കുടിയേറ്റത്തൊഴിലാളികൾ സ്വയം സംസാരിക്കട്ടെ
ദാമോദർ പ്രസാദ്
കേരളത്തിലെ അന്തർസംസ്ഥാന കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് നാളിതുവരെയുണ്ടായ മാധ്യമസംവാദങ്ങളിൽ പേരിനെങ്കിലും അതിഥിയായി ഒരു കുടിയേറ്റത്തൊഴിലാളിയെ പങ്കെടുപ്പിക്കുകയോ അവരുടെ അഭിപ്രായങ്ങൾ, നിലപാടുകൾ നമ്മൾ ആരായുകയോ ചെയ്തിട്ടില്ല. അവരുടെ പക്ഷം അവതരിപ്പിക്കാനുള്ള വിമുഖതയല്ല ഇതിനു കാരണം. ഭാഷയാണ് തടസം. സംവാദങ്ങളിൽ പങ്കെടുക്കാൻ അവശ്യം വേണ്ടുന്ന പ്രകോപനപരമായ ഭാഷയില്ലാത്ത ആരുംതന്നെ മാധ്യമചർച്ചകളിൽനിന്ന് പൊതുവെ ബഹിഷ്‌കൃതരാണ്. കുടിയേറ്റത്തൊഴിലാളിയുടെ പക്ഷം അവതരിപ്പിക്കാൻ എൻ.ജി.ഒകളെയോ അന്തർസംസ്ഥാന തൊഴിലാളി കുടിയേറ്റത്തെക്കുറിച്ചു പഠിക്കുന്ന അക്കാദമിക്കുകളെയോ ആണ് നാം ആശ്രയിക്കാറ്. അവർ ഐക്യദാർഢ്യബോധത്തോടെ തന്നെയാണ് ചർച്ചകളിൽ ഇടപെടുക എങ്കിലും സ്വയം പ്രതിനിധാനത്തിന്റെ ശക്തി വേറെ തന്നെയാണ്. നാലു ദശാബ്ദം മുമ്പ് ഗായത്രി ചക്രബർത്തി സ്പിവാക് കീഴാള പ്രതിനിധാനത്തെക്കുറിച്ച് ഉയർത്തിയ ചോദ്യം ഇവിടെയും പ്രതിധ്വനിക്കുന്നു: കുടിയേറ്റത്തൊഴിലാളിക്ക് സ്വയം സംസാരിക്കാൻ പറ്റുമോ?
സ്വന്തം ഭാഷയിലെ കുടിയേറ്റ സാഹിത്യത്തെക്കുറിച്ചും മറ്റു പ്രതിനിധാനപരമായ ആവിഷ്‌കാരങ്ങളെക്കുറിച്ചും മലയാളിക്ക് വലിയ അഭിമാനമുണ്ടാകും. കുടിയേറ്റ അനുഭവങ്ങളുമായി തട്ടിച്ചുനോക്കുകയാണെങ്കിൽ പറയത്തക്ക സമ്പന്നമായ രചനകളല്ല നമ്മുടെ ശാഖയിലേതെന്നാണ് വാസ്തവം. ഏതാനും ചില സാഹിത്യ രചനകളും സിനിമയുംവച്ചാണ് നമ്മൾ അവയെ പ്രവാസി സൃഷ്ടികൾ എന്ന നിലയിൽ കൊണ്ടാടുന്നത്. പട്ടിണിയും പരിവട്ടവും തൊഴില്ലായ്മയും ദാരിദ്ര്യവുമൊക്കെയാണ് നമ്മളിൽ പലരെയും ഇവിടെനിന്ന് അതിജീവനത്തിനായി നാടുകടത്തിയത്. നമ്മൾ ഗർവോടെ അവകാശപ്പെടുന്ന കുടിയേറ്റ ജനിതകം എന്നത് സ്വയം ആശ്വസിക്കാനുള്ള ഒരു മാർഗമായിരിക്കാം. അസമിലേക്കും മലേഷ്യയിലേക്കും കൊളമ്പിലേക്കുമുള്ള ആദ്യകാല കുടിയേറ്റവും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം ഗൾഫിലേക്കുള്ള കുടിയേറ്റവും അതിജീവനത്തിനായുള്ളതാണ്. അതിജീവനത്തിന്റെ ഈ കനപ്പെട്ട അനുഭവങ്ങളുണ്ടായിട്ടും നമ്മളെ പോലെ തന്നെ ഏതാണ്ട് അതേ കാരണങ്ങളാലൊക്കെ കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളികളോട് സാധർമ്യപ്പെടുന്നതിൽ എന്തോ വിമുഖരാണ് നാം. ഭരണനിർവഹണ ഭാഷയിൽ അതിഥിത്തൊഴിലാളികൾ എന്ന് മര്യാദപൂർവം നാമകരണം ചെയ്താലും നമ്മുടെ ഉള്ളിരിപ്പ് അവർ അന്യസംസ്ഥാനത്തൊഴിലാളികളോ അല്ലെങ്കിൽ 'ബംഗാളികളോ' ആണെന്നോ തന്നെയാണ്.
