ഗുജറാത്ത് വംശഹത്യയിൽ മോദി മാപ്പുപറയുമോ?
രാമചന്ദ്ര ഗുഹ
സമയമെടുത്താണെങ്കിലും സിഖ് വിരുദ്ധ കലാപത്തിൽ മൻമോഹൻ സിങ് പരസ്യമായി മാപ്പുപറഞ്ഞു. കാരണം സിഖുകാർ രാജ്യത്തോട് എന്നോ പൊരുത്തപ്പെട്ടുകഴിഞ്ഞു. 2005 ഏപ്രിലിൽ തന്റെ സ്‌കൂൾ സഹപാഠികളായ പഞ്ചാബി സുഹൃത്തുക്കളെ സന്ദർശിച്ച് കുറെനേരം അവരോട് സംസാരിച്ചിരുന്നു. ഞാൻ അവരോട് പറഞ്ഞു; 'മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ആർമിയുടെ സേനാധിപനായിരുന്നത് ജെ.ജെ സിങ്ങാണ് (പദവിയിലെത്തുന്ന ആദ്യ സിഖുകാരൻ). പ്ലാനിങ് കമ്മിഷന്റെ ഡെപ്യൂട്ടി ചെയർമാനായിരുന്നത് മോൺടെക് സിങ് ആലുവാലിയയായിരുന്നു. ഒടുവിൽ സിഖുകാരെയൊക്കെ രാജ്യത്തെ തുല്യപൗരൻമാരായി കണക്കാക്കാൻ തുടങ്ങിയിരുന്നു'. ഈയൊരു അടുപ്പം കോൺഗ്രസിന്റെ അജൻഡയിലുണ്ടായിരുന്നില്ലെങ്കിലും പിന്നീട് സംഭവിച്ചത് പ്രധാന്യമർഹിക്കുന്നൊരു ദൃഷ്ടാന്തമായിരുന്നു. കാരണം രാജ്യത്തിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം, പ്രത്യേകിച്ചും രാഷ്ട്രീയത്തിലും സേനയിലും സമ്പദ്‌വ്യവസ്ഥയിലും മറ്റു സുപ്രധാനപദവികളിലെല്ലാം സിഖുകാരായിരുന്നു.
സിഖുവംശഹത്യ കഴിഞ്ഞിട്ട് 37 വർഷം പിന്നിട്ടു. മുഴുവനായിട്ടല്ലെങ്കിലും ഇന്ന് സിഖ് സമൂഹം വേദനകൾ മറന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഗുജറാത്തിലെ വംശഹത്യ ഇന്നും 2002ലേതുപോലെ ഭീകരതയും ഒരുതരം അരക്ഷിതാവസ്ഥയുമാണ് മുസ്‌ലിംകളുടെ മനസിലുണ്ടാക്കുന്നത്. സത്യം പറഞ്ഞാൽ അതിനേക്കാൾ ഏറെയാണ് ഭയം. പശ്ചാത്താപത്തിന്റെ ഒരുകണിക വിദൂരതയിൽ പോലുമില്ല. പിന്നയല്ലേ നരേന്ദ്ര മോദിയിൽ നിന്നോ മറ്റേതെങ്കിലും ബി.ജെ.പി നേതാക്കളിൽ നിന്നോ ഒരു പരസ്യ ഖേദപ്രകടനം പ്രതീക്ഷിക്കുന്നത്. കോൺഗ്രസിൽനിന്നും ഡോ. മൻമോഹൻ സിങ്ങിൽനിന്നും വ്യത്യസ്തമാണ് മോദി തരുന്ന പാഠം. പറഞ്ഞുവന്നാൽ മുസ്‌ലിംകളെ തരംതാഴ്ത്താനും ഭയപ്പെടുത്താനും അക്രമത്തിന്റെ പാതതന്നെ യാതൊരു മറയുമില്ലാതെ ഹിന്ദുത്വവാദികൾ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്ത്യയിലെ മറ്റുമതസ്ഥരോട് പ്രത്യേകിച്ചും മുസ്‌ലിംകളോട് ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
അസാധ്യമല്ലെങ്കിലും ഭാരതീയ ജനതാ പാർട്ടിയുടെ കീഴിൽ ഒരു മുസ്‌ലിം ഇന്ത്യ ഭരിക്കുകയോ, സേനാമേധാവിയാവുകയോ ചെയ്യുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും, അവർ ആ പദവിക്ക് എത്രതന്നെ അനുയോജ്യരാണെന്നുതന്നെയിരിക്കട്ടെ. ഇനിയുള്ള കാലവും വിവേചനത്തിന്റെ ആഴം കൂടുകയേയുള്ളൂ. ലോക്സഭയിലുള്ള മുന്നൂറോളം വരുന്ന വിവിധ ബി.