യു.എസില്‍ മീന്‍ മഴ
ടെക്സാസ്: മഴയെക്കുറിച്ച് കേട്ടിട്ടുണ്ടാകും, എന്നാല്‍ മീന്‍ മഴയെക്കുറിച്ചോ. യു.എസ് ടെക്സസിലെ ടെക്സാര്‍ക്കാന നഗരം ബുധനാഴ്ച സാക്ഷ്യം വഹിച്ചത് മീന്‍ മഴക്കായിരുന്നു. മീന്‍ മഴയുടെ ചിത്രങ്ങള്‍ പ്രദേശവാസികള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ചുഴലിക്കാറ്റ് കടലില്‍ രൂപം കൊള്ളുമ്പോള്‍ വെള്ളത്തിലുണ്ടായിരുന്ന വസ്തുക്കളും ജീവികളുമെല്ലാം കാററിനൊപ്പം മുകളിലേക്ക് പൊങ്ങും. ഏറെ ദൂരം ചെല്ലുമ്പോള്‍ അവിടത്തെ താപവ്യത്യാസം മൂലം ചുഴലിക്കാറ്റിന് വ്യതിയാനം സംഭവിക്കുന്നു. ഇതോടെ മുകളിലേക്ക് പൊങ്ങിപോയവയെല്ലാം തിരിച്ച് ഭൂമിലേക്ക് തന്നെ പതിക്കും. മീനുകളെ ഇത്തരത്തില്‍ മുകളിലേക്ക് കൊണ്ടുപോകുകയാണെങ്കില്‍ മീന്‍ മഴയായി മറ്റൊരിടത്ത് പതിക്കും.
തവള, ഞണ്ട്, ചെറുമീനുകള്‍ തുടങ്ങിയവ ഈ പ്രതിഭാസത്തില്‍ ഭൂമിയില്‍ പതിക്കാറുണ്ടെന്നും ടെക്സാര്‍ക്കാന സിറ്റിയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
'എല്ലാ അടവുകളും പുറത്തെടുത്താണ് 2021ന്റെ മടങ്ങിപോക്ക്. ടെക്സാര്ക്കാനയില് ഇന്ന് മീന്‍ മഴ പോലും പെയ്തു. ഇത് തമാശയല്ല' മീനിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചു.
ഇതാദ്യമായല്ല ഇവിടെ മീന്‍മഴ പെയ്യുന്നത്. 2017ല്‍ കാലിഫോര്‍ണിയയിലെ ഒറോവില്ലെ സ്കൂളിലും ഈ അതിശയം സംഭവിച്ചു. അന്ന് സ്കൂളിന്റെ മേല്‍ക്കൂരയിലും ഗ്രൗണ്ടിലുമായ 100ലേറെ മത്സ്യങ്ങള്‍ വീണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."