HOME
DETAILS

കെ റെയിൽ: സംഘർഷവും ആശങ്കയും ഒഴിവാക്കണം

  
backup
January 05 2022 | 19:01 PM

04562455632-2


കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ആണ് സിൽവർ ലൈനെന്നും കെ റെയിൽ പദ്ധതിയെന്നും പറയപ്പെടുന്ന സംസ്ഥാനത്തെ നിർദിഷ്ട അതിവേഗ റെയിൽപാതാ സംരംഭത്തിന്റെ നടത്തിപ്പുകാർ. പദ്ധതി നിർവഹണവുമായി മുമ്പോട്ട് പോകുമെന്ന് സർക്കാരും നടപ്പാക്കാൻ സമ്മതിക്കില്ലെന്ന വാശിയിൽ പ്രതിപക്ഷവും ഉറച്ചുനിൽക്കുകയാണ്. ഇത്തരമൊരവസ്ഥ തീർച്ചയായും സംഘർഷം സൃഷ്ടിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത ജനസമക്ഷം പരിപാടിയിൽ പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തുണ്ടാകുന്ന നേട്ടങ്ങൾ അദ്ദേഹം പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ വിശദീകരിക്കുകയുണ്ടായി.വീടും തൊഴിലും ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജും യോഗത്തിൽ മുഖ്യമന്ത്രി വിവരിച്ചു. ജനത്തെ പ്രയാസപ്പെടുത്താതെയുള്ള വികസന പ്രവർത്തനമാണ് കെ റെയിൽ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പശ്ചാത്തല സൗകര്യമൊരുക്കാതെ സംസ്ഥാനത്ത് വികസനം ഉണ്ടാക്കാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞത്. കെ റെയിൽ ഗതാഗതരംഗത്ത് വഴിത്തിരിവാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.


കെ റെയിൽ പദ്ധതി കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്. പതിനൊന്ന് ജില്ലകളിലൂടെ പാത കടന്നുപോകുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, കാസർകോട് അടക്കമുള്ള ജില്ലകളിൽ 1961 ലെ കേരള സർവേ അതിരടയാളനിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് കല്ലിടൽ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. അതിനുശേഷമായിരിക്കും ഇവിടങ്ങളിൽ സാമൂഹികാഘാത പഠനവും സർവേയും നടത്തുക. ഇങ്ങനെ ഭൂമി വേർതിരിക്കുന്നതിലൂടെ എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടും എത്ര പേരെ പദ്ധതി ബാധിക്കും എന്നൊക്കെ കൃത്യമായി അറിയാനൊക്കും.


തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 530 കിലോമീറ്ററിൽ പുതിയ സ്റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായി ഈ പാത മാറുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. പദ്ധതി നടപ്പാകുന്നതോടെ കാസർകോട് നിന്നും നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താൻ കഴിയുമെന്നും പറയപ്പെടുന്നു. 63,941 കോടിയിലധികം ചെലവ് വരുന്ന പദ്ധതി 2027 ൽ പൂർത്തിയാകുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കണക്ക് കൂട്ടുന്നുണ്ട്.


വികസനത്തിലേക്കുള്ള പുത്തൻ കുതിപ്പായി പദ്ധതിയെ സർക്കാർ വിശേഷിപ്പിക്കുമ്പോഴും രൂക്ഷമായ എതിർപ്പാണ് പ്രതിപക്ഷത്ത് നിന്നും മറ്റു സംഘടനകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, വിദഗ്ധർ, പദ്ധതി വിരുദ്ധ സംഘടന എന്നിവരെല്ലാം എതിർപ്പുമായി രംഗത്തുണ്ട്. കുടിയൊഴിപ്പിക്കപ്പെടേണ്ടി വരുന്ന സാധാരണക്കാരുടെ പ്രശ്‌നം തന്നെയാണ് അതിൽ പ്രധാനം. പതിനൊന്ന് ജില്ലകളിൽ നിന്നായി 1126 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് ഡി.പി.ആറിൽ പറഞ്ഞിരുന്നു. വിശദമായ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാതപഠനം എന്നിവയൊന്നും നടന്നിട്ടില്ലെന്ന് എതിർപ്പുമായി രംഗത്തുള്ളവരും പറയുന്നു. റെയിൽ പാത കേരളത്തെ കീറിമുറിക്കുമെന്നും ആയിരക്കണക്കിന് വീടുകളും പൊതു കെട്ടിടങ്ങളും ഇല്ലാതാകുമെന്നും പുഴകളുടെ ഒഴുക്കിനെ വരെ തടസപ്പെടുത്തുമെന്നും ഇതൊക്കെ നമ്മുടെ പരിസ്ഥിതിക്ക് വലിയ തോതിൽ ആഘാതം സൃഷ്ടിക്കുമെന്നൊക്കെയാണ് വിദഗ്ധരും പരിസ്ഥിതി സ്‌നേഹികളും പറയുന്നത്.


