പക്ഷികളെ കൊന്നൊടുക്കാന്‍ എളുപ്പമാണ്, പക്ഷേ
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ബാധിച്ചിരിക്കുകയാണ്. പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇടവിട്ടു വന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനിയെ തടയാന്‍ ഫലപ്രദമായ ഒരു വാക്‌സിനും ഇതുവരെ കണ്ടെത്തിയിട്ടില്ല. ലക്ഷങ്ങള്‍ മുടക്കിയ താറാവ്, കോഴി കര്‍ഷകരെ സാമ്പത്തികമായി തകര്‍ത്തുകൊണ്ടിരിക്കുന്ന പക്ഷിപ്പനിയെ തടയാന്‍ അവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണിപ്പോള്‍. പക്ഷികളെ കൊന്നൊടുക്കുന്ന കാഴ്ച കരളലിയിക്കുന്നതാണ്. പക്ഷികളുടെ കുറ്റം കൊണ്ടല്ലല്ലോ ആ മിണ്ടാപ്രാണികള്‍ രോഗബാധിതരാകുന്നത്. അന്‍പതിനായിരം പക്ഷികളെയാണ് കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപതിനായിരത്തിലധികം പക്ഷികളെയാണ് കൊന്നൊടുക്കിയത്. അവശേഷിക്കുന്നവയെ ഇന്നും നാളെയുമായി കൊന്നൊടുക്കിയേക്കാം. രോഗബാധിതരാകുന്ന പക്ഷികളെ കൊല്ലുന്നു, പക്ഷിപ്പനി പടരുമ്പോള്‍ പ്രതിരോധ നടപടികളും സ്വീകരിക്കുന്നു. എന്നാല്‍ പക്ഷിപ്പനി വരാതിരിക്കാനുള്ള പ്രതിരോധ വാക്‌സിനോ, മരുന്നോ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന മൃഗ സംരക്ഷണവകുപ്പുകളുടെ കീഴില്‍ നടക്കുന്നുണ്ടോ. ദേശാടന പക്ഷികളാണ് രോഗവാഹകരെന്ന് പറയപ്പെടുന്നു. ദേശാടന പക്ഷികളില്‍ നിന്നും താറാവുകള്‍ക്കും കോഴികള്‍ക്കും രോഗം പകരാതിരിക്കാനുള്ള വാക്‌സിന്‍ എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതുണ്ട്.
ആലപ്പുഴ, കോട്ടയം ജില്ലകളിലാണിപ്പോള്‍ പക്ഷിപ്പനി കണ്ടെത്തിയത്. മറ്റു ജില്ലകളിലേക്ക് പടരാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചതു വഴി ഇതര ജില്ലകളിലെ പക്ഷികളുടെ കൂട്ടമരണം ഒഴിവാകുമെന്ന് കരുതാം. കൊവിഡ് മഹാമാരി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തകര്‍ത്തതില്‍ നിന്നും കര്‍ഷകരും തൊഴിലാളികളും പതുക്കെ കരകയറിവരുന്നതിനിടയിലാണ് താറാവ് കര്‍ഷകരെയും കോഴിഫാം നടത്തുന്നവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് പക്ഷിപ്പനി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ. രാജു പറയുന്നുണ്ടെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ താമസം പിടിക്കും. നഷ്ടപരിഹാരം വൈകുന്നത് കര്‍ഷകരുടെ മുന്‍കാല അനുഭവങ്ങളുമാണ്. ലക്ഷങ്ങള്‍ മുടക്കിയാണ് കര്‍ഷകര്‍ താറാവ് കൃഷിയും കോഴി വളര്‍ത്തല്‍ ഫാമുകളും തുടങ്ങുന്നത്. കടം വാങ്ങിയും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തുമായിരിക്കാം കര്‍ഷകര്‍ ഇത്തരം കൃഷിയിലേക്കിറങ്ങുന്നത്.
ഓര്‍ക്കാപ്പുറത്ത് വരുന്ന പക്ഷിപ്പനികള്‍ അവരെ സാമ്പത്തികമായും മാനസികമായും തകര്‍ക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന നഷ്ട പരിഹാരത്തുക കൊണ്ടൊന്നും താറാവ്, കോഴി കര്‍ഷകരുടെ നഷ്ടം നികത്താനാവുമെന്ന് തോന്നുന്നില്ല.