'അതിഥിത്തൊഴിലാളി' നാമകരണം മലയാള മാധ്യമങ്ങൾ സ്വീകരിച്ചത് തന്നെ കൊവിഡ്കാലത്ത് മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനങ്ങളിൽ ആ പേര് നിരന്തരം ആവർത്തിച്ചതുകൊണ്ടാണ്. തീർച്ചയായും നല്ല കാര്യം. ആദ്യഘട്ട ലോക്ക്ഡൗണിന്റെ സമയത്ത് ഭക്ഷണവും പാർപ്പിടവും നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇന്ത്യയുടെ ഇതരഭാഗങ്ങളിൽനിന്ന് കുടിയേറ്റത്തൊഴിലാളികൾ ദൂരങ്ങൾ താണ്ടി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിന്റെ യാതനകൾ നമ്മൾ കണ്ടതാണ്. ഇതിൽനിന്ന് വ്യത്യസ്തമായിരുന്നു അതിഥിത്തൊഴിലാളികളോട് നമ്മുടെ സർക്കാരിന്റെ സമീപനം. എന്നാൽ ഇക്കാലത്തുതന്നെ ഏതോ ഭീതി കാരണം തെരുവിലിറങ്ങി പ്രതിഷേധിച്ച കുടിയേറ്റത്തൊഴിലാളികളുടെ ദൃശ്യങ്ങളും പ്രതികരണങ്ങളും തന്റെ ചാനലിൽ നൽകിയില്ല എന്നൊരു പ്രമുഖ മാധ്യമ ഉടമ വീമ്പടിച്ചതും ഓർക്കണം. മലയാള മാധ്യമങ്ങൾ കുടിയേറ്റത്തൊഴിലാളിയുടെ സ്വാഭിപ്രായങ്ങൾ റദ്ദു ചെയ്യുന്നതിന്റെ ഒരു ഉദാഹരണമാണത്. പെരുമ്പാവൂരിൽ കിറ്റക്‌സ് വ്യവസായ യൂണിറ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ പൊലിസ് ജീപ്പ് കത്തിച്ച സംഭവം അർഹിക്കുന്ന ഗൗവരത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും, തുടർന്നു നടന്ന രാഷ്ട്രീയ ചർച്ചകളിൽ ഇടപെട്ട പലരും വംശീയ പൊതുബോധത്തിന്റെ ആഖ്യാനത്തെ പണിതുയർത്താൻ പരിശ്രമിച്ചിരുന്നു, അവരുടെ ആഖ്യാന പ്രകാരം ജനിതകത്തിൽ ഹിംസയുള്ളവരാണത്രെ വടക്കു കിഴക്കൻ ഭാഗത്തെ തൊഴിലാളികൾ. നമ്മെ പിടിച്ചുലച്ച ജിഷയുടെ ദാരുണമായ കൊലപാതകത്തിൽ പിടിക്കപ്പെട്ട ആമിറുൽ ഇസ്‌ലാമിന്റെ പേര് പലതവണ ആവർത്തിച്ച് വംശീയെ വ്യഖ്യാനത്തിന് അവർ കൊഴുപ്പുകൂട്ടുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ നിർഭാഗ്യവശാൽ മാധ്യമപ്രവർത്തകരോ ചർച്ചകളിൽ പങ്കെടുത്തിരുന്ന രാഷ്ട്രീയ പാർട്ടികളുടെ വക്താക്കൾക്കോ സാധിച്ചില്ല എന്നത് ഖേദകരമാണ്. സ്വന്തം വ്യവസായ താൽപര്യം മുൻനിർത്തിയാണെങ്കിലും കിറ്റക്‌സ് എം.ഡിയും പൊലിസ് മേധാവിയുമാണ് വംശീയത കലരാത്ത വേറിട്ട അഭിപ്രായം നടത്തിയവർ.