പാരിസ്ഥിതിക പഠനം തയാറാക്കി, പ്രസ്തുത രേഖയും വിശദമായ പദ്ധതി രേഖയും ജനങ്ങൾക്ക് ചർച്ചയ്ക്കായി നൽകണമെന്ന് സർക്കാരിനെ അനുകൂലിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്. 63,941കോടി രൂപ ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗിൻ്റെ കണക്ക് പ്രകാരം ഒന്നേകാൽ ലക്ഷം കോടിയിലേറെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.


പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന നിലപാട് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവർത്തിക്കുകയുണ്ടായി. നഷ്ടപ്പെടുന്ന ഭൂമിയുടെ വിപണി വിലയേക്കാൾ ഗ്രാമങ്ങളിൽ നാല് മടങ്ങ് നൽകും. നഗര പ്രദേശത്താണെങ്കിൽ രണ്ട് മടങ്ങും നൽകും. പരിസ്ഥിതിലോല പ്രദേശത്തുകൂടിയോ വന്യജീവി സങ്കേതത്തിലൂടെയോ പാത കടന്ന് പോകുന്നില്ല. നദികളുടെയും മറ്റ് സ്വാഭാവിക ജലസ്രോതസുകളുടെയും ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല. 88 കിലോമീറ്റർ ദൂരം തൂണുകളിലൂടെ കടന്നുപോകുന്നതിനാൽ നെൽപ്പാടങ്ങൾക്കോ തണ്ണീർത്തടങ്ങൾക്കോ ഒന്നും സംഭവിക്കില്ല. ഒരോ അഞ്ഞൂറ് മീറ്ററിലും മേൽപ്പാലമോ അടിപ്പാതയോ ഉണ്ടാകുമെന്നതിനാൽ കേരളം വിഭജിക്കപ്പെടുകയില്ല. ആകെ നിർമാണത്തിന്റെ 25 ശതമാനം തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതിനാൽ പൊതുജീവിതത്തേയും പ്രകൃതിയേയും കാര്യമായി ബാധിക്കില്ല. ഇതൊക്കെയാണ് പദ്ധതിക്കെതിരേ രംഗത്തുള്ളവരെയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.


പൗര പ്രമുഖർക്ക് മുമ്പാകെയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പദ്ധതിക്കെതിരേ എതിർപ്പുമായി വീണ്ടും രംഗത്ത് വരികയുണ്ടായി. ജനഹിതം മാനിക്കാതെ പദ്ധതിയുമായി മുമ്പോട്ടുപോകാനാണ് സർക്കാർ ഭാവമെങ്കിൽ, പദ്ധതിക്കായി സ്ഥാപിക്കപ്പെടുന്ന സർവേ കല്ലുകൾ കോൺഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണദ്ദേഹം. ഇത്തരമൊരവസ്ഥ സംജാതമായാൽ തീർച്ചയായും അത് കേരളത്തിന്റെ ക്രമസമാധന നിലയെ ഗുരുതരമായി ബാധിക്കും. കോൺഗ്രസ് പ്രവർത്തകരും, പദ്ധതിയെ എതിർക്കുന്നവരും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് പോലെ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാൽ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുക.


ഈ സന്ദർഭത്തിൽ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണം. കെ റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും. പദ്ധതി നാടിന്റെ ആവശ്യമാണെന്ന് ഇത്തരമൊരു പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടതുണ്ട്. സർക്കാരിന്റെ സഹയാത്രികരായ സി.പി.ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതി സംബന്ധിച്ച ആശങ്കയകറ്റണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ജനസമക്ഷം പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. സംഘർഷഭരിതമായ ഒരന്തരീക്ഷത്തിൽ ഒരു വികസന പ്രവർത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ല. നാടിന്റെ വികസനം ജനങ്ങൾക്ക് വേണ്ടിയാണല്ലൊ. അതവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago