വഖ്ഫ് വിഷയത്തിൽ പിണറായിയെ മുസ്‌ലിം ലീഗ് മുട്ടുകുത്തിക്കും: മുനീർ
തൃശൂർ
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ് ലിം ലീഗിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് ലീഗ് ഉന്നതാധികാര സമിതിയംഗം ഡോ. എം.കെ മുനീർ. വഖഫ് നിയമനത്തിലെ ഗൂഢാലോചന അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംലീഗ് രാഷ്ട്രീയപാർട്ടിയാണോ മത സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്നാൽ പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോയെന്ന് ആദ്യം മറുപടി പറയട്ടെ. വഖഫ് പി.എസ്.സി നിയമനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ പിണറായിയുടെ ഉറക്കം കെടുത്തുന്ന പ്രസ്ഥാനമായി ലീഗ് മാറും. വഖഫ് പ്രശ്‌നത്തിൽ നിഷ്‌കളങ്കരായ മതപണ്ഡിതരെ വരെ കബളിപ്പിക്കുന്ന നയമാണ് പിണറായി കൈക്കൊള്ളുന്നത്. വഖഫ് നിയമം മരവിപ്പിക്കുമെന്ന് മതപണ്ഡിതരോട് പറയുന്ന പിണറായി, പാർട്ടി സമ്മേളനങ്ങളിൽ പറയുന്നത് വഖഫ് പി.എസ്.സി നിയമനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."