മാവേലി എക്‌സ്പ്രസിൽ മർദനമേറ്റയാൾ ക്രിമിനൽ കേസ് പ്രതിയെന്ന് പൊലിസ്
കണ്ണൂർ
മാവേലി എക്‌സ്പ്രസിൽ പൊലിസ് മർദനത്തിനിരയായ ആൾ ക്രിമിനൽ കേസ് പ്രതിയെന്ന് പൊലിസ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൂത്തുപറമ്പ് നീർവേലി സ്വദേശി ഷമീർ(50) എന്ന പൊന്നൻ ഷമീറിനെയാണ് പൊലിസ് തിരിച്ചറിഞ്ഞത്.
ഇയാളുടെ പേരിൽ കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനിൽ മാത്രം മാല പിടിച്ചുപറിക്കൽ, ഭണ്ഡാരക്കവർച്ച തുടങ്ങി മൂന്നുകേസുകളുണ്ട്.
പീഡനക്കേസിലടക്കം പ്രതിയായ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസം. ചില കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.
എന്നാൽ, ഇത് മനസിലാക്കാതെയാണ് പൊലിസ് ഇയാളെ ട്രെയിനിൽനിന്ന് വടകര സ്റ്റേഷനിൽ വലിച്ചിറക്കി വിട്ടത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷമീറിനെ പൊലിസ് തിരിച്ചറിഞ്ഞത്. ഇയാൾക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞദിവസമാണ് ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇയാൾ മദ്യപിച്ചാണ് മാഹിയിൽനിന്ന് റിസർവേഷൻ കംപാർട്ട്‌മെന്റിൽ കയറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പൊലിസ് റിപ്പോർട്ട് നൽകിയിരുന്നു. ഇയാളെ കരണത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത എ.എസ്.ഐ എം.സി പ്രമോദിനെ റെയിൽവേ പൊലിസിന്റെ ചുമതലയുള്ള ഇന്റലിജൻസ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാർ സസ്‌പെന്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."