മതവും രാഷ്ട്രീയവും രണ്ടുതന്നെ
കെ.എൻ.എ ഖാദർ
മതത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയത്തിൽ മതമോ കലർത്തരുത്. രണ്ടും തീർത്തും വ്യത്യസ്തമായ അതാതിന്റെ മേഖലകളിൽ വിരാജിക്കട്ടെ. അനേകം മതങ്ങൾ ഉള്ളതുപോലെ അനേകം രാഷ്ട്രീയകക്ഷികളും ഉണ്ട്. മനുഷ്യജീവിതം ഭൗതികതലത്തിൽ മികച്ചതാക്കുകയാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. പൗരന്മാർക്ക് ഭൂമിയിലെ വാസക്കാലത്ത് ആഹാരം, വസ്ത്രം, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്താൻ വേണ്ടതെല്ലാം രാഷ്ട്രീയപ്പാർട്ടികൾ നിർവഹിക്കണം. ഇവയെല്ലാം എല്ലാ മതസ്ഥർക്കും വംശ,വർണ, വർഗ, ഭാഷ, ലിംഗ, ദേശ വ്യത്യാസമില്ലാതെ ലഭ്യമാക്കണം. പൗരന്മാർക്കിടയിൽ കലഹങ്ങളും അരക്ഷിതാവസ്ഥയും ഇല്ലാതെ ജീവിതവ്യവഹാരങ്ങൾ സമാധാനപരമായി നിർവഹിക്കാൻ തക്ക നിയമ നിർമാണങ്ങൾ നടത്തുകയും അവ വിവേചനമോ ഭയമോ പ്രീതിയോ ഇല്ലാതെ നടപ്പിലാക്കുകയും വേണം.
എല്ലാ രാഷ്ട്രങ്ങളിലും പാർട്ടികൾ ഇല്ല. ചിലയിടങ്ങളിൽ രാജഭരണമാണെങ്കിൽ, പട്ടാളഭരണങ്ങളും സമഗ്രാധിപത്യവും ഒക്കെ നിലനിൽക്കുന്ന രാജ്യങ്ങളുണ്ടല്ലോ. ചിലയിടങ്ങളിൽ രാഷ്ട്രീയകക്ഷികളും ജനാധിപത്യവുമൊക്കെ കാണും. പക്ഷേ, മതങ്ങൾ എല്ലാ രാഷ്ട്രങ്ങളിലും പൊതുവേയുള്ളതാണ്. മതവിശ്വാസികളെ അവരുടെ വഴിക്കു വിടണം. പരലോക ജീവിതത്തിൽ അഥവാ മരണാനന്തര ജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാക്കുവാനും ദൈവത്തിന്റെ പ്രീതിക്ക് പാത്രീഭവിച്ച് സ്വർഗീയ ജീവിതത്തിന്റെ അവകാശിയാകുവാനും അവരവരുടെ വിശ്വാസപ്രമാണങ്ങൾ പ്രാവർത്തികമാക്കുന്ന വ്യക്തികൾ ചേർന്നതാണ് മതം. രാഷ്ട്രീയകക്ഷികളും ആധുനിക ഭരണരീതികളും ഉണ്ടാകുന്നതിനുമുമ്പ് തന്നെ ഉണ്ടായതാണ് മതം. സൃഷ്ടികർത്താവായ ദൈവം തന്റെ ആദ്യ സൃഷ്ടിക്കുതന്നെ താൻ ജീവിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചിട്ടുള്ളതാണ്. പ്രവാചകന്മാരിലൂടെ ആ ദൗത്യം കൃത്യമായ ഇടവേളകളിൽ തുടരുകയും ചെയ്തു. അതിനാൽ തന്നെ ലോകത്ത് ഇന്നും അനേകം മതങ്ങളുണ്ട്. വ്യത്യസ്തമായ ആരാധനാ രീതികളുമുണ്ട്. ഒരേ മതസ്ഥർക്കു തന്നെ വ്യത്യസ്തമായ സംഘടനകളും നിലവിലുണ്ട്. അവയെല്ലാം സർവമതസ്ഥരിലും ഉണ്ട്. അവർക്കിടയിലെല്ലാം സമാധാനവും സൗഹാർദവും നിലനിർത്തുവാൻ അതാത് മത നേതാക്കൾ തന്നെ പരിശ്രമിക്കണം.