പക്ഷികളില്‍ വരുന്ന വൈറല്‍ പനിക്ക് കാരണം ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ്. രോഗം പെട്ടെന്നു പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പകരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. 2003ല്‍ ഓര്‍ത്തോമിക്‌സോ വൈറസുകള്‍ പന്നികളിലും മനുഷ്യരിലും പനി പടര്‍ത്തിയിരുന്നു. ഏഷ്യയിലാകെ ഇതു ഭീതി വിതയ്ക്കുകയും ചെയ്തു. ഓര്‍ത്തോമിക്‌സോ വൈറസുകള്‍ ഘടനാ വ്യത്യാസം വരുത്തിയാണ് പക്ഷികളിലും ജീവിക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്നാണ് പക്ഷിപ്പനി വ്യാപകമാകാന്‍ തുടങ്ങിയതും.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ പക്ഷികളില്‍ കാണുന്ന പനിക്ക് കാരണമായ എച്ച്5എന്‍8 വൈറസുകള്‍ വകഭേദം വന്നാല്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ മാത്രം കണ്ട് മനുഷ്യരെ ബാധിക്കുന്ന പക്ഷിപ്പനിയെ തിരിച്ചറിയാന്‍ പറ്റുകയില്ല. അതിന് ലാബ് ടെസ്റ്റ് തന്നെ വേണ്ടി വരും. കൊവിഡ് പരിശോധന പോലെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ സ്രവം ശേഖരിച്ചതിനു ശേഷം മാത്രമേ രോഗം തിരിച്ചറിയാനാകൂ. കൊവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ പക്ഷിപ്പനിയും വലിയ വെല്ലുവിളിയാണ്. കൊവിഡ് ചൈനയിലെ വുഹാനില്‍ നിന്നു പകര്‍ന്നതു പോലെ 1997ല്‍ ഹോങ്കോങ്ങിലാണ് പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നതായി ആദ്യം കണ്ടെത്തിയത്. അന്ന് ഒട്ടേറെ മരണങ്ങളും സംഭവിച്ചു. ചൈനക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നതായി കണ്ടെത്തി. 2003ലും 2004ലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും മനുഷ്യരിലേക്ക് രോഗമെത്തി. പക്ഷിപ്പനി ഉണ്ടാകുമ്പോള്‍ പക്ഷികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം ബാധിക്കുന്നത്. മുട്ട, മാംസം എന്നിവ ശരിയാംവണ്ണം പാകം ചെയ്യാതെ ഭക്ഷിച്ചാലും രോഗമുള്ളവരുമായി ഇടപഴകിയാലും രോഗം പകരാം. സാധാരണ വൈറല്‍ പനിയുടെ ലക്ഷണമാണ് മനുഷ്യരിലും പക്ഷിപ്പനിയുടെ ലക്ഷണങ്ങളായി കാണിക്കുന്നതെങ്കിലും നേരത്തെ പറഞ്ഞ ലാബ് പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണയം സാധ്യമാകൂ. പനിയും ചുമയും തൊണ്ട വീക്കവും ലക്ഷണങ്ങളാണ്. അപൂര്‍വമായി തലച്ചോറിനെയും രോഗം ബാധിച്ചേക്കാം.
പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ നശിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. പക്ഷികളെ കൊല്ലാതെ രോഗപകര്‍ച്ച തടയാനുള്ള ചികിത്സയാണ് കണ്ടെത്തേണ്ടത്. ഇതോടൊപ്പം മുന്‍കരുതലുകളും സ്വീകരിക്കണം. കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിനു മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രമേ ഉപയോഗിക്കാവൂ. പക്ഷികളെ കൈകാര്യം ചെയ്തതിനു ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ചികിത്സ തേടേണ്ടതുമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും രോഗ പകര്‍ച്ച തടയാന്‍ ഉപകരിക്കും.
കൊവിഡിന് വാക്‌സിന്‍ കണ്ടെത്തിയ ആഹ്ലാദത്തിലാണ് ലോകം. മനുഷ്യരില്‍ വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങിയെങ്കിലും സാധാരണക്കാര്‍ക്ക് ലഭ്യമാകാന്‍ ഇനിയും കാലതാമസം പിടിക്കും. അതിനിടയിലാണ് സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. പക്ഷിപ്പനി പ്രതിരോധത്തിനും വൈകാതെ വാക്‌സിന്‍ കണ്ടെത്തുമെന്ന് ആശ്വസിക്കാം. അതുവഴി ഇനിയും ജനിച്ചിട്ടില്ലാത്ത പക്ഷികളുടെ കൂട്ടമരണം വരുംകാലങ്ങളിലെങ്കിലും ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കാം. രോഗബാധിതരായ പക്ഷികളെ കൊന്നൊടുക്കാന്‍ എളുപ്പമാണ്. അതു പക്ഷേ ശാശ്വത പരിഹാരമല്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."