യു.എ.പി.എ കേസ്: താഹ ഫസല്‍ കീഴടങ്ങി
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസല്‍ കീഴടങ്ങി. കൊച്ചി എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്. താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.
കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയിരുന്നില്ല. അലന്റെ പ്രായവും അസുഖവും കണക്കിലെടുത്താണ് ഇളവനുവദിച്ചത്.
കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. ഇതിനെതിരേ എന്‍.ഐ.എ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. താഹയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എ നിലനില്‍ക്കുന്നതിന് തെളിവാണെന്ന എന്‍.ഐ.എയുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയും താഹ ഉടന്‍ തന്നെ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ പ്രായം, മാനസികനില, ചികിത്സ തുടരുന്നത്, പഠനം എന്നിവ പരിഗണിച്ചാണ് അലന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചത്. അലന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2020 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യമനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് 2019 നവംബര്‍ ഒന്നിനാണ് സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന് ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."