മരണഡാമും വോട്ടുബാങ്ക് അരസിയലും
യു.എച്ച് സിദ്ദീഖ്
മുല്ലപ്പെരിയാറിലെ ജലനിരപ്പ് പോലെ കേരളം ഉയർത്തിയ ആശങ്കകളും താഴ്ന്നുപോയിരിക്കുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള - തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ ചെന്നൈയിൽ നടത്താനിരുന്ന കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാണ്. മുല്ലപ്പെരിയാറിലെ കെട്ടുകാഴ്ചകൾക്ക് ഇത്തവണയും പതിവ് തെറ്റിയില്ല. പെരിയാർ തീരവാസികളുടെ കിടപ്പാടങ്ങളെയും കൃഷിയെയും കവർന്നെടുത്ത് അണക്കെട്ടിലെ വെള്ളം ഇത്തവണയും കുത്തിയൊലിച്ച് കടന്നുപോയതിനപ്പുറം ഭരണകൂടങ്ങൾ ഇൗ വിഷയം പതിവു പോലെ ചുവപ്പുനാടയിട്ട് മുറുക്കിക്കെട്ടി കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷവും ബഹളങ്ങൾ അവസാനിപ്പിച്ചു ഉറക്കത്തിലാണ്ടു. 63000 കോടിയുടെ കെ. റെയിൽ പദ്ധതി നടപ്പാക്കുന്നതിലാണ് ഭരണകൂട ശ്രദ്ധയത്രയും.
മരണഡാം ഉയർത്തുന്ന മരണഭീതിക്ക് ഇക്കഴിഞ്ഞ ദുരിതപ്പെയ്ത്തിലും മാറ്റം സംഭവിച്ചിരുന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിൽ റൂൾ കർവ് പ്രഹസനമാക്കി മേൽനോട്ട സമിതിയെയും കേരള സർക്കാർ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി തമിഴ്നാട് തീരദേശവാസികളെ ഭയപ്പെടുത്തി. അർധരാത്രിയിലും പുലർക്കാലത്തും മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നും തോന്നിയ പോലെ വെള്ളമൊഴുക്കിയുമാണ് തമിഴ്നാട് മുല്ലപ്പെരിയാർ സീസൺ ഇത്തവണയും പൂർത്തിയാക്കിയത്.
പെരിയാറിലൂടെ കുത്തിയൊലിച്ചെത്തിയ ജലപ്രളയത്തിൽ ഉറക്കം നഷ്ടമായൊരു ജനത മരണഭയത്തോടെ കുഞ്ഞുമക്കളെയും വാരിപ്പിടിച്ചു ഉയർന്ന പ്രദേശങ്ങളിലേക്ക് നിരന്തരം പലായനം ചെയ്യേണ്ടി വന്നത് ഒരു ഭരണകൂടത്തെയും നൊമ്പരപ്പെടുത്തിയില്ല. തമിഴ്നാടിൻ്റെ നടപടിയിൽ കൃത്യമായൊരു പ്രതിഷേധം ഉയർത്താൻ പോലും കഴിയാതെ പതിവുപോലെ ഭരണകൂടം കാഴ്ചക്കാരായി. തീരവാസികളോട് ക്യാംപുകളിലേക്ക് മാറിത്താമസിക്കാൻ നിർദേശിച്ച് നല്ല അയൽക്കാരനായി നമ്മുടെ സർക്കാ
ർ, തമിഴ്നാടിൻ്റെ ദ്രോഹനടപടികൾക്ക് മുന്നിൽ കണ്ണടച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ അനുവദനീയമായ ജലനിരപ്പ് 142 അടിയാണെങ്കിലും അതുക്കും മേലെ ജലം സംഭരിച്ച് നിർത്തി തമിഴ്നാട് ഭീതിയിൽ കഴിയുന്ന ഒരു ജനതയുടെ മരണഭയം ഉയർത്തിക്കൊണ്ടേയിരുന്നു. ഭീതി വേണ്ട ജാഗ്രത മതിയെന്നിടത്ത് പ്രശ്നങ്ങളെ ലഘൂകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്.
