി മര്‍ദിച്ചെന്നാരോപിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്കു പരാതി നല്കി. തുടര്‍ന്ന് ഇന്നലെ പകല്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."