മോദിയെ തിരുത്തുന്ന സത്യപാൽ മാലിക്
ഗിരീഷ് കെ. നായർ
ഒടുവിൽ കഥ മാറിവരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രമാദിത്വത്തിനു നേരേ സ്വന്തം നേതൃനിരയിൽനിന്നു വെടിപൊട്ടിയിരിക്കുന്നു. എല്ലാ കാലവും ക്ഷമിച്ചിരിക്കാനാവില്ലെന്നതിന്റെ നേർച്ചിത്രമാണ് മേഘാലയ ഗവർണർ സത്യപാൽ മാലിക് കാട്ടിത്തന്നിരിക്കുന്നത്. കർഷക സമരത്തിന് അനുകൂലമായും കേന്ദ്ര സർക്കാരിനെതിരേയും അദ്ദേഹം കടുത്ത വിമർശനമുയർത്താറുണ്ട്.ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവും അതുമായി ബന്ധപ്പെട്ടതുതന്നെ. കർഷക സമരവുമായി ബന്ധപ്പെട്ട് മോദിയുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങൾ പങ്കുവച്ചതിനെ തുടർന്നാണ് സത്യപാൽ മാലിക്കിൻ്റെ നിലപാടുകൾ ചർച്ചയായിരിക്കുന്നത്.
കർഷക പ്രശ്നത്തിലിടപെട്ട് മോദിയെ കണ്ടപ്പോൾ രാജ്യത്ത് കർഷകർ മരിച്ചത് തനിക്കു വേണ്ടിയാണോയെന്ന ചോദ്യവും സംഭാഷണത്തിലെ മോദിയുടെ മറ്റു പരാമർശങ്ങളുമാണ് വിവാദമായത്. ഇങ്ങനെയാണ് സത്യപാൽ മാലിക്കിൻ്റെ വിശദീകരണം; മോദിയുമായുള്ള ചർച്ച വാഗ്വാദത്തിൽ അവസാനിച്ചു. അമിത് ഷായെ കാണാൻ അദ്ദേഹം എന്നോട് നിർദേശിച്ചു. അമിത് ഷായെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ, ''അദ്ദേഹത്തിന് (മോദിക്ക്) സമനില നഷ്ടപ്പെട്ടിരിക്കുന്നു. ഒരു നാൾ അദ്ദേഹത്തിനത് (കാർഷിക നിയമങ്ങൾക്കെതിരേയുള്ള കർഷകരുടെ ആശങ്ക) മനസിലാകും. നിങ്ങൾക്ക് ഞങ്ങളെ കാണുന്നതിന് പ്രശ്‌നമൊന്നുമില്ല' എന്നാണ്. കർഷകരുടെ ആശങ്ക മനസിലായപ്പോൾ മോദിജി വിവാദ നിയമങ്ങൾ റദ്ദാക്കി. ഞാൻ പറയുന്നത് നേരത്തെ കേട്ടിരുന്നെങ്കിൽ രാഷ്ട്രീയമായി നേരിട്ട ഈ തിരിച്ചടിയും കർഷക ആത്മഹത്യകളും ഒഴിവാക്കാമായിരുന്നു. പക്ഷേ തർക്കമുണ്ടായതിൽ പിന്നെ എനിക്ക് മോദിയെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടാണ്. എന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ ഒരു കൂസലുമില്ലാതെ ഒഴിവാകും'.
മുമ്പും കേന്ദ്ര സർക്കാരിനെതിരേ കടുത്ത വിമർശനവുമായി സത്യപാൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ പേരെടുത്ത് പറഞ്ഞ് സത്യപാൽ വിമർശിച്ചിരിക്കുന്നത്. ഇത് പാർട്ടിക്ക് മുഖത്തേറ്റ അടിയാണ്. സത്യപാൽ മാലിക് മോദി സർക്കാരിന്റെ ഗവർണർ ആയിപ്പോയി. അതല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുക എന്ന് ഊഹിക്കാൻ പോലും കഴിയില്ല. രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെടുമെന്നുള്ളത് ആദ്യപടിയായേനെ. ബി.ജെ.പിയുടെ വീരശൂര പരാക്രമികളെല്ലാം സത്യപാലിനുമേൽ ചാടിവീണ് വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചേനെ. സ്വന്തം സർക്കാർ നിയമിച്ച ഗവർണറായ താൻ അതേ സർക്കാരിനെ കണക്കിനു പ്രഹരിച്ചു എന്നതാണ് സത്യപാൽ ചെയ്ത കുറ്റം. അത് കുറ്റമാണോ. അധികാരോന്മത്തനായി മനുഷ്യത്വത്തിന്റെ കണികയില്ലാതെ, രാജ്യത്തെ ജനതയുടെ ജീവന് വില കൽപിക്കാതെ പദ്ധതികൾ അടിച്ചേൽപിക്കുന്ന അനുകമ്പയില്ലാത്ത ഭരണാധികാരിയായാണ് സത്യപാൽ പ്രധാനമന്ത്രിയെ തുറന്നുകാട്ടിയിരിക്കുന്നത്.
