രാജ്യത്ത് കൊവിഡ് രോഗികള്‍ കാല്‍ ലക്ഷം കടന്നു; 1525 ഒമിക്രോണ്‍ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ അതിവേഗ വര്‍ധന. പ്രതിദിന രോഗികള്‍ കാല്‍ ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് കേസുകളിലുണ്ടായത്. പുതുതായി 27,553 കൊവിഡ് കേസുകളാണുള്ളത്. ഇതുവരെ 1525 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പുതുതായി 284 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ മഹാരാഷ്ട്രയില്‍ (460) ആണ്. ഡല്‍ഹിയില്‍ 351 ഉം ഗുജറാത്തില്‍ 136 ഉം ഒമിക്രോണ്‍ കേസുകളുണ്ട്. ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്തോടെ രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷിക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഹ്രസ്വകാലം നീണ്ടു നില്‍ക്കുന്ന കൊവിഡ് തരംഗം ഇന്ത്യയില്‍ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന കേംബ്രിജ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കര്‍ പ്രവചിച്ചിരുന്നു.
മെയ് മാസത്തില്‍ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും ഈ ട്രാക്കര്‍ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ സ്‌ഫോടനാത്മക വളര്‍ച്ചയുണ്ടാകുമെന്നും എന്നാല്‍ അതിതീവ്ര വളര്‍ച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂള്‍ പ്രഫസര്‍ പോള്‍ കട്ടുമാന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനം ഒമിക്രോണില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെട്ട് നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും പ്രഫ. പോള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പതിനൊന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അണുബാധ നിരക്ക് കുത്തനെ ഉയര്‍ന്നതായി സര്‍വകലാശാലയുടെ കൊറോണ വൈറസ് ട്രാക്കര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കേസുകളുടെ പ്രതിദിന വളര്‍ച്ച നിരക്ക് ഡിസംബര്‍ 25ന് നെഗറ്റീവായിരുന്നത് ഡിസംബര്‍ 26ന് 0.6 ശതമാനവും ഡിസംബര്‍ 27ന് 2.4 ശതമാനവും ഡിസംബര്‍ 29ന് 5 ശതമാനവുമായി വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."