ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്
തെഹ്റാന്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്. ജനറല്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ഇന്റര്‍നാഷണല്‍ പൊലിസ് ഓര്‍ഗനൈസേഷനോട് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇറാനിയന്‍ വക്താവ് ഗൊലാംഹുസൈന്‍ ഇസ്മയിലി സ്ഥിരീകരിച്ചു.
ഖാസിം സുലൈമാനിയുടെ വധത്തില്‍ പങ്കാളികളായവര്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഇറാന് ശ്രമിക്കുമെന്നും ഇസ്മയിലി പറഞ്ഞു.ഇത് രണ്ടാംതവണയാണ് ഇന്റര്‍നാഷണല്‍ പൊലിസ് ഓര്‍ഗനൈസേഷനോട് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന് ആവശ്യപ്പെടുന്നത്. ജൂണ്‍ മാസത്തില്‍ തെഹ്റാനിലെ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാഷ്മിര്‍ ട്രംപ് ഉള്‍പ്പെടെ പന്ത്രണ്ടോളം യു.എസ് ഉദ്യോഗസ്ഥര്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.അതേസമയം ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇന്റര്‍പോള്‍ ഇറാന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.
ഇറാന് കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജര്‍മ്മന്‍ എയര്‍ബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാന് പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയിരുന്നു. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം പിന്നിടവെയാണ് ആരോപണവുമായി ഇറാന് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."