രണ്ട് വിധി, രണ്ട് നീതി
കോടതികള്‍ വിയോജിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഒപ്പം നിന്നില്ലെങ്കില്‍ അത് ഈ അവകാശങ്ങള്‍ക്ക് ചരമഗീതം എഴുതലാകുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് 2018ല്‍ ഒരു വിധിപ്രസ്താവത്തില്‍ എഴുതിയിട്ടുണ്ട്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് കോടതി ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സുധ ഭരദ്വാജ് അടക്കമുള്ള ആക്ടിവിസ്റ്റുകളെ ഉടന്‍ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് റൊമീലാ ഥാപ്പറും പ്രഭാത് പട്‌നായിക്കും നല്‍കിയ ഹരജിയിലായിരുന്നു ഈ വിധിപ്രസ്താവം. ജസ്റ്റിസ് ചന്ദ്രചൂഢിനൊപ്പം ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കും എ.എന്‍ ഖാന്‍വില്‍ക്കറിനും പക്ഷേ, വ്യത്യസ്ത അഭിപ്രായമായിരുന്നു. അതുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധി ന്യൂനപക്ഷ വിധിയായി. രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറവും ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായവര്‍ ജയിലില്‍ തന്നെ തുടരുകയാണ്.
വ്യക്തിസ്വാതന്ത്ര്യത്തെയും രാഷ്ട്രീയ വിയോജിപ്പുകളെയും സംബന്ധിച്ച് ഭരണഘടനാ കോടതികളില്‍ തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളും സമീപനങ്ങളുമാണുള്ളത്. കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പൗരന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിനു പ്രാമുഖ്യം കൊടുക്കുന്ന വിധിയാണ് ജാമ്യഹരജിയില്‍ പ്രത്യേക കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ പുറപ്പെടുവിച്ചത്. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ എ. ഹരിപ്രസാദും കെ. ഹരിപാലും അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ദേശീയ താല്‍പര്യത്തേക്കാള്‍ മുകളിലല്ല വ്യക്തിസ്വാതന്ത്ര്യമെന്ന് പറഞ്ഞുവച്ചിരിക്കുന്നു. രണ്ടാം പ്രതി താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ട് ജയിലിലേക്ക് തിരികെ അയച്ച ഹൈക്കോടതി ഉത്തരവും സെപ്റ്റംബര്‍ ഒന്‍പതിലെ എന്‍.ഐ.എ കോടതി ഉത്തരവും താരതമ്യം ചെയ്യുന്നത് ഈ ഘട്ടത്തില്‍ പ്രസക്തമാണ്.
ആദ്യം എന്‍.ഐ.എ പ്രത്യേക ജഡ്ജി ഈ കേസിനെ എങ്ങനെയാണ് സമീപിച്ചത് എന്നു നോക്കാം. ഭീകരവാദം രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നമാണെന്ന് വ്യക്തമാക്കിയ കോടതി പക്ഷേ, ഭീകരവിരുദ്ധ നടപടികളുടെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് വിശദീകരിച്ചു. മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ടാകണം ഭീകരവിരുദ്ധ നടപടികള്‍ എന്ന് പി.യു.സി.എല്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി. ഈ രണ്ടു യുവാക്കളും ഒരു ഭീകരകൃത്യത്തില്‍ പങ്കാളിയായെന്നോ, അത്തരമൊരു കൃത്യത്തിനു പ്രേരണയോ പ്രോത്സാഹനമോ, സഹായമോ ചെയ്‌തെന്നോ എന്‍.ഐ.എക്കു പോലും വാദമില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ആശയത്തിലുള്ള വിശ്വാസമോ ഒരു പ്രസ്ഥാനത്തിനു കൊടുക്കുന്ന പിന്തുണയോ ഒരു കുറ്റകൃത്യമായി പരിഗണിക്കാനാകില്ലെന്ന് കോടതി വിധിച്ചു. നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റില്‍ അംഗമാണെന്നു ചൂണ്ടിക്കാട്ടി പൊലിസ് ചുമത്തിയ യു.എ.പി.എ നിയമത്തിലെ ഇരുപതാം വകുപ്പ് എന്‍.ഐ.എ കുറ്റപത്രം നല്‍കിയപ്പോള്‍ ഒഴിവാക്കിയിരുന്നു. അതായത്, അലനും താഹയും മാവോയിസ്റ്റ് സംഘടനയില്‍ അംഗമാണ് എന്നൊരു വാദം എന്‍.ഐ.എക്ക് ഇല്ല. രണ്ടു ചെറുപ്പക്കാരും നിരോധിത സംഘടനയുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അവരുടെ ആശയഗതിയെ പിന്തുണച്ചിരുന്നുവെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു. എന്നാല്‍ അതൊരു ഭീകരകൃത്യം ചെയ്യുന്നതിലേക്കോ അതിനു പിന്തുണയോ സഹായമോ നല്‍കുന്നതിലേക്കോ വളര്‍ന്നതായി ഒരു തെളിവും ഇല്ല. അലനും താഹയ്ക്കുമെതിരേ എന്‍.ഐ.എ ഹാജരാക്കിയ തെളിവുകളെ 12 വിഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്തുകൊണ്ടാണ് കോടതിയുടെ ഈ കണ്ടെത്തലുകള്‍.
മാവോയിസ്റ്റ് ബന്ധത്തിനു തെളിവായി ഹാജരാക്കിയ പ്രസിദ്ധീകരണങ്ങള്‍ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ മാത്രമാണെന്നും അതു ഭീകരവാദത്തിനു പ്രേരണ നല്‍കുന്നതാണെന്ന് പറയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ യുവാക്കള്‍ പങ്കെടുത്ത പരിപാടികള്‍ ഡീമോണിറ്റൈസേഷന്‍ മുതല്‍ തുര്‍ക്കിയിലെ കുര്‍ദ്ദ് വംശഹത്യ വരെ വിഷയമാക്കിയവയാണ്. ആ പരിപാടികള്‍ പരസ്യമായി നടന്നതാണ്. ഒരു വയലന്‍സും ഇത്തരം പരിപാടികളില്‍ ഉണ്ടായിട്ടില്ല. മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന നോട്ടിസ് പ്രതിഷേധത്തിനുള്ള ആഹ്വാനം മാത്രമാണ്. ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്യാനുള്ള ആഹ്വാനമായി അതിനെ കാണേണ്ടതില്ല. കശ്മിരിന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ തുടങ്ങിയ ബാനറുകള്‍, കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രതികരണമാണ്. സാഹചര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഇതിനെ കാണരുത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. സര്‍ക്കാരിന്റെ ഒരു നടപടിക്കെതിരേയുള്ള പ്രതിഷേധമായി ഈ ബാനറുകളെ കണ്ടാല്‍ മതിയെന്നും വിഘടനവാദമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
കമ്മ്യൂണിസം, മാവോയിസം, വര്‍ഗസമരം തുടങ്ങിയവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകൃത്യമല്ല. മാവോയിസം നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിനു നിരക്കുന്നതല്ലെങ്കിലും മാവോയിസ്റ്റാകുക എന്നതു മാത്രമായി ഒരു കുറ്റകൃത്യമല്ലെന്ന ശ്യാം ബാലകൃഷ്ണന്‍ കേസിലെ ഹൈക്കോടതി വിധി എന്‍.ഐ.എ കോടതി ഓര്‍മിപ്പിച്ചു. ഹിംസയ്ക്കുള്ള പ്രേരണയും പ്രോത്സാഹനവും വരുമ്പോഴേ കുറ്റമാകുന്നുള്ളൂ. അങ്ങനെ ഒരു സ്‌പെസിഫിക് കേസ് ഇരുവര്‍ക്കുമെതിരേ ഉണ്ടായിട്ടില്ല. ഇരുവരും വിദ്യാര്‍ഥികളും പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരുമാണ്. മാവോയിസ്റ്റ് സംഘടന നിയന്ത്രിക്കുന്ന രഹസ്യജീവിതമാണ് ഇവരുടേതെന്നു പറയാന്‍ കഴിയില്ല. പ്രതി ഡിപ്രഷന് മരുന്ന് കഴിക്കുന്ന കാര്യവും സൂചിപ്പിച്ചു. ഒരൊറ്റ കുറ്റകൃത്യം പോലും ഈ രണ്ടു പ്രതികളും ചെയ്തതായി അന്വേഷണ ഏജന്‍സിക്ക് വാദമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും നിരോധിത മാവോയിസ്റ്റ് സംഘടനയോട് ചായ്‌വ് ഉണ്ടായിരുന്നു, ഇരുവരും മാവോയിസത്തില്‍ ആകൃഷ്ടരായിരുന്നു എന്നു മാത്രമേ ബോധ്യമാകുന്നുള്ളൂവെന്ന് അസന്നിഗ്ധമായി വ്യക്തമാക്കി. ചുരുക്കത്തില്‍, യു.എ.പി.എ ചുമത്താന്‍ പോന്നതൊന്നും ഈ യുവാക്കള്‍ ചെയ്തിട്ടില്ല. രാഷ്ട്രീയമായ അപഭ്രംശം കൊടുംകുറ്റവാളിയെന്ന് ചാപ്പകുത്തി തുറുങ്കിലടയ്ക്കാന്‍ പര്യാപ്തമായ കാരണമല്ല എന്നുകണ്ടാണ് എന്‍.ഐ.എ പ്രത്യേക ജഡ്ജി ജാമ്യം അനുവദിച്ചത്.
