ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതിക്ക് പൊലിസ് സംരക്ഷണം ഒരുക്കുന്നതായി പരാതി
കൊച്ചി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡിൻ്റെ മറവിൽ പൊലിസ് സംരക്ഷണം ഒരുക്കുന്നതായി തട്ടിപ്പിനിരയായവർ.
കേസിൽ അറസ്റ്റിലായ ജനപക്ഷം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ആലപ്പുഴ മാന്നാർ പാവുക്കര അരികുപുറത്ത് ബോബി തോമസിനെ കോടതി റിമാൻഡ് ചെയ്തെങ്കിലും ജയിലിൽ പാർപ്പിക്കാതെ കൊവിഡ് നിരീക്ഷണം എന്ന പേരിൽ ദിവസങ്ങളായി പൊലിസ് ഒത്താശയോടെ സംരക്ഷിക്കുകയാണെന്ന് തട്ടിപ്പിനിരയായ ദീപു തോമസ്, സുരേഷ് കുമാർ, അരുൺ എന്നിവർ ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലമായി ഖത്തറിലെ റിഗ്ഗിൽ ജോലി വാഗ്ദാനംചെയ്ത് കാസർകോട് മുതൽ കന്യാകുമാരിവരെയുള്ള സ്ഥലങ്ങളിലെ യുവാക്കളിൽനിന്ന് ഒന്നരലക്ഷം രൂപ മുതൽ വാങ്ങി ഇയാൾ ഉദ്യോഗാർഥികളെ വഞ്ചിക്കുകയായിരുന്നു.
വിവിധ ജില്ലകളിൽ നടത്തിയ തട്ടിപ്പിൽ ബോബി തോമസ് മൂന്ന് കോടിയോളം രൂപയാണ് കൈക്കലാക്കിയത്.
വിദേശത്ത് ഉയർന്ന ജോലിയും ശമ്പളവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം തിരികെ ചോദിച്ച് ഇയാളുടെ വീട്ടിലെത്തുന്നവരെ ഗുണ്ടകളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിൽ തട്ടിപ്പിനിരയായ 37 ഓളം പേർ മാന്നാർ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിസംബർ 31ന് രാത്രി പന്ത്രണ്ടിന് കാർത്തികപള്ളിയിലുള്ള ഭാര്യവീട്ടിൽനിന്ന് ബോബി തോമസിനെ അറസ്റ്റുചെയ്തത്. രാഷ്ട്രീയരംഗത്തെ പ്രമുഖരുമായി ബന്ധമുള്ളതിനാൽ പല തവണ പരാതി നൽകിയിട്ടും അറസ്റ്റുചെയ്യാൻ പൊലിസ് കൂട്ടാക്കിയില്ലെന്നും പരാതിക്കാർ കുറ്റപ്പെടുത്തി.
ബോബി തോമസിൻ്റെ ഭാര്യയുടെയും മാതാവിൻ്റെയും പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് പലരും പണം നിക്ഷേപിച്ചത്. തട്ടിപ്പിനിരയായവർ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും ഇവരെ ഇതുവരെ പ്രതിചേർക്കാൻ പൊലിസ് തയാറായിട്ടില്ല. ബോബിയെ കോടതി റിമാർഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്ക് വിട്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരീക്ഷണത്തിൻ്റെ മറവില്ർ ആലപ്പുഴ ജില്ലയിലെ കൊവിഡ് സെൻ്ററിൽ രഹസ്യമായി പാർപ്പിച്ചിരിക്കുകയാണെന്നും ഇതിന് പൊലിസ് കൂട്ടുനിൽക്കുകയാണെന്നും തട്ടിപ്പിനിരയായവർ പരാതിപ്പെട്ടു.
കൊവിഡ് പരിശോധന നടത്തി പ്രതിയെ ജയിലിൽ അടക്കണമെന്നും തങ്ങളുടെ പണം എത്രയും പെട്ടെന്ന് തിരികെ നൽകണമെന്നും ദീപു തോമസും സുരേഷ് കുമാറും അരുണും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."