മത കാര്യങ്ങളിൽ ഒരേ മതക്കാർ തമ്മിലോ വ്യത്യസ്ത മതക്കാർ തമ്മിലോ തർക്കങ്ങൾ ഉടലെടുത്താൽ അവർക്ക് സർക്കാരിനെയും നിയമപാലകരെയും നീതിപീഠത്തേയും സമീപിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ മതവിശ്വാസികൾ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷികളുടെയോ ഭരണ പ്രതിപക്ഷങ്ങളുടെയോ അനുകൂലികളായോ പ്രതികൂലികളായോ പ്രത്യക്ഷപ്പെടാതിരിക്കലാണ് ബുദ്ധി. അതേസമയം, രാഷ്ട്രീയകക്ഷികളിൽ അംഗങ്ങളും നേതാക്കളും ജനപ്രതിനിധികളും ആയിട്ടുള്ളവർക്ക് തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ മറ്റെല്ലാവരേയും പോലെ സ്വാതന്ത്ര്യമുണ്ട്. മതസംഘടനകൾ പടുത്തുയർത്തുന്ന ആരാധനാലയങ്ങളും ഇതര സ്ഥാപനങ്ങളും സംരക്ഷിക്കുവാനും അവർക്കെല്ലാം ആവശ്യമായ ഗതാഗത സൗകര്യങ്ങളും വൈദ്യുതിയും ജലവും ഉൾപ്പെടെ സർക്കാർ പൊതുവേ ജനങ്ങൾക്കായി ചെയ്തുകൊടുക്കുന്ന എല്ലാത്തിനും മതവിശ്വാസികൾക്കും പൂർണമായ അർഹതയുണ്ട്.
ജനാധിപത്യം കേവല ഭൂരിപക്ഷത്തിന്റെ ഇഷ്ടം നടപ്പാക്കലല്ല. അത് ഭൂരിപക്ഷത്തോട് വിയോജിക്കാനുള്ള അവകാശമാണ്. അങ്ങനെ വിയോജിക്കുന്ന കാരണത്താൽ അവരെ ദ്രോഹിക്കാതിരിക്കലാണ് ജനാധിപത്യം. വിയോജിക്കാനും വ്യത്യസ്ത നിലപാട് സ്വീകരിക്കാനുമുള്ള അവകാശം സംരക്ഷിക്കലാണ് ജനാധിപത്യം. ഇന്ത്യയുടെ ഭരണകർത്താക്കൾ ഇന്ന് ഭൂരിപക്ഷമുണ്ടാക്കുന്നതിനായി ഒരു പ്രത്യേക മതവിഭാഗത്തെ സംഘടിപ്പിക്കുന്ന രീതി ജനാധിപത്യത്തെ വികലമാക്കലാണ്. ഒരു രാജ്യത്ത് ഒറ്റ മതക്കാർ മാത്രമാണുള്ളതെങ്കിലും ഭരണം മതത്തിനതീതമാകണം. സർക്കാരിന് മതമില്ല. പൗരന്മാർക്ക് അതാവാം. ഒരു മതത്തിലും വിശ്വസിക്കാതെയുമിരിക്കാം.