ഇതിനെ തികച്ചും വ്യത്യസ്തമായ വീക്ഷണകോണിലാണ് ഹൈക്കോടതി സമീപിച്ചത്. പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കേസില്ല എന്ന നിഗമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറയുന്നു. എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി വിചാരണാഘട്ടത്തില്‍ എന്നതുപോലെ ഓരോ രേഖയും വിലയിരുത്തി. ജാമ്യഹരജി പരിഗണിക്കുമ്പോള്‍ അത് ആവശ്യമില്ല. പ്രത്യേക ജഡ്ജി പരിധി ലംഘിച്ചു. ജാമ്യമാണ് നിയമം, ജയില്‍ അപവാദവും എന്ന പൊതുതത്വത്തില്‍ നിന്നാണ് ജാമ്യഹരജിയില്‍ വിധി പറഞ്ഞത്. ഇതു സാധാരണ കേസുകള്‍ക്ക് ബാധകമായ തത്വമാണ്. പ്രത്യേക നിയമം ചുമത്തിയ കേസിനെ പ്രത്യേകമായി കാണണമെന്നും വിധിയില്‍ പറയുന്നു.
എന്‍.ഐ.എ കോടതി ജഡ്ജി കേസിന്റെ മെറിറ്റിലേക്കു കടന്നതിനെ വിമര്‍ശിച്ച ഹൈക്കോടതി, കേസിന്റെ മെറിറ്റിലേക്ക് കടന്നുതന്നെയാണ് വിധി പറഞ്ഞത് എന്നതാണു വൈരുധ്യം. യു.എ.പി.എ ചുമത്തിയ കേസുകളില്‍ ജാമ്യം കൊടുക്കുന്നത് അസാധാരണമാണ്. നിയമത്തിലെ 43 ഡി 5 വകുപ്പ് അനുസരിച്ച്, ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ജഡ്ജിക്ക് തോന്നിയാലാണ് ജാമ്യം കൊടുക്കുക. എന്‍.ഐ.എ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചാണ് അങ്ങനെയൊരു നിഗമനത്തിലേക്കു കോടതി എത്തിയത്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമോയെന്ന് കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട വസ്തുതകള്‍ പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് സഹൂര്‍ അഹമ്മദ് വതാലി കേസില്‍ സുപ്രിംകോടതി ഉത്തരവിട്ടത് ഹൈക്കോടതി തന്നെ ഉദ്ധരിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ തന്റെ മുന്നില്‍ വന്ന രേഖകളും തെളിവുകളും എന്‍.ഐ.എ സ്‌പെഷല്‍ ജഡ്ജി പരിശോധിച്ചത് അതിരുകടന്ന നടപടിയാണെന്ന് ഹൈക്കോടതി വിമര്‍ശിക്കുന്നത് ശരിയാണോ?
എന്‍.ഐ.എ സ്‌പെഷല്‍ ജഡ്ജി തെളിവുകളെ ലളിതമായി കണ്ടു എന്നാണ് ഹൈക്കോടതി പറയുന്ന മറ്റൊരു കാര്യം. പ്രതികളുടെ അടുത്തുനിന്ന് കണ്ടെടുത്ത പ്രസിദ്ധീകരണങ്ങള്‍ നിഷ്‌കളങ്കമോ ചെറുതായി കാണാവുന്നതോ അല്ല. കൗതുകത്തിനോ അക്കാദമിക താല്‍പര്യത്തിനോ അല്ല ഇവര്‍ ഇതു സൂക്ഷിച്ചിട്ടുള്ളത്. ഒരു പ്രത്യേക സംഘടനയുടെ മാത്രം സാഹിത്യമാണു പിടിച്ചെടുത്തത് എന്നതു തന്നെ ഇവര്‍ ആ സംഘടനയുടെ ആളുകളാണെന്ന് കരുതാന്‍ പര്യാപ്തമായ തെളിവാണെന്ന് കോടതി പറയുന്നു. പിടികൂടപ്പെട്ട സമയത്ത് ഇരുവരുടെയും കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നുവെന്നത്, രഹസ്യം സൂക്ഷിക്കാനുള്ള സംഘടനാ നിര്‍ദേശം പാലിച്ചതിന്റെ തെളിവായി കോടതി കാണുന്നു. രണ്ടാം പ്രതി താഹയുടെ വീട്ടില്‍നിന്ന് കശ്മിര്‍ പരാമര്‍ശിക്കുന്ന ബാനറുകള്‍ പിടിച്ചെടുത്തത് കോടതി പ്രത്യേകം എടുത്തുപറയുന്നു. രാഷ്ട്രീയമായ വിയോജിപ്പായി ഇതു കാണാന്‍ കഴിയില്ലെന്നും, ഇവ വിഘടനവാദത്തിന്റെ വിത്ത് വിതയ്ക്കുന്ന രേഖകളാണെന്നുമാണ് കോടതി പരാമര്‍ശം.