സ്വയം പ്രതിനിധാനം ചെയ്യാൻ സാധിക്കുന്ന ജനത സമത്വത്തെ മുൻനിർത്തുന്ന ഭാഷയിൽ നമ്മളോട് സംസാരിക്കും. അത്തരമൊരു ജനാധിപത്യ സംവാദ സാധ്യതയാണ് നാം ആരായേണ്ടത്. ദുരിതങ്ങളും ആഹ്ലാദങ്ങളും വിഷമതകളുമൊക്കെ പേറുന്ന വൈകാരിക അനുഭവങ്ങളെയും വിചാര ലോകങ്ങളെയും അതിലൂടെ പ്രതിനിധാനം ചെയ്യപ്പെടും. പക്ഷേ അറിഞ്ഞോ അറിയാതെയോ ഈയൊരു സ്വയം പ്രതിനിധാനത്തെ നാം നിഷേധിക്കുകയാണ്. ഏതു ഭീതിയാണ് ഈ നിഷേധാത്മകതയിലേക്ക് നമ്മളെ നയിക്കുന്നത്. സ്വയം പ്രതിനിധാനം ചെയ്യാനാകുന്നവർ ജനാധിപത്യ അവകാശങ്ങളുടെ ഭാഷ സംസാരിക്കുമെന്ന ഭീതിയാണോ? അതോ കുടിയേറ്റത്തൊഴിലാളികളെ പ്രതിനിധാനം ചെയ്യാനുള്ള പാകത അവർക്കില്ലെന്ന തോന്നലാണോ. കുടിയേറ്റത്തൊഴിലാളി സ്വയം നൽകുന്ന നാമകരണമാണ് നമുക്ക് സ്വീകാര്യമാകേണ്ടത്. ഗാന്ധിയുടെ ഹരിജനും സർക്കാരിന്റെ ഭരണനിർവഹണ നാമാവലിയിൽ അടിത്തട്ടു ജനതയെക്കുറിച്ചുള്ള പദാവലികൾക്കു പകരമുള്ള ദലിത് എന്ന പദം വിമോചക സങ്കൽപനമാകുന്നത് അതിന്റെ സ്വയം പ്രതിനിധാന ശേഷികൊണ്ടാണ്. സ്വയം പ്രതിനിധാനത്തിന്റെ അഭാവമാണ് പലപ്പോഴും സംവേദനങ്ങൾക്ക് തടസമാകുന്നത്. അത്തരമൊരു സംവേദന നിഷേധം ഹിംസാത്മകമായ ഇടപെടലുകളിലേക്കും ചെന്നെത്തിയേക്കും.
ആഗോളതലത്തിൽ കുടിയേറ്റത്തൊഴിലാളികൾ ഈ സംവേദനപരമായ സ്തംഭനം അനുഭവിക്കുന്നുണ്ട്. സ്വയം പ്രതിനിധാനത്തിനും കുടിയേറിയ നാട്ടിലെ ജനങ്ങളുമായി സംവദിക്കാനും സ്വന്തമായൊരു മാധ്യമമില്ലാതിരിക്കുന്നു എന്നത് പ്രധാനം തടസമാണ്. എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്ന പൊതുപ്രവണത ഓരോ രാജ്യത്തിലെയും പ്രബലമായ സംസ്‌കാരത്തിലേക്ക് കുടിയേറിയ തൊഴിലാളികളെ നിർബന്ധപൂർവം സ്വാംശീകരിക്കുക എന്നതാണ്. വ്യത്യസ്തതകളെ ബഹുമാനിക്കുന്ന രീതിയല്ല ഇത്. അതുകൊണ്ടു സ്വംശീകരണം ഉൾകൊള്ളലായി(inclusive) മാറുന്നില്ല. നിർബന്ധപൂർവമുള്ള സ്വംശീകരണത്തിനു അവലംബിക്കുന്ന മാർഗം ദേശ ഭാഷയിൽ സാക്ഷരരാകുക എന്നതാണ്. എന്നാൽ ഇത് പ്രതിനിധാനപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഇതിന്റെ അർഥം ദേശഭാഷയിൽ സാക്ഷരത നിഷേധിക്കണമെന്നല്ല, അത് മാത്രമേ സ്വയം പ്രതിനിധാനത്തിനു വഴിയുള്ളൂ എന്നു സ്ഥാപിക്കുന്നതാണ് പ്രശ്‌നം.
