ബര്‍തോമുവാണ് തന്നെ ക്ഷണിച്ചിരുന്നതെങ്കില്‍ തിരിച്ച് വരില്ലായിരുന്നു: ആല്‍വേസ്
ബാഴ്‌സലോണ; മുന്‍ ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് ബര്‍ത്തോമു ആയിരുന്നു തന്നെ കാറ്റാലന്‍ ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ താന്‍ ഒരിക്കലും തിരിച്ചുവരുമായിരുന്നില്ലെന്ന് ബ്രസീലിയന്‍ താരം ഡാനി ആല്‍വേസ്. അല്‍കാസ് സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആല്‍വേസ് ഇക്കാര്യം പറഞ്ഞത്.
''ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒരു ഓഫര്‍ സ്വീകരിക്കുമായിരുന്നില്ല. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു ഞാന്‍ ടീം വിട്ടത്. വീണ്ടും അദ്ദേഹത്തോടെപ്പാം ജോലി ചെയ്യുന്നതില്‍ അര്‍ഥമില്ല,'' ആല്‍വേസ് വ്യക്തമാക്കി.2021 നവംബറില്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയ ആല്‍വേസ്, കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്ലബ് വിട്ട ലയണല്‍ മെസ്സിക്കൊപ്പം വീണ്ടും കളിക്കാനുള്ള ആഗ്രഹവും സംസാരത്തിനിടെ പ്രകടിപ്പിച്ചു. ''മെസ്സിയെ നിലനിര്‍ത്തുന്നതിന് ക്ലബിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു, അദ്ദേഹം ക്ലബ് വിട്ടത് വേദനയുണ്ടാക്കി.
അവന്‍ ബാഴ്‌സലോണയുടെ ജീവിക്കുന്ന ഇതിഹാസമായിരുന്നതിനാല്‍ താരം ക്ലബ് വിട്ടതിനോട് ഞാന്‍ എതിരായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ആഗ്രഹിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല.
പക്ഷെ അവന്‍ ഒരിക്കല്‍ തിരിച്ചെത്തുമെന്നും ഒരുമിച്ച് കളിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു'''' ആല്‍വേസ് കൂട്ടിച്ചേര്‍ത്തു.ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്‌ജൊവാന്‍ ലപോര്‍ട്ട തിരിച്ചെത്തിയത് ക്ലബിന് ഗുണം ചെയ്യുമെന്നും ആല്‍വേസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."