ഉച്ചയുറക്കത്തില്‍ കണ്ട പകല്‍ കിനാവല്ല കെ.റെയില്‍ പദ്ധതി; എതിര്‍ക്കുന്നവര്‍ക്ക് ബഹുജനാടിത്തറയില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയെന്ന് കോടിയേരി
കോഴിക്കോട്: കെ.റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അത് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെങ്കിലും ഉച്ചയുറക്കത്തില്‍ പകല്‍ക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന ഒരു വികസനപദ്ധതിയല്ല ഇത്. ക്ഷേമകാര്യങ്ങള്‍ക്കൊപ്പം വികസനകാര്യങ്ങളിലും സംസ്ഥാനം മുന്നോട്ട് കുതിക്കണം. അതിനുവേണ്ടിയാണ് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്നും അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍വച്ച് അംഗീകാരം നേടിയ വികസനപദ്ധതിയാണിത്. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യക്കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി െൈകപ്പാള്ളിയ പ്രതിപക്ഷം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വന്‍ ഗൂഢപ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയണെന്നും അദ്ദേഹം ആരോപിച്ചു.
ഇം എം എസ് സര്‍ക്കാരിനെ വീഴ്ത്താന്‍ വിമോചനസമരം നടത്തിയ മാതൃകയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമോചനസമരം നടത്താന്‍ കോണ്‍ഗ്രസ് മുതല്‍ ബിജെപിവരെയും ആര്‍എസ്എസ് മുതല്‍ ജമാഅത്തെ ഇസ്ലാമിവരെയും കൈകോര്‍ക്കുകയാണ്. ഈ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ കേരള ജനതയെ പ്രബുദ്ധരാക്കി രംഗത്തിറക്കണം. ഇക്കാര്യത്തില്‍ പ്രത്യേക ക്യാമ്പയിന്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം സിപിഐ എമ്മും നടത്തുമെന്നും ലേഖനത്തില്‍ വ്യക്തമാക്കി.
വിശദ പദ്ധതിരേഖ (ഡിപിആര്‍) പുറത്തുവിടണമെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നും താന്‍ ഉന്നയിച്ച ആറ് ചോദ്യത്തിന് ഉത്തരം നല്‍കണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്. പദ്ധതിയുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഹൈ സ്പീഡ് റെയില്‍ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫാണ് സെമി ഹൈസ്പീഡ് പാതയായ സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കില്‍ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്.
അര്‍ധ അതിവേഗപാത വന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ജനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താന്‍ സാധിക്കും. അത് ഭാവിയില്‍ യുഡിഎഫ്-ബിജെപി ബഹുജനാടിത്തറയില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍വിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്.
കേന്ദ്രം യുപിയില്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന അതിവേഗ റെയില്‍ പദ്ധതികള്‍ക്കെതിരെ രാഹുലോ പ്രിയങ്കയോ കോണ്‍ഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്.
കേരള വികസനത്തിന് അനുയോജ്യമായ സില്‍വര്‍ലൈന്‍ പദ്ധതി കഴിയുന്നത്ര വേഗം നടപ്പാക്കുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ലേഖനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."