'ബൈബിളോ ഗീതയോ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം, ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുത്'- വര്‍ഗീയത നിറച്ച് വീണ്ടും ബി.ജെ.പി
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വര്‍ഗീയത നിറച്ച് വീണ്ടും ബി.ജെ.പി. തിരുപ്പതി ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാകവേയാണ് വോട്ടര്‍മാരോട് വര്‍ഗീയത പറഞ്ഞ് ബി.ജെ.പി തെലങ്കാന നേതാവ് ബന്ദി സഞ്ജയ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ബൈബിളോ ഗീതയോ എന്തു വേണമെന്നത് നിങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് കുമാര്‍ വോട്ടര്‍മാരോട് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് സഞ്ജയ് കുമാര്‍.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഒരു മതവിഭാഗത്തെ മാത്രം പ്രീതിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഹിന്ദുക്കള്‍ ദുബ്ബക ഉപതെരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കുമെന്നും കുമാര്‍ പറഞ്ഞു.
ഭീഷണിയും താക്കീതും നിറഞ്ഞതായിരുന്നു കുമാറിന്റെ വാര്‍ത്താ സമ്മേളനം. ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണം നടക്കുകയാണ്, ഹിന്ദുക്കളുടെ ക്ഷമ പരിശോധിക്കാന്‍ നില്‍ക്കരുത് തുടങ്ങിയ വിദ്വേഷം വമിക്കുന്ന മറുപടികളായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും ഇയാള്‍ നല്‍കിയത്.
ആന്ധ്രപ്രദേശിലെ ജനങ്ങളുടെ ക്ഷമയെ ഭീരുത്വമെന്നു ധരിക്കരുത്. അല്ലെങ്കില്‍ നിങ്ങല്‍ അതിന് വന്‍ വില നല്‍കേണ്ടി വരും- കുമാര്‍ ഭീഷണി മുഴക്കി.
ബി.ജെ.പി നേതാക്കള്‍ തെരുവിലിറങ്ങി വന്ദേമാതരവും, ജയ്ശ്രീറാമും, ഭാരത് മാതാ കീ ജയിയും ഉറക്കെ വിളിച്ചാല്‍ വൈസ്.ആര്‍.സി.പിക്ക് ഓഫിസ് ഒഴിഞ്ഞു പോകേണ്ടിവരുമെന്നും കുമാര്‍ പറഞ്ഞു.
'ലോകം മൊത്തം തിരുപ്പതിയെയാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നിങ്ങള്‍ക്ക് ധര്‍മ്മം വിജയിക്കണമെന്നാണോ അധര്‍മ്മം വിജയിക്കണമെന്നാണോ ആഗ്രഹം. വെങ്കിടേശ്വര സ്വാമിയെ ആരാധിക്കുന്നവര്‍ വരണമെന്നാണോ സ്വാമിയ അപമാനിക്കുന്നവര്‍ വരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്.' കുമാര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."