'മുന്നോട്ടു പോവാം'- കേന്ദ്രത്തിന്റെ പുതിയ പാർലമെന്റ് നിർമ്മാണ പദ്ധതിക്ക് സുപ്രിം കോടതിയുടെ അനുമതി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ പാർലമെന്റ് നിർമ്മാണ പദ്ധതിക്ക് സുപ്രിം കോടതി അനുമതി നൽകി. ഏറെ വിവാദമായ പദ്ധതിക്കെതിരെ നൽകിയ ഹരജികൾ കോടതി തള്ളി. ജസ്റ്റിസ് എ.എൻ. ഖാൻവിൽക്കർ അധ്യക്ഷനും ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി.
പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
കേന്ദ്ര സർക്കാറിന്റെ പദ്ധതി നിയമപരവും നിലനിൽക്കുന്നതുമാണെന്ന് മൂന്നംഗ ബെഞ്ചിലെ രണ്ടംഗങ്ങൾ വ്യക്തമാക്കി. ഡൽഹി വികസന അതോറിറ്റിയുടെ നിയമപ്രകാരം പദ്ധതി നടപ്പാക്കുന്നതിന് തടസമില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാൽ പോലും അതിന് മറ്റ് വഴികൾ തേടാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്രയും തുക മന്ദിരത്തിനായി ചെലവഴിക്കുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. പാരിസ്ഥിതിക നിയമങ്ങളും ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും സാമൂഹ്യപ്രവർത്തകർ ആരോപിച്ചിരുന്നു.
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീളുന്ന മൂന്നു കിലോമീറ്റർ രാജ്പഥ് പാതക്ക് ഇരുവശത്തുമായി സമഗ്രമാറ്റം വരുത്തുന്നതാണ് പദ്ധതി. പാർലമെന്റും വിവിധ മന്ത്രാലയങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പുതുക്കി പണിയുന്ന പദ്ധതിക്ക് 20,000 കോടി രൂപ ചെലവുവരും.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022 ആഗസ്റ്റ് 15ന് മുമ്പായി പുതിയ പാർലമെന്റ് നിർമിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രത്തൻ ടാറ്റയ്ക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാറ് മോദി സർക്കാർ കൊടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."