പലപ്പോഴും സ്വദേശത്തുനിന്ന് ഇതര രാഷ്ട്രങ്ങളിലേക്ക് കുടിയേറിയവർ വർക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞും അവിടെ തുടരുന്നത് അതിജീവനാവശ്യങ്ങൾ മുൻനിർത്തിയാണ്. സഞ്ജയ് സഹോട്ടയുടെ 'ഇയർ ഓഫ് റൺ എവേസ്' എന്ന നോവലിൽ ഈ സംഘർഷത്തെ ആവിഷ്‌കരിക്കുന്നുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വിദേശത്തേക്ക് തൊഴിൽ തേടി പോകുന്നവരുടെ കഥയാണിത്. നാട്ടിലെ ജാതീയ മർദനത്തിൽനിന്നുള്ള പലായനം കൂടിയാണ് ഈ കുടിയേറ്റം. പക്ഷേ അവർ എത്തിപ്പെടുന്ന രാജ്യങ്ങളിലും ജാതി അവരെ തേടിവരിക തന്നെ ചെയ്യുന്നു എന്നതാണ് വംശീയമായ യാഥാർഥ്യം. ഒരർഥത്തിൽ ഈ കുടിയേറ്റങ്ങൾ എല്ലാം തന്നെ സ്വന്തം ദേശങ്ങളിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ (dispossession) കൂടിയാകുന്നു. ആഭ്യന്തര കുടിയേറ്റത്തിലും പ്രതിഫലിക്കുന്ന വസ്തുതയാണിത്. ജാതീയവും സാമൂഹികവും മർദനവും തൻനിമിത്തമുള്ള സാമ്പത്തികമായ പ്രതിസന്ധികളുമാണ് ആഭ്യന്തര കുടിയേറ്റത്തെയും പ്രേരിപ്പിക്കുന്ന ഘടകം. അതുകൊണ്ടു നിയമപരമായും സാമൂഹികമായും ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ കുടിയേറ്റങ്ങളിലെ വ്യത്യസ്തതയിൽ ഊന്നുമ്പോഴും സർവരാജ്യ കുടിയേറ്റത്തൊഴിലാളികൾ പങ്കിടുന്ന പൊതുവായ പലതുമുണ്ട്. അതിലൊന്നാണ് സ്വയം പ്രതിനിധാനത്തിന്റെ പ്രശ്‌നം. സ്വയം പ്രതിനിധാനത്തിനുള്ള ശേഷി ഇവർ കൈവരിക്കുന്നത് തന്നെ ആഗോളമായ കുടിയേറ്റത്തൊഴിലാളികളുടെ ശൃംഖലാബന്ധത്തിന് സാധ്യതയൊരുക്കും.
