പൊലിസിൽ നടപ്പാക്കുന്നത് ആരുടെ അജൻഡ?
കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണോ അതല്ല നിക്ഷിപ്ത താൽപര്യക്കാരാണോ എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് മാസങ്ങളായി. അതിൻ്റെ വ്യക്തമായ മറുപടി നടപടികളിലൂടെ നൽകാൻ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണ് ദിനംപ്രതി പൊലിസിൻ്റെ ഭാഗത്തുനിന്നുണ്ടാവുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി മുഹമ്മദ് റിയാസും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സി.പി.എം ജില്ലാ സമ്മേളനങ്ങളും പൊലിസിൻ്റെ വീഴ്ചകൾ സമ്മതിച്ചിട്ടും സേനയിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ ശമനമില്ലാതെ തുടരുകയാണ്. കെ റെയിൽ പദ്ധതിയിൽ ഉറച്ച നിലപാടുമായി മുമ്പോട്ടുപോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പൊലിസിന്റെ ഇരട്ടത്താപ്പുകൾക്കെതിരേ ഉറച്ച നിലപാട് എടുക്കാൻ കഴിയാതെ പോകുന്നത്? ഏറ്റവുമൊടുവിൽ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിലും പൊലിസിനെതിരേ രൂക്ഷവിമർശനമാണ് ഉയർന്നത്. സമ്മേളനത്തിൽ പങ്കെടുത്ത കോടിയേരി ബാലകൃഷ്ണൻ ജില്ലാ പ്രതിനിധികളുടെ വിമർശനങ്ങൾ ശരിവയ്ക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തു.
അതിന് ശേഷവും പൊലിസ് നടപടികളിലെ ഇരട്ടത്താപ്പിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സമസ്തയുടെ സമുന്നത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ അടക്കമുള്ള നേതാക്കൾക്കെതിരേ തിരൂരങ്ങാടി പൊലിസ് എടുത്ത കള്ളക്കേസ്. മലപ്പുറം ജില്ലയിലെ വെന്നിയൂർ പൂക്കിപ്പറമ്പിൽ തെന്നല മുസ്‌ലിം കോ ഒാഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ സമ്മേളനത്തിൽ പ്രസംഗിച്ചതിനാണ് കേസ്. കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചു എന്നാണ് കേസിനാധാരം. കൊവിഡ് സംബന്ധമായ എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തിയത്. സമ്മേളനം നടത്താൻ പൊലിസ് അനുമതി ലഭിച്ചിട്ടുണ്ട്. മൈക്ക് പെർമിറ്റും അനുവദിച്ചതാണ്. എന്നിട്ടും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന പേരിൽ തിരൂരങ്ങാടി പൊലിസ് കേസെടുത്തത് ആരുടെ നിർദേശ പ്രകാരമാണ്?
സമൂഹമാധ്യമങ്ങളിൽ മുസ്‌ലിംകൾക്കെതിരേ വർഗീയ വിദ്വേഷം പരത്തുന്ന പരാമർശങ്ങൾ നിത്യേനയെന്നോണം തുരുതുരാ വന്നുകൊണ്ടിരുന്നിട്ടും പൊലിസ് ഒരു നടപടിയും എടുക്കുന്നില്ല. ഇതിനെതിരേ പ്രതികരിക്കുന്നവർക്കെതിരേ മുറയ്ക്ക് കേസെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രതീഷ് വിശ്വനാഥ് ഉൾപ്പെടെയുള്ള സംഘ്പരിവാറുകാർ മുസ്‌ലിംകൾക്കെതിരേ നിത്യേന പ്രകോപനപരമായ കുറിപ്പുകളാണ് ഫേസ്ബുക്കിൽ ഇട്ടുകൊണ്ടിരിക്കുന്നത്. ഇത്തരക്കാർക്കെതിരേ പൊലിസ് ഒരു പെറ്റി കേസുപോലും ചാർജ് ചെയ്തതായി അറിവില്ല. സംഘ്പരിവാരിന്റെ വംശീയ വിദ്വേഷ നയങ്ങൾക്കെതിരേ ഫേസ്ബുക്കിൽ വിമർശനം നടത്തിയ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളിയുടെ ഫോണടക്കമുള്ള സാധനങ്ങൾ കേരള പൊലിസ് ശുഷ്ക്കാന്തിയോടെ പിടിച്ചെടുക്കുകയും ചെയ്തത് ദിവസങ്ങൾക്കു മുമ്പാണ്. സമാന അനുഭവങ്ങൾ ദിനംപ്രതി നിരവധി പേർക്കാണുണ്ടാവുന്നത്. ആർ.എസ്.എസിനെ സാമൂഹിക മാധ്യമങ്ങളിൽ വിമർശിച്ചതിനാൽ പലരെയും അറസ്റ്റ് ചെയ്ത സംഭവവും കേരളത്തിലുണ്ടായത് സംസ്ഥാന പൊലിസിൻ്റെ പോക്കിലെ ഭീതിപ്പെടുത്തുന്ന സഞ്ചാരത്തെയാണ് അറിയിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണോ സംസ്ഥാനത്ത് ഇപ്പോൾ പൊതുപരിപാടികളും സി.പി.എം ജാഥകളും നടന്നുകൊണ്ടിരിക്കുന്നത്. സി.പി.എം ജില്ലാ സമ്മേളനങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവർക്കൊന്നും കൊവിഡ് പ്രോട്ടോക്കോൾ ബാധകമല്ലേ! സാധാരണ പൗരൻ എന്താണ് ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ടത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെ തന്നെയാണ് പൊലിസ് ഒരു വിഭാഗത്തിനെതിരേ മാത്രം കേസെടുത്തുകൊണ്ടിരിക്കുന്നത് എന്നല്ലേ? അതല്ല, മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിനും അപ്പുറമാണ് പൊലിസെന്നോ? തൃശൂരിലെ പൊലിസ് അക്കാദമിയിൽ ബീഫ് വിളമ്പുന്നത് നിരോധിച്ചതിനെതിരേ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ നിരോധനത്തെ ന്യായീകരിച്ചു കൊണ്ട് ഐ.ജി സുരേഷ് രാജ് പുരോഹിത് അന്ന് പരസ്യമായി പറഞ്ഞത് മറക്കാറായിട്ടില്ല. പൊലിസ് ആസ്ഥാനത്ത് താൻ ആർ.എസ്.എസ് അജൻഡ നടപ്പിലാക്കുമെന്നും ആരാണ് തടയാൻ വരുന്നതെന്നു കാണട്ടെയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അത്തരം വെല്ലുവിളികളുടെ തുടർച്ചകളാണ് കേരള പൊലിസിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വേണം കരുതാൻ.
ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചൊതുക്കുന്ന പൊലിസ് നയം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചതാണ്. കസ്റ്റഡി മരണങ്ങൾ ഏറെയും ഈ കാലത്താണ് നടന്നത്. യു.എ.പി.എ നിയമങ്ങളുടെ ദുരുപയോഗം രണ്ട് വിദ്യാർഥികൾക്ക് നേരെ ഉണ്ടായി. അവർ സി.പി.എം പ്രവർത്തകരായിരുന്നുവെങ്കിലും അ പേരുകൾ അലൻ ശുഹൈബ്, ത്വാഹ ഫസൽ എന്നിങ്ങനെയായിരുന്നു. അധികാരത്തിന്റെ നിരന്തരമായ ദുരുപയോഗമാണ് രണ്ടാം പിണറായി സർക്കാരിലും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്.
പൊലിസ് തലപ്പത്ത് എടുക്കുന്ന തീരുമാനങ്ങൾ എങ്ങനെ മുസ് ലിം ന്യൂനപക്ഷങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരേ പ്രയോഗിക്കാമെന്ന് ഗവേഷണം നടത്തി നടപ്പിലാക്കുന്ന ഒരു വിഭാഗം പൊലിസിൽ തഴച്ചുവളരുന്നു. വരുന്ന അമ്പത് കൊല്ലത്തേക്കെങ്കിലും കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വരില്ലെന്ന് തീർത്ത് പറഞ്ഞത് ബി.ജെ.പി മുൻ എം.എൽ.എ ഒ. രാജഗോപാലാണ്. ഒ. രാജഗോപാൽ ബി.ജെ.പിക്ക് നൽകിയ ഈ സന്ദേശം ഒരു തിരിച്ചറിവായി എടുത്ത്, അധികാരത്തിൽ വരാൻ കഴിയില്ലെങ്കിൽ ഭരണ സിരാ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ, സാമൂഹിക, കലാ സാംസ്കാരിക രംഗങ്ങളിലും സർക്കാരുകളുടെ മർമസ്ഥാനങ്ങളിലും പൊലിസിലും നുഴഞ്ഞ് കയറുക എന്ന ആർ.എസ്.എസ് അജൻഡയല്ലേ സംസ്ഥാനത്ത് ഇപ്പോൾ പ്രാവർത്തികമായി കൊണ്ടിരിക്കുന്നത്. ഇതാകട്ടെ ദേശീയ തലത്തിൽ ആർ.എസ്.എസ് അതിന്റെ ആവിർഭാവം മുതൽ എടുത്ത തീരുമാനവുമാണ്. ഉദാഹരണങ്ങൾ ഓരോന്നായി പൊലിസിലും വിദ്യാഭ്യാസ രംഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു.
രജീന്ദർ സച്ചാർ കമ്മിഷൻ നൂറ് ശതമാനം വിദ്യാഭ്യാസ സ്കോളർഷിപ്പ് മുസ്‌ലിം വിദ്യാർഥികൾക്കായി മാത്രം ശുപാർശ ചെയ്തതാണ്. യു.പി.എ സർക്കാർ അംഗീകരിച്ച് ഇന്ത്യയൊട്ടാകെ നടപ്പിലാക്കിയ പദ്ധതി കേരളത്തിൽ മാത്രം ഇടത് മുന്നണി ഭരണത്തിൽ നഗ്നമായി അട്ടിമറിക്കപ്പെട്ടു. വഖ്ഫ് നിയമനങ്ങൾ കേരളത്തിൽ മാത്രം പി.എസ്.സിക്ക് വിട്ടു. ഈ പശ്ചാത്തലത്തിൽ നിന്ന് വേണം പൊലിസിലും വിഭ്യാഭ്യാസ മേഖലയിലുമുള്ള ആർ.എസ്.എസ് സ്വാധീനം പരിശോധിക്കാൻ. നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും അധികാരത്തിൽ എത്താൻ കഴിയില്ല എന്ന ബോധ്യത്തിൽ നിന്നായിരിക്കണം എതിർപ്പുകളുണ്ടായിട്ടും പൊലിസിൽ ആർ.എസ്.എസ് അജൻഡ അതിവേഗത്തിൽ നടപ്പിലായിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."