മോദി സർക്കാർ നാമനിർദേശം ചെയ്ത് നിയമിച്ച ഗവർണറാണ് സത്യപാൽ മാലിക്. എന്തു ചെയ്താലും എല്ലാക്കാലത്തും നേതാവിനെ പൂജിച്ചുകൊണ്ട് കഴിയേണ്ടവരല്ല ഗവർണർമാരെന്നും തെറ്റിനെ വിമർശിക്കാൻ ആർജവം വേണമെന്നുമാണ് സത്യപാൽ പറയാതെ പറയുന്നത്. പ്രധാനമന്ത്രിക്കെതിരേ സത്യപാൽ ഉന്നയിച്ചത് കടുത്ത വിമർശനം തന്നെയാണ്. തന്നെ തേജോവധം ചെയ്യുന്നതാണ് ഗവർണറുടെ പരാമർശമെന്നു തോന്നിയാൽ പ്രധാനമന്ത്രിക്ക് സത്യപാലിനെ ആ സ്ഥാനത്തു നിന്ന് നീക്കാൻ കഴിയും. അങ്ങനെ കടുത്ത നടപടി ആർക്കെതിരേയും ബി.ജെ.പിയും കേന്ദ്ര സർക്കാരും സ്വീകരിച്ചിട്ടുമുണ്ട്. ഇവിടെ പക്ഷേ അത് ചെയ്യില്ലെന്ന് വളരെ വ്യക്തമാണ്. അതിന് നിരവധി കാരണങ്ങളുണ്ട്.
സത്യപാൽ മാലിക് ഒരു സാധാരണ രാഷ്ട്രീയക്കാരനൊന്നുമല്ല. പഴേയ ജനമോർച്ചക്കാരനും ക്രാന്തി മോർച്ച, കോൺഗ്രസ്, ലോക് ദൾ തുടങ്ങി വി.പി സിങിന്റെ കളരിയിൽ വരെ രാഷ്ട്രീയം അഭ്യസിച്ചയാളുമാണ്. ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എത്തിച്ചതുപോലെയാണ് സത്യപാലിനെയും ബി.ജെ.പിയിലെത്തിച്ചത്. രാഷ്ട്രീയത്തിൽ മാന്യത പുലർത്തുന്നവരും അംഗീകരിക്കപ്പെട്ടവരുമാണ് ഇവരിരുവരും. ബി.ജെ.പിയുടെ വർഗീയ മുഖം മിനുക്കാൻ ഇവരിരുവരും ഏറെ ഉപകാരപ്പെട്ടെന്നത് വസ്തുതയാണ്.
പശ്ചിമ യു.പിയിലെ കാർഷിക മേഖലയുടെ പ്രതിനിധിയും ജാട്ട് നേതാവുമാണ് സത്യപാൽ. 22 ജില്ലകളിലെ 14 ശതമാനം ജനങ്ങളും ജാട്ട് വിഭാഗമാണ്. 2014ൽ 77ഉം 2019ൽ 91ഉം ശതമാനം ജാട്ട് വോട്ടാണ് ബി.ജെ.പി നേടിയത്. കാർഷിക നിയമങ്ങൾക്കെതിരേ ജാട്ടുകളും സമരമുഖത്തുണ്ടായിരുന്നു. സത്യപാലിനെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അത് ബി.ജെ.പിയുടെ യു.പിയിലെ വിജയപ്രതീക്ഷയെ ബാധിക്കും. ജാത്യാധിഷ്ഠിത രാഷ്ട്രീയത്തിൽ വിള്ളലുണ്ടാക്കും. മാർച്ചിൽ യു.പിയിൽ കർഷക റാലി കഴിഞ്ഞ് സത്യപാൽ ചോദിച്ചത് ബി.ജെ.പി മന്ത്രിമാർക്ക് പശ്ചിമ യു.പിയിൽ കാലുകുത്താനാവുമോയെന്നാണ്. സംസ്ഥാന രാഷ്ട്രീയത്തിലെത്താൻ കഠിന പ്രയത്‌നത്തിലാണ് ഈ 75കാരൻ. പാർട്ടിയിൽ ഇനി വലിയ സ്ഥാനലബ്ധി ലഭിച്ചേക്കില്ലെന്നതും ഒരു കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."