ജെ.പി അംഗങ്ങളിൽ ഒരാൾ പോലും മുസ്‌ലിം അല്ല എന്നതാണ് യാഥാർഥ്യം. എന്തിനധികം പറയുന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ തങ്ങൾക്ക് വോട്ടുചെയ്യാൻ സന്നദ്ധരായ മുസ്‌ലിംകളെ പോലും ഒഴിവാക്കാനാണ് പാർട്ടി നിർദേശം. ഹിന്ദു ആപത്തിലാണ് എന്ന ആശയത്തിന്റെ പ്രചാരണം വിവിധതരത്തിൽ നടത്തിയാണ് ബി.ജെ.പി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കുന്നത്. അടുത്തിടെ നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പാണ് ഏറ്റവും വലിയ ഉദാഹരണം. നിത്യജീവിതത്തിൽ ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ തെരുവുകളിൽ റോന്തുചുറ്റുന്നതു കാണാം. തങ്ങൾക്ക് ഭയപ്പെടുത്തി ഉപദ്രവിക്കാൻ കിട്ടുന്ന മുസ്‌ലിംകളാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. പാവങ്ങളായ മുസ്‌ലിംകളുടെ ഉപജീവനമാർഗം തട്ടിയെടുക്കുകയാണ് പ്രധാനനോട്ടം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന കൺവൻഷനുകളിൽ പോലും മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നത് അടുത്തിടെയാണ് നാം ഞെട്ടലോടെ കേട്ടത്.
മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നു പറഞ്ഞത് മുഖ്യമന്ത്രി തന്റെ രാജധർമം പാലിക്കാത്തതിന്റെ അനന്തരഫലം എന്നാണ്. എന്നാൽ പിന്നീട് വന്ന നരേന്ദ്രമോദിയുടെ കരിയർ ശ്രദ്ധിച്ചാൽ ഒരുകാര്യം വ്യക്തമാണ്, അദ്ദേഹത്തിന്റെ ധാരണ അനുസരിച്ച് മറ്റു പ്രധാനമന്ത്രിമാരിൽനിന്നു വ്യത്യസ്തമായി ചെയ്യുന്നതാണ് ശരി. മോദിയുടെയും അമിത്ഷായുടെയും കീഴിലുള്ള ഭരണം തന്നെ ഹിന്ദുക്കൾക്ക് വേണ്ടി ഹിന്ദുക്കളാൽ ഹിന്ദുക്കൾ ഭരിക്കുന്ന ഒന്നാണ്. അങ്ങനെ നോക്കുകയാണെങ്കിൽ 2002ൽ നടന്നത് ഇന്ന് ദേശീയതലത്തിൽ നടന്നുവരുന്ന അക്രമങ്ങളുടെ ഒരു ടെസ്റ്റ് റൺ ആയിരുന്നു.
1984ലെ സിഖ് വംശഹത്യയിൽ ഡോ. മൻമോഹൻ സിങ് മാപ്പുപറഞ്ഞപ്പോൾ, അദ്ദേഹം എടുത്തുപറഞ്ഞൊരു കാര്യമുണ്ട്, ഭരണഘടനയിലുള്ള നമ്മുടെ ഒരൊറ്റദേശം എന്ന ആശയത്തിന്റെ നിരാകരണമായിരുന്നു 1984ൽ നടന്നതെന്ന്. എന്നാൽ 2002ൽ നരേന്ദ്രമോദിയുടെ മേൽനോട്ടത്തിൽ നടന്ന മുസ്‌ലിം വംശഹത്യയിൽ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളുടെ നിരാകരണമായിരുന്നു നടന്നത്. പക്ഷേ മോദി പശ്ചാത്തപിക്കില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യം തോന്നാനിടയില്ല. ഒന്നാമത്തെ കാരണം അദ്ദേഹത്തിന്റെ പൊങ്ങച്ചം അല്ലെങ്കിൽ ദുരഭിമാനം. രണ്ടാമത്തെ കാരണം, മോദിയുടെ ഒരേ ദേശക്കാർ എന്ന ആശയം തന്നെ വേറെയാണ്. അതിന് ഭരണഘടനയുമായി യാതൊരു ബന്ധവും ഇല്ല.
പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാങ്കോയിസ് ഡി ല റോഷ്ഫുക്കോ കാപട്യത്തെക്കുറിച്ച് പറഞ്ഞ പ്രശസ്തമായ വരികളുണ്ട്, ദുർഗുണം സദ്ഗുണത്തിന് നൽകുന്ന ആരാധനയാണത്രെ കാപട്യം. 2022ൽ ഇന്ത്യക്കാർക്ക് അത്തരത്തിൽ കണ്ണുനിറയെ കാണാനുള്ളത് വകയുണ്ട്. സ്വാതന്ത്ര്യസമരത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘം പ്രത്യേകിച്ച് യാതൊരു സംഭാവനയും നൽകിയിട്ടില്ല. പക്ഷേ പ്രധാനമന്ത്രി ഈ വർഷം ഇനി നടത്താനിരിക്കുന്ന പല പ്രസംഗങ്ങളിലും ആർ.എസ്.എസ് നടത്തിയ പല സ്വാതന്ത്ര്യസമരപോരാട്ടങ്ങളെയും പേരെടുത്തുപറയുന്നതു കേൾക്കാം. യഥാർഥത്തിൽ അദ്ദേഹത്തിന്റെ ഹിന്ദുരാഷ്ട്രത്തിൽ ഗാന്ധിജിക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും, മോദി ഗാന്ധിജിയെ പ്രകീർത്തിക്കുന്നതും നാം കേൾക്കേണ്ടി വരും. പാർലമെന്റിന് വലിയ പ്രാധാന്യം ഇല്ലാതായി വരികയും ഡൽഹി ദിനംപ്രതി മലീമസമാക്കപ്പെടുകയും ചെയ്യുമ്പോൾ നാം കാണേണ്ടിവരുന്ന മറ്റൊരു കാഴ്ച പുതിയ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ സ്പിരിറ്റ് എന്നും പറഞ്ഞ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. അവസാനമായി അരബിന്ദോയുമായി തനിക്ക് ആത്മബന്ധമുണ്ടെന്ന് പറയാനും നരേന്ദ്രമോദി മടിക്കില്ല. ജനശ്രദ്ധ ആഗ്രഹിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയും സമർഥനും ഏകാന്തപഥികനുമായ യോഗി അരബിന്ദോയും തമ്മിലുള്ള വ്യത്യാസം അജഗജാന്തരമാണ്. 2022ൽ വിവിധ വാർഷികങ്ങൾ ആഘോഷിക്കുമ്പോൾ, നരേന്ദ്രമോദി തീർച്ചയായും കീർത്തി പ്രതീക്ഷിക്കും, തന്നെക്കുറിച്ച് "തള്ളാനായി'' അദ്ദേഹം ചരിത്രത്തെ വളച്ചൊടിക്കും. അതേസമയം, തന്റെ കരിയറിലെ ഏറ്റവും ഭീകരമായ വാർഷിക ദിനത്തിൽ വ്യക്തിപരവും രാഷ്ട്രീയവുമായ യാതൊരു അഭിപ്രായവും പറയാതെ മോദിജി മിണ്ടാതിരിക്കാനാണ് സാധ്യത. ഗുജറാത്ത് മുസ്‌ലിം വംശഹത്യയുടെ 20ാം വർഷികത്തിലും ആ ദുരന്തത്തിന്റെ കറുത്തനിഴലുകൾ ഇന്ത്യൻ റിപബ്ലിക്കിന്റെ മേൽ ഇന്നും പടർന്നുകിടക്കുകയാണ്.
(കടപ്പാട്: ദി ടെലഗ്രാഫ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."