വാക്‌സിനേഷനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; ആധാര്‍ വേണം- അറിഞ്ഞിരിക്കാന്‍ 5 കാര്യങ്ങള്‍
ന്യൂഡല്‍ഹി: അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയതിനു പിന്നാലെ, വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം ഡ്രൈ റണ്‍ നടത്തിയിരുന്നു. വാക്‌സിനേഷനു വേണ്ടി മാത്രം CoWIN എന്ന പ്രത്യേക ആപ്പ് അണിയറയിലാണ്. ഇതുവഴിയാകും വാക്‌സിനേഷന്‍ നടപടി നിയന്ത്രിക്കുക. കൊവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് എന്നതിന്റെ ചുരുക്കമാണ് കൊവിന്‍ എന്ന ആപ്പ്.
ഓക്‌സ്ഫഡ്- അസ്ത്രസെനേകയുടെ കൊവിഷീല്‍ഡ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച കൊവാക്‌സിന്‍ എന്നിവയ്ക്കാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്നു കോടി 'മുന്‍നിര' പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലിസ്, കൊവിഡിനെതിരെ നേരിട്ട് പോരാട്ടരംഗത്തുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യം വാക്‌സിനേഷന്‍ നല്‍കുക. മൂന്നു കോടി പേരായിരിക്കും ഈ ഘട്ടത്തില്‍ ഉള്‍പ്പെടുക. ഇവര്‍ക്ക് വാക്‌സിനേഷന്‍ സൗജന്യമായിരിക്കും.
അറിയേണ്ട അഞ്ചു കാര്യങ്ങള്‍
- ക്രമക്കേട് തടയുന്നതിനായി ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്തും. വാക്‌സിനേഷനു വേണ്ടി സന്നദ്ധരാവേണ്ടവര്‍ക്കായി 12 ഭാഷകളില്‍ നിര്‍ദേശങ്ങളടങ്ങിയ എസ്.എം.എസ് എത്തും. രണ്ടു ഡോസുകളും നല്‍കിയ ശേഷം ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാനുമാകും.
- കൊവിഡ് ആപ്പ് നിലവില്‍ സജ്ജമാണെങ്കിലും പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാവില്ല. ഏറ്റവും ആദ്യം വാക്‌സിനേറ്റ് ചെയ്യപ്പെടേണ്ട 75 ലക്ഷം ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങളാണ് ഇപ്പോള്‍ ചേര്‍ക്കുക. ഒഫീഷ്യല്‍സിനു മാത്രമാകും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. പിന്നീടായിരിക്കും പൊതുജനങ്ങളിലേക്ക് എത്തുക.
- ആപ്പ് ലോഞ്ച് ചെയ്താല്‍ മൂന്ന് ഒപ്ഷനുകളുണ്ടാവും. സ്വയം രജിസ്‌ട്രേഷന്‍, വ്യക്തികത രജിസ്‌ട്രേഷന്‍, കൂട്ട രജിസ്‌ട്രേഷന്‍. എന്നാല്‍ ഇത് എന്നു തുടങ്ങുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രജിസ്‌ട്രേഷനു വേണ്ടി സര്‍ക്കാര്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും സാധ്യതയുണ്ട്.
- 50 വയസിനു മുകളിലുള്ളവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് പട്ടിക നോക്കിയായിരിക്കും തയ്യാറാക്കുക. തുടര്‍ന്ന് പൊതുജനങ്ങള്‍ കാണുന്ന വിധത്തില്‍ പട്ടിക പുറത്തുവിടും. ഇതില്‍ പേരില്ലെങ്കില്‍ ജില്ലാ, ബ്ലോക്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെടാം. സ്വന്തമായി രജിസ്റ്റര്‍ ചെയ്യുകയുമാവാം.
- 50 താഴെയുള്ള ഹൃദ്രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തും നേരത്തെ വാക്‌സിനേഷനെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."