സാർവലൗകിക മുതലാളിത്തത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് മൂലധനത്തിന്റെ കോളനീകരണത്തിലൂടെ സൃഷ്ടിച്ചിരിക്കുന്ന തൊഴിൽ വിഭജനക്രമമാണ്. രാഷ്ട്രങ്ങളെ ഈ തൊഴിൽ വിഭജനക്രമത്തിലേക്ക് മൂലധനത്തിന് അകപ്പെടുത്താൻ കഴിഞ്ഞിരിക്കുന്നു. ഈ തൊഴിൽ വിഭജനക്രമത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ നൈപുണിയുടെ രാജ്യാന്തരമായ വിന്യാസമുണ്ടായിരിക്കുന്നത്.അതുകൊണ്ടു ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ തൊഴിൽ നൈപുണിയുടെ വികാസവും പരിധിയുമൊക്കെ മൂലധനത്തിന്റെ തൊഴിൽ വിഭജനക്രമത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്. ഈ തൊഴിൽ വിഭജനക്രമത്തിനു അത്യന്താപേക്ഷിതമാണ് നൈപുണി പരിമിതപ്പെട്ട കുടിയേറ്റത്തൊഴിലാളികൾ. ശാരീരികാധ്വാനമുള്ള തൊഴിലുകളിലാണ് കുടിയേറ്റത്തൊഴിലാളികളെ കൂട്ടമായി പങ്കെടുപ്പിക്കുന്നത്. അവരുടെ ജീവിത വ്യവസ്ഥകൾ ആത്യന്തികം ദുരിതപൂർണമാണ്. പത്തൊൻമ്പതാം നൂറ്റാണ്ടിലെ ഫാക്ടറി ക്ലസ്റ്ററുകളിൽ ശാരീരിക പ്രശ്‌നങ്ങളോടും കഷ്ടപ്പാടുകളോടും മല്ലിട്ടു ജീവിച്ച അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥയെ കുടിയേറ്റത്തൊഴിലാളി ഇന്ന് ജീവിക്കുന്ന ആവാസവ്യവസ്ഥ അനുസ്മരിപ്പരിപ്പിക്കുന്നുണ്ട്.
നവലിബറൽ മൂലധനക്രമം സൃഷ്ടിച്ച ഈ തൊഴിലാളി വർഗത്തെ പ്രീകാരിയറ്റ് (precariat) എന്നാണ് വിളിക്കുന്നത്. നവഫാസിസ്റ്റുകൾ ലോകമെമ്പാടും ഒരേ മനസ്ഥിതിയിൽ അവരുടെ ആക്രമണത്തിന് ഇരയാക്കുന്നത് ഈ വർഗത്തെയാണ്. വംശീയതയാണ് ആ ആക്രമണങ്ങൾക്ക് ആധാരം. കുടിയേറ്റത്തൊഴിലാളിക്ക് സ്വന്തമായുള്ള പ്രതിനിധാനം നിഷേധിക്കുന്നതിലും ഈ വംശീയത അന്തർഗതമായിരിക്കുന്നു.
സാമൂഹ്യ ശാസ്ത്രജ്ഞൻ ഗയ് സ്റ്റാൻഡിങ് 'Precariat: The new dangerous class' എന്ന പഠനത്തിൽ ഇവരെ നിർവചിക്കുന്നത് രണ്ടു വാക്കുകൾ കൂട്ടിച്ചേർത്താണ്. അസ്ഥിരവും ആപത്കരവുമായ എന്ന അർഥംവരുന്ന Precarious എന്ന വിശേഷണവും തൊഴിലാളി എന്ന അർഥം വരുന്ന Proletarian എന്ന നാമവും ചേർത്താണ്. സ്ഥിരം ശമ്പളക്കാരല്ലാത്ത ഈ തൊഴിലാളി വർഗം മൂലധനമായോ ഭരണകൂടമായോ നേരിട്ടു സമ്പർക്കപ്പെടുന്നില്ല. ഇടനിലക്കാർ വഴിയാണ് അവരുടെ ഇടപാടുകൾ. ഭരണകൂട രഹിതരായ സ്ഥിരമായൊരു ഇടമില്ലാത്ത, ഇടം നിഷേധിക്കപ്പെട്ട വിഭാഗമാണിവർ. വർക് പെർമിറ്റ്, ആധാർ, പാസ്‌പോർട്, വിസ എന്നിവയാണ് അടിസ്ഥാന സുരക്ഷാ തിരച്ചറിയൽ രേഖകൾ, പലപ്പോഴും ഈ രേഖകൾ തന്നെ ഇവരുടെ അസ്തിത്വത്തിന്റെയും സ്വാതന്ത്ര്യ നിഷേധത്തിന്റെയും അടിസ്ഥാനമാകുന്നു. ഭരണകൂടത്തിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമാകുന്നില്ല അസ്ഥിരവും സന്നിഗ്ദ്ധവുമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ. അതിഥിത്തൊഴിലാളി എന്ന ലിബറൽ മാന്യത ചേർന്ന വിശേഷണമാണെങ്കിലും പ്രസ്തുത വിശേഷണം ഈ തൊഴിലാളികളുടെ അന്യത്വവും അസ്ഥിരതയും സൂചിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."