HOME
DETAILS
MAL
പാലായില്‍ വീണ്ടും ഇടഞ്ഞ് മാണി സി. കാപ്പന്‍
backup
January 03 2021 | 03:01 AM
സ്വന്തം ലേഖകന്‍
കോട്ടയം: പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ കലഹം മുറുകുന്നു. പാലാ, കാത്തിരപ്പള്ളി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന് എന്ന് എല്‍.ഡി.എഫ് ഉറപ്പിച്ചതോടെയാണ് മാണി സി. കാപ്പന്‍ ഇടഞ്ഞത്. ജോസ് പക്ഷത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മാണി സി. കാപ്പന്‍ രംഗത്തെത്തി.
വഴിയേ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കാന്‍ എന്തവകാശമെന്നാണ് മാണി സി. കാപ്പന്റെ ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു നില്‍ക്കുന്ന ജോസ് കെ. മാണിക്ക് പാലാ ചോദിക്കാന്‍ അവകാശമില്ലെന്നും മാണി സി. കാപ്പന്‍ തുറന്നടിച്ചു. എന്‍.സി.പി ഇടതു മുന്നണിയിലെ ഘടകകക്ഷി തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കം വേണ്ടെന്നു വ്യക്തമാക്കിയ മാണി സി കാപ്പന്‍ മുന്നണി മാറ്റത്തെകുറിച്ച് ആലോചിച്ചിട്ടില്ലെന്നും പറഞ്ഞു. പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച മാണി സി. കാപ്പന്‍ എന്‍.സി.പി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും വ്യക്തമാക്കി. യു.ഡി.എഫിന് എന്‍.സി.പിയെ സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആ അവകാശം നിഷേധിക്കാനാകില്ലന്നും അദ്ദേഹം വ്യക്തമാക്കി.
പാലായില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാടിനെയും കാപ്പന്‍ തള്ളി. പല തവണ മത്സരിച്ച സ്വന്തം സീറ്റ് ശശീന്ദ്രന്‍ വിട്ടുകൊടുക്കുകയാണ് ഉചിതമെന്നു മാണി സി. കാപ്പന്‍ തിരിച്ചടിച്ചു. പാലാ സീറ്റ് സംബന്ധിച്ചു ചര്‍ച്ചകളൊന്നും മുന്നണിയില്‍ നടന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ സീറ്റു സംബന്ധിച്ചു വാര്‍ത്തകള്‍ക്കു പ്രസക്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും മാണി സി. കാപ്പന്‍ വ്യക്തമാക്കി.
എന്‍.സി.പിയുടെ മുന്നണി മാറ്റം സംബസിച്ച് ഉമ്മന്‍ ചാണ്ടിയും മാണി സി. കാപ്പനും കോട്ടയത്ത് ചര്‍ച്ച നടത്തിയിരുന്നു. എന്‍.സി.പിയുടെ മുന്നണി മാറ്റം ചര്‍ച്ചയാകുന്നതിനിടെയാണ് പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് പക്ഷത്തിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ ധാരണയായത്. കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന് നല്‍കുമ്പോള്‍ പകരം പൂഞ്ഞാര്‍ എന്നതാണ് സി.പി.ഐ നിലപാട്. ജോസ് പക്ഷത്തിന് സീറ്റ് നല്‍കുന്നതിന്റെ പേരില്‍ തങ്ങളുടേതില്‍ കുറവ് വരരുതെന്ന് മാത്രമാണ് സി.പി.ഐ മുന്നോട്ടുവയ്ക്കുന്നത്.
പാലാ ഉള്‍പ്പെടെ നാല് സീറ്റ് എന്‍.സി.പിക്ക് നല്‍കാമെന്നാണ് യു.ഡി.എഫ് വാഗ്ദാനം. മുന്നണി മാറ്റത്തിന് ശരത് പവാറിന്റെ പിന്തുണയും മാണി സി. കാപ്പനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."