ഇപ്പോൾ മുല്ലപ്പെരിയാർ ഉയർത്തുന്ന മരണഭീതിയും വെള്ളം പോലെ ഒലിച്ചുപോയി. മുല്ലപ്പെരിയാറിനെ ഓർക്കാൻ ഇനി അടുത്ത മഴക്കാലം വരണം. 2021 ഒക്ടോബർ 27ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തയച്ചിരുന്നു. 'കേരളത്തിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഞങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായും സാധ്യമായ എല്ലാ വഴികളിലും തമിഴ്നാട് കേരളത്തെ സഹായിക്കുമെന്നും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ' ഉറപ്പുനൽകുന്നതായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത്. ചർച്ചയ്ക്ക് വാതിൽ തുറന്നിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ച് എം.കെ സ്റ്റാലിന് മറുപടി കത്തും അയച്ചു. ഡിസംബറിൽ ചർച്ച നടത്താനായിരുന്നു ധാരണ.
എന്നാൽ, പുതുവർഷം പിറന്നിട്ടും ചർച്ചകൾക്കുള്ള വഴികളൊന്നും തുറന്നില്ല. എന്നു നടക്കുമെന്ന ഒരു സൂചന പോലുമില്ല. ചർച്ചകൾക്ക് ഫുൾസ്റ്റോപ്പിട്ടത് കല്ലു കയ്യാലയായ ബേബി ഡാമിലെ മരം മുറിയാണ്. ബേബി ഡാം ബലപ്പെടുത്തുന്നതിലൂടെ കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുകയാണ് തമിഴ്നാടിൻ്റെ ആത്യന്തികലക്ഷ്യം. ഇതിനായി മരങ്ങൾ മുറിച്ചുമാറ്റാൻ കേരളം രേഖാമൂലം അനുമതി നൽകുകയും ചെയ്തു. എന്നാൽ, ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിൻ്റെ വിവാദ ഉത്തരവിൽ പ്രതിരോധത്തിലായതോടെ ഉത്തരവ് പിൻവലിച്ചു സർക്കാർ തടിരക്ഷിച്ചു. രാഷ്ട്രീയമായി നേരിടേണ്ടി വരുന്ന തിരിച്ചടിയാണ് സംസ്ഥാന സർക്കാരിനെ പിന്നോട്ടു വലിച്ചതിൻ്റെ മുഖ്യകാരണം. കേരളത്തിൻ്റെ ഈ നീക്കം തമിഴ്നാടിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചതെന്ന് പിന്നീട് പെരിയാറിലേക്ക് തോന്നിയപോലെ വെള്ളം ഒഴുക്കിയതിൽ നിന്ന് തന്നെ തിരിച്ചറിയാം. എം.കെ സ്റ്റാലിനും ഡി.എം.കെ സർക്കാരിനും മരംമുറി ഉത്തരവ് വലിയൊരു രാഷ്ട്രീയനേട്ടം സമ്മാനിക്കുന്നതായിരുന്നു. കേരളത്തിൽ ഉയർന്ന വിവാദം ആ സാധ്യതയാണ് ഇല്ലാതാക്കിയത്. അതോടെ മുല്ലപ്പെരിയാർ അരസിയൽ (രാഷ്ട്രീയം) ആകുന്നിടത്ത് ചർച്ചകൾക്ക് പ്രസക്തിയില്ലാതായെന്ന് തമിഴ്നാടും ഉറപ്പിച്ചു.
ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ നടത്തുമെന്ന് അറിയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് ഏകപക്ഷീയമായി തന്നെ തമിഴ്നാട് പിന്മാറിയ നിലയിലാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇനി എന്തെങ്കിലും അനുരഞ്ജനത്തിൻ്റെ വഴിതുറക്കണമെങ്കിൽ ബേബി ഡാമിലെ മരംമുറിയിൽ തമിഴ്നാടിന് അനുകൂലമായ തീരുമാനം ഉണ്ടാകണം. സുപ്രിംകോടതിക്ക് മുന്നിൽ വിഷയം എത്തിച്ച സ്ഥിതിക്ക് ഒരു ചർച്ചയ്ക്കും തമിഴ്നാട് ഇനി തയാറാവില്ല. മുല്ലപ്പെരിയാർ ഇരുസംസ്ഥാനങ്ങളിലും തൊട്ടാൽ പൊള്ളുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ തീക്കനൽ കോരി തലയിലിടാൻ ആരും തയാറാവില്ല. മുല്ലപ്പെരിയാർ വിഷയത്തിലെ മുൻകാല അനുഭവങ്ങൾ തമിഴ്നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ കക്ഷികൾക്ക് പാഠമാണ്. ചർച്ചകളിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ ഇരുസംസ്ഥാനങ്ങളിലെയും പ്രതിപക്ഷങ്ങൾക്ക് അത് രാഷ്ട്രീയ ആയുധമാണ്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ നയിക്കുന്ന സി.പി.എമ്മിന് നന്നായി അറിയാം. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കേരളത്തിനെതിരായി ഉണ്ടായ മുല്ലപ്പെരിയാർ കേസിലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപക്ഷത്തെ സി.പി.എം കടന്നാക്രമിക്കാറുണ്ട്.
