ജെ.എന്‍.യു കാമ്പസിലെ എ.ബി.വി.പി അതിക്രമത്തിന് ഒരു വര്‍ഷം; അന്വേഷണം എങ്ങുമെത്തിക്കാതെ ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിലെ എ.ബി.വി.പി അതിക്രമത്തിന് ഒരു വര്‍ഷം. വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചൊതുക്കിയ നടുക്കുന്ന സംഭവത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അന്വേഷണം എവിടെയുമെത്തിച്ചിട്ടില്ല ഡല്‍ഹി പൊലിസ്.
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഐഷെ ഘോഷിന് മാത്രം തലയിലേറ്റ പരിക്കിന് 16 തുന്നാണ് വേണ്ടിവന്നത്. ഒരിക്കല്‍ പോലും തന്നോട് അതിക്രമത്തെ കുറിച്ച് അന്വേഷണ സംഘം ചോദിച്ചില്ലെന്ന് ഐഷെ ഘോഷ് പറയുന്നു. തലയില്‍ നാലു തുന്നലുള്ള പ്രഫ. സുചരിത സെന്നിനും സമാന പരാതിയാണുള്ളത്.
കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനായിരുന്നു ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ സംഭവം. നൂറോളം എ.ബി.വി.പി പ്രവര്‍ത്തകരാണ് മാസ്‌കണിഞ്ഞ് ജെ.എന്‍.യു കാമ്പസില്‍ അതിക്രമിച്ചുകടന്നത്. ഇവര്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചൊതുക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. ഇന്ത്യയുടെ അഭിമാന കലാലയത്തിന്റെ മുറ്റത്തും കെട്ടിടങ്ങള്‍ക്കകത്തും മണിക്കൂറുകളോളമാണ് അക്രമിക്കൂട്ടം താണ്ഡവമാടിയത്. നിരവധി പേര്‍ക്ക് ഇതില്‍ പരുക്കേറ്റു.
നാലു ദിവസം കഴിഞ്ഞ് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത ഡല്‍ഹി പൊലിസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഒമ്പതു വിദ്യാര്‍ഥികളുടെ പേര് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചെങ്കിലും രണ്ടു പേര്‍ മാത്രമായിരുന്നു എ.ബി.വി.പിക്കാര്‍. അപ്പോഴും സംഘടനയുടെ പേര് പറയാതെ പൊലിസ് ജാഗ്രത കാണിച്ചു. അവശേഷിച്ചവര്‍ ഇടത് അനുഭാവമുള്ള വിദ്യാര്‍ഥികളുമായിരുന്നു.
100 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭ്യമാണെങ്കിലും ഇതുവരെയും ആരെയെകിലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ പോലും ചെയ്തില്ല. ജെ.എന്‍.യു കേസില്‍ 88ഓളം പേരില്‍നിന്ന് മൊഴിയെടുത്ത പൊലിസ് പരുക്കേറ്റ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സുരക്ഷ ജീവനക്കാര്‍ തുടങ്ങിയവരെയും കണ്ടുവെന്ന് പറയുന്നുവെങ്കിലും ഇരകള്‍ ഈ അവകാശവാദം നിഷേധിക്കുന്നു.
സംഭവത്തില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ ജെ.എന്‍.യു അധികൃതരും അഞ്ചംഗ സമിതിയെ വെച്ചെങ്കിലും അതും എവിടെയുമെത്താതെ അവസാനിച്ച മട്ടാണ്. വസന്ത് കുഞ്ച് പൊലിസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച അന്വേഷണം വൈകാതെ ക്രൈംബ്രാഞ്ചിന് കൈമാറി. 20 അംഗ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.
ഫെബ്രുവരിയില്‍ സമാനമായി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അതിക്രമം നടന്നപ്പോഴും ഇതേ സംഘത്തിന് തന്നെ അന്വേഷണത്തിന്റെ ഉത്തരവാദിത്വം ലഭിച്ചു. കൊവിഡ് കാലത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ഏറെ പഴികേട്ട നിസാമുദ്ദീന്‍ മര്‍കസിനെതിരായ കേസും കൈകാര്യം ചെയ്തത് ഇവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."