പ്രധാനമന്ത്രി പെരുവഴിയിലായ സംഭവം ; തിങ്കളാഴ്ച വരെ അന്വേഷണം നിർത്തിവയ്ക്കാൻ സുപ്രിംകോടതി
ന്യൂഡൽഹി
പഞ്ചാബിൽ പ്രധാനമന്ത്രിയെ കർഷകർ തടഞ്ഞ സംഭവത്തിൽ കേന്ദ്രവും പഞ്ചാബ് സർക്കാറും പ്രഖ്യാപിച്ച അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ സുപ്രിംകോടതി നിർദേശം. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സംരക്ഷിക്കാനും പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബഞ്ച് നിർദേശം നൽകി. ഇതുമായി സഹകരിക്കാനും രജിസ്ട്രാർ ജനറലിന് ആവശ്യമായ സഹായം നൽകാനും പഞ്ചാബ് സർക്കാർ, പൊലിസ് മേധാവി, എസ്.പി.ജി, മറ്റു കേന്ദ്ര- സംസ്ഥാന ഏജൻസികൾ എന്നിവർക്കും നിർദേശം നൽകി.
രേഖകൾ ശേഖരിക്കുന്നതിന് രജിസ്ട്രാർ ജനറലിനെ സഹായിക്കാൻ ഛണ്ഡീഗഢ് ഡി.ജി.പി, ഒരു എൻ.ഐ.എ ഉദ്യോഗസ്ഥൻ എന്നിവരെ നോഡൽ ഓഫിസർമാരായി കോടതി നിയമിച്ചു. സുരക്ഷാ വീഴ്ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് വോയ്സ് എന്ന സംഘടന സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
കേന്ദ്രാന്വേഷണം നിർത്തണം: പഞ്ചാബ്
കേന്ദ്രസർക്കാർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു കോടതിയിൽ പഞ്ചാബിന്റെ ആവശ്യം. പഞ്ചാബ് സർക്കാർ വിഷയം നിസാരമായി കാണുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കോടതി അന്വേഷണത്തിനോ മേൽനോട്ടത്തിന് ജഡ്ജിയെ നിയമിക്കുന്നതിനോ എതിർപ്പില്ലെന്നും പഞ്ചാബ് അഡ്വ.ജനറൽ ഡി.എസ് പട് വാലിയ പറഞ്ഞു.
പഞ്ചാബ്
അന്വേഷിക്കേണ്ട: കേന്ദ്രം
പഞ്ചാബ് പ്രഖ്യാപിച്ച അന്വേഷണം നിർത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തു. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജിക്കാരന്റെ ആവശ്യത്തോട് യോജിക്കുന്നുവെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത പറഞ്ഞു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പങ്കുവച്ച വീഡിയോകളും അദ്ദേഹം പരാമർശിച്ചു. പഞ്ചാബ് സർക്കാറിന്റെ അന്വേഷണ സമിതിയിലെ ഒരാൾ ആഭ്യന്തര സെക്രട്ടറിയാണ്. അദ്ദേഹം തന്നെ നിരീക്ഷണത്തിലാകേണ്ട വ്യക്തിയാണെന്നും തുഷാർ മേത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."