എന്നാൽ, സുപ്രിംകോടതി നിയോഗിച്ച സമിതിയിലേക്ക് കേരളത്തിൻ്റെ പ്രതിനിധിയായി റിട്ട. ജസ്റ്റിസ് കെ.ടി തോമസിനെ നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ സർക്കാരാണെന്നതും അദ്ദേഹത്തിൻ്റെ നിലപാട് സംസ്ഥാനത്തിന് എതിരായതും സി.പി.എം സൗകര്യപൂർവം മറച്ചുപിടിക്കാറുമുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ ഒരവസരത്തിനായി പ്രതിപക്ഷം കാത്തുനിൽക്കുകയാണ്. തമിഴ്നാടുമായൊരു ചർച്ചയ്ക്ക് തൽക്കാലം മുൻകൈയെടുക്കാൻ സർക്കാർ തയാറാവില്ല. പുതിയ ഡാം നിർമിക്കാൻ തമിഴ്നാട് സർക്കാരിൻ്റെ പിന്തുണ നേടിയെടുക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. അതിനു വഴിയൊരുക്കാനുള്ളതായിരുന്നു മരംമുറിക്കുള്ള അനുമതി. അത് നടക്കാതെ പോയി.
തെക്കൻ തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടുക്കൽ, രാമനാഥപുരം, ശിവഗംഗ ജില്ലകളാണ് കേരളത്തിൻ്റെ ജലസമൃദ്ധിയിൽ പച്ചവിരിച്ചു നിൽക്കുന്നതെങ്കിലും തമിഴൻ്റെ ആകെ വികാരമാണ് മുല്ലപ്പെരിയാർ. വോട്ടുബാങ്ക് രാഷ്ട്രീയം നന്നായി അറിയാവുന്ന ഡി.എം.കെ സർക്കാരിന് ആ തിരിച്ചറിവുണ്ട്. മരംമുറി ഉത്തരവിറക്കിയതിലൂടെ സർക്കാർ നടത്തിയ നീക്കം പാളിയ സാഹചര്യത്തിൽ പിണറായി വിജയൻ സർക്കാരും ഇനിയൊരു കൈവിട്ട കളിക്ക് തയാറാവില്ല. എത്ര ജലം കുത്തിയൊലിച്ചു വന്നാലും മരണഭയത്തിൽ ജീവിക്കുന്ന പെരിയാർ തീരവാസികളുടെ പ്രതിഷേധങ്ങൾക്ക് പഴയ ശക്തിയില്ല. പ്രതിഷേധങ്ങൾക്ക് ഇത്തവണ രാഷ്ട്രീയ ഐക്യത്തിൻ്റെ ഉറപ്പില്ലായിരുന്നുവെന്നതും സർക്കാരിന് നൽകുന്ന ആശ്വാസം ചെറുതല്ല.
സ്വന്തം ജനതയുടെ മരണഭയത്തെ ഇല്ലാതാക്കാൻ വോട്ടുബാങ്ക് രാഷ്ട്രീയം മറികടന്നുള്ള ശാശ്വതമായൊരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മുട്ടനാടുകളുടെ പോരിൽ ചോരനുണയാൻ നാവുനീട്ടി നിൽക്കുന്ന ചെന്നായയുടെ രൂപത്തിൽ കേന്ദ്ര സർക്കാർ നിലകൊള്ളുമ്പോൾ. അടുത്ത മഴക്കാലത്തും തമിഴ്നാടിൻ്റെ തോന്ന്യാസങ്ങൾക്ക് കീഴടങ്ങി മുല്ലപ്പെരിയാർ പ്രളയഭീതിയിൽ രാത്രിയും പകലുമെന്നുമില്ലാതെ പലായനം ചെയ്യാനാവും പെരിയാർ തീരവാസികളുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."