ഇന്ത്യയുൾപ്പെടെ മിക്ക രാഷ്ട്രങ്ങളിലും സ്വാതന്ത്ര്യമുണ്ട്. സഉൗദി അറേബ്യയിൽ രാമായണവും മഹാഭാരതവും പഠിപ്പിക്കാൻ തീരുമാനിച്ചതായി വാർത്തയുണ്ട്. യു.എ.ഇയിൽ ഒരു കൂറ്റൻ ഹൈന്ദവ ക്ഷേത്രം സർക്കാർ അനുമതിയോടെ നിർമിച്ചുകൊടുത്തിരിക്കുന്നു. പല രാഷ്ട്രങ്ങളിലും നേരത്തെ തന്നെ സർക്കാർ സഹായത്തോടെ വ്യത്യസ്ത മതക്കാരുടെ ആരാധനാലയങ്ങൾ പണിതിട്ടുണ്ട്. വിശ്വാസികളോട് സർക്കാർ ഒരു വിവേചനവും അത്തരം ഇടങ്ങളിൽ കാണിക്കുന്നില്ല. ഭരിക്കുന്നവരുടെ മതം പൗരന്മാരിൽ അവർ അടിച്ചേൽപ്പിക്കുന്നില്ല. ഒരു മതസ്ഥർക്കു മാത്രം ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളിലും സംഘർഷവും വെടിവയ്പ്പും ചാവേർ ആക്രമണങ്ങളും പട്ടിണിയും അഴിമതിയും സകല നീചപ്രവൃത്തികളും നടക്കുന്നതായി അറിയാം. അതിനെല്ലാം ഉത്തരവാദിത്വം വഹിക്കേണ്ടതും മതമോ രാഷ്ട്രീയമോ അല്ല. മനുഷ്യരാണ്. മനുഷ്യർക്കിടയിൽ നന്മയും തിന്മയും ഉണ്ട്. അവ വേർതിരിഞ്ഞിട്ടില്ല. എല്ലാ ജാതി മതസ്ഥരിൽപ്പെട്ടവരും ഒരുമിച്ച് കുറ്റകൃത്യങ്ങൾ ചെയ്യാറുമുണ്ട്. മദ്യപാനവും വ്യഭിചാരവും മയക്കുമരുന്ന് കച്ചവടവും അഴിമതിയും മോഷണവും നടത്തുന്ന മനുഷ്യരിൽ പല മത നാമങ്ങൾ വഹിക്കുന്നവരെ ഒരുമിച്ചു കാണാം. കുറ്റകൃത്യങ്ങൾക്ക് മതമില്ല. ഏതെങ്കിലും ഒരു പ്രത്യേക മതസ്ഥരെയോ വിശ്വാസികളെയോ പ്രയോജനപ്പെടുത്തി രാഷ്ട്രീയലാഭം കൊയ്യുന്നതുകൊണ്ടാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെ ജനം എതിർക്കുന്നത്. അതേ പ്രവൃത്തി മറ്റു പാർട്ടികൾ ചെയ്യുന്നതും ശരിയല്ല.
മതങ്ങളും രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കലാണ് അഭികാമ്യം. എല്ലാ രാഷ്ട്രീയകക്ഷികളും സർവമതസ്ഥരും പാലിക്കേണ്ട ചില മര്യാദകളാായി ഇതിനെ കാണണം. ആർക്കും വോട്ട് ചെയ്യുവാനും ജയിപ്പിക്കുവാനും നൽകപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യത്തെ ഇത് ഹനിക്കുകയില്ല. രാഷ്ട്രീയകക്ഷികൾ മതങ്ങളിൽ കടന്നുകൂടി മുട്ടയിട്ട് രാഷ്ട്രീയം വിരിയിക്കരുത്. മതങ്ങൾ തമ്മിലുള്ള കലഹങ്ങളോ മതത്തിന്റകത്തു നടക്കുന്ന സംഘർഷങ്ങളോ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളാക്കി മാറ്റരുത്. പാർട്ടി വേറെ, മതം വേറെ. രണ്ടിനും വെവ്വേറെ അംഗത്വമാണ്. രാഷ്ട്രീയമുള്ളവർക്ക് മതമോ മതമുള്ളവർക്ക് രാഷ്ട്രീയമോ പാടില്ലായ്കയില്ല. അവർ തമ്മിൽ തമ്മിൽ കൂട്ടിക്കലർത്തി രണ്ടു കൂട്ടരും സമൂഹത്തിൽ നാശം വിതയ്ക്കരുത്. അതിർവരമ്പുകൾ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും വേണം. മതം ആത്മീയമായ കാര്യമാണ്. രാഷ്ട്രീയം ഭൗതിക പ്രധാനമായ വിഷയമാണ്. മതവിശ്വാസികൾ അവരുടെ അളവുകോലുകൾ കൊണ്ട് രാഷ്ട്രീയപ്രവർത്തകരെയും രാഷ്ട്രീയക്കാർ അവരുടെ അളവുകോലുകൾ കൊണ്ട് മതവിശ്വാസികളെയും പരസ്പരം അളക്കരുത്.അവരവരുടെ കർമങ്ങളുടെ ഫലം നല്ലതായാലും ചീത്തയായാലും ചെയ്യുന്നവൻ അനുഭവിച്ചുകൊള്ളട്ടെ. സ്വയം അറിയലാണ് ആദ്യം വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."