അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യക്ക് കിരീടം
ദുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ജൂനിയര്‍ ടീമിന്റെ പുതുവല്‍സര സമ്മാനം. അണ്ടര്‍ 19 ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഹാട്രിക്ക് കിരീടം സ്വന്തമാക്കി. മഴ രസംകൊല്ലിയായ മല്‍സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഒമ്പതു വിക്കറ്റനാണ് യഷ് ധൂല്‍ നയിച്ച ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ടോസ് ലഭിച്ച ശ്രീലങ്ക ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ തകര്‍ന്നു. ഇതിനിടെ മഴ വില്ലനായി മാറിയതോടെ ഏറെ സമയം കളി തടസ്സപ്പെടുകയും ചെയ്തു. തുടര്‍ന്ന് മല്‍സരം 38 ഓവര്‍ വീതമായി വെട്ടിച്ചുരുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് ലങ്കയ്ക്കു നിശ്ചിത 38 ഓവറില്‍ നേടാനായത്. ലങ്കന്‍ ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായി മാറി. ആര്‍ക്കും തന്നെ 20 റണ്‍സ് പോലും തികയ്ക്കാനായില്ല. ആദ്യത്തെ ഏഴു പേരില്‍ രണ്ടക്കം കടന്നത് ഒരാള്‍ മാത്രമായിരുന്നു. 14 റണ്‍സെടുത്ത സതീഷ രാജപക്ഷയായിരുന്നു ഇത്. വാലറ്റക്കാരുടെ പോരാട്ടവീര്യമാണ് ലങ്കയെ 100 റണ്‍സ് തികയ്ക്കാന്‍ സഹായിച്ചത്. വാലറ്റത്ത് യസിരു റോഡ്രിഗോ (19*), രവീന്‍ ഡിസില്‍വ (15), മതീഷ പതിരന (14) എന്നിവര്‍ ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചു. ബൗളര്‍മാര്‍ മിന്നിച്ചു ഇന്ത്യക്കു വേണ്ടി മൂന്നു ബൗളര്‍മാരായിരുന്നു മല്‍സരത്തില്‍ പന്തെറിഞ്ഞത്. എല്ലാവവരും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. വിക്കി ഓസ്ത്വാലും കൗശല്‍ താബെയുമായിരുന്നു ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ഇരുവരും ചേര്‍ന്ന് അഞ്ചു വിക്കറ്റുകള്‍ പങ്കിട്ടു. മൂന്നു വിക്കറ്റുകളെടുത്ത ഓസ്ത്വാലായിരുന്നു ഒരുപടി മുന്നില്‍ നിന്നത്. അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
താംബെയ്ക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു. എട്ടോവറില്‍ മൂന്നു മെയ്ഡനുകളടക്കം വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഓസ്ത്വാല്‍ മൂന്നു പേരെ പുറത്താക്കിയത്. താംബെയാവട്ടെ ആറോവറില്‍ 23 റണ്‍സിനാണ് രണ്ടു വിക്കറ്റുകളെടുത്തത്. രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബവ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യയുടെ വിജയലക്ഷ്യം 38 ഓവറില്‍ 102 റണ്‍സയി പുനര്‍നിശ്ചയിച്ചിരുന്നു. 21.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഓപ്പണര്‍ ആംക്രിഷ് രഘുവംശിയുടെ (56*) ഫിഫ്റ്റിയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. 67 ബോളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സെമി ഫൈനലിലെ ഹീറോയായിരുന്ന ഷെയ്ഖ് റഷീദ് പുറത്താവാതെ 31 റണ്‍സും നേടി.
റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ഹര്‍നൂര്‍ സിങിനെ (8) സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. എന്നാല്‍ അപരാജിതമായ രണ്ടാം വിക്കറ്റില്‍ രഘുവംശി റഷീദ് ജോടി 96 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ എട്ടാമത് ഏഷ്യാ കപ്പ് കിരീടവിജയം കൂടിയാണിത്. ഇതുവരെ നടന്ന ഒമ്പത് ടൂര്‍ണമെന്റുകളില്‍ ഒരു തവണയൊഴിച്ച് മറ്റെല്ലാത്തിലും ഇന്ത്യയാണ് വെന്നിക്കൊടി പാറിച്ചത്. 2017ല്‍ അഫ്ഗാനിസ്താനായിരുന്നു ചാംപ്യന്മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."