ഹൈക്കോടതി ഉത്തരവിലെ ഇരുപത്തിയാറാം ഖണ്ഡിക സവിശേഷമായി പരിശോധിക്കേണ്ടതുണ്ട്. യുവാക്കള്‍ നിരോധിത മാവോയിസ്റ്റ് സംഘടനയുടെ അംഗങ്ങളാണെന്നു തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല എന്നത് സത്യമാണെന്ന് കോടതി പറയുന്നു. തുടര്‍ന്ന് പറയുന്നത്, ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം തീര്‍ത്തും രഹസ്യമായാണു നടക്കുന്നതെന്നും അവര്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാറില്ലെന്നും അതുകൊണ്ട് സാഹചര്യങ്ങളില്‍നിന്ന് കാര്യങ്ങള്‍ മനസിലാക്കണം എന്നുമാണ്. സായുധവിപ്ലവം നടത്തിയെന്നോ, എന്തെങ്കിലും അക്രമമോ നശീകരണമോ നടത്തിയെന്നോ, അക്രമങ്ങള്‍ക്ക് പിന്തുണയോ സഹായമോ നല്‍കിയെന്നോ, ധനസമാഹരണം നടത്തിയെന്നോ എന്‍.ഐ.എക്ക് പോലും ആക്ഷേപമില്ല എന്നോര്‍ക്കണം. മാവോയിസ്റ്റ് ആശയത്തോട് ആഭിമുഖ്യം പുലര്‍ത്തി, അതിനെ പിന്തുണച്ചു എന്നതാണ് വ്യക്തമായിട്ടുള്ള ഏക കാര്യം. മാവോയിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാണെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി തന്നെ പറയുന്നു. 11 മാസം ജയിലില്‍ കഴിഞ്ഞ ഒരു ചെറുപ്പക്കാരനെ വിചാരണയ്ക്കു മുന്‍പ് വീണ്ടും ജയിലിലടക്കാന്‍ മാത്രം പര്യാപ്തമായ കാരണമാണോ അയാളുടെ രാഷ്ട്രീയ ആഭിമുഖ്യം?
അലന്‍ ഷുഹൈബിന്റെ പ്രായവും മാനസികാരോഗ്യവും പരിഗണിച്ച് ജാമ്യത്തില്‍ തുടരാന്‍ അനുവദിച്ച കോടതി അതേ പരിഗണന താഹാ ഫസലിനു നല്‍കിയില്ല, 23 വയസു മാത്രം പ്രായമുള്ള വിദ്യാര്‍ഥിയായിട്ടും. താഹയുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അലനെതിരേ ചുമത്താത്ത യു.എ.പി.എ 13ാം വകുപ്പ് താഹക്കെതിരേ ചുമത്തിയിരുന്നു. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം വിശദീകരിക്കാന്‍ സാക്ഷിമൊഴികളും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവര്‍ ചില രേഖകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടുണ്ടെന്നും മാവോയിസ്റ്റ് ബന്ധമുള്ളവരുമായി ഇവര്‍ക്ക് സൗഹൃദം ഉണ്ടായിരുന്നു എന്നുമാണ് ഈ സാക്ഷിമൊഴികള്‍. വിധിയുടെ മുപ്പത്തിയഞ്ചാം ഖണ്ഡികയിലാണ് വ്യക്തിസ്വാതന്ത്ര്യം ദേശീയതാല്‍പര്യത്തിനു താഴെയേ നില്‍ക്കൂ എന്ന് കോടതി പറയുന്നത്. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിയോട് നിര്‍ദേശിച്ചിട്ടുമുണ്ട്.
ലക്ഷക്കണക്കിനു വിചാരണത്തടവുകാരാണ് ഇന്ത്യയിലെ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്നത്. മുഖ്യധാരയോട് ചേര്‍ന്നുനില്‍ക്കാത്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ താഹാ ഫസല്‍ എന്ന വിദ്യാര്‍ഥിയും അവരില്‍ ഒരാളാവുകയാണ്. പ്രത്യേക കോടതിക്ക് പ്രഥമദൃഷ്ട്യാ കേസ് ഇല്ല എന്നു തോന്നിയ വിഷയത്തിലാണ് വീണ്ടും ജയില്‍വാസം. വിചാരണയ്‌ക്കൊടുവില്‍ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയാണെങ്കില്‍ താഹയുടെ നഷ്ടപ്പെട്ടുപോയ വര്‍ഷങ്ങള്‍ക്ക് ആര് സമാധാനം പറയും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."