ഇടതുപക്ഷം ഇടതല്ലാതാവുമോ?
1979 ഒക്ടോബര്‍ 12നു മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കേവലം 51 ദിവസം മാത്രമേ അദ്ദേഹം ആ സ്ഥാനത്ത് ഇരുന്നുള്ളൂ. പിന്തുണച്ച ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ അത് പിന്‍വലിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിയേണ്ടിവന്നത് ചരിത്രം. എങ്കിലും മുസ്‌ലിം ലീഗുകാരനായ സി.എച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴോ അദ്ദേഹം ഭരണത്തിലിരുന്ന കാലത്തോ മുഖ്യമന്ത്രിയുടെ മതം പൊതുമണ്ഡലത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നില്ല. അദ്ദേഹത്തിന്റെ സമുദായം കേരളത്തില്‍ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും മേല്‍ക്കൈ ഏറ്റെടുക്കുന്നു എന്ന ഭീതി പ്രസരിപ്പിക്കപ്പെട്ടിരുന്നില്ല. മറ്റു സമുദായങ്ങള്‍ക്കൊന്നും രക്ഷയില്ല എന്ന ആശങ്ക ഉയര്‍ന്നുവന്നിട്ടില്ല. സി.എച്ച് മുഹമ്മദ് കോയയുടെ മുഖ്യമന്ത്രി സ്ഥാനവും സ്ഥാനമൊഴിയലും ഒരു രാഷ്ട്രീയ വിഷയമായി ഉദിച്ചസ്തമിച്ചു. കോയയോ നമ്പൂതിരിയോ ആര് അധികാരത്തിലിരുന്നാലും കേരളത്തിന്ന് ഒരേ പോലെ. അതായിരുന്നു കേരളത്തിന്റെ പ്രബുദ്ധത.
കൊല്ലം നാല്‍പ്പതുകഴിഞ്ഞു. ലോകത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും ജീവിതത്തിന്റെയും ചിന്തയുടെയും മണ്ഡലങ്ങളില്‍ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടായ ദീര്‍ഘമായ നാലു പതിറ്റാണ്ടുകള്‍. നമ്മുടെ കാഴ്ചപ്പാടുകള്‍ ഇക്കാലത്ത് ഏറെ പുരോഗമനാത്മകമായി, നമ്മുടെ സര്‍ഗശേഷി കൂടുതല്‍ സചേതനമായി, മനുഷ്യര്‍ക്കിടയിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞു. ഈ അവസ്ഥാമാറ്റങ്ങള്‍ക്കെല്ലാം ഒടുവിലാണ് സി.എച്ച് മുഹമ്മദ് കോയയുടെ അതേ രാഷ്ട്രീയകക്ഷിയായ മുസ്‌ലിം ലീഗ് തങ്ങളുടെ എം.പിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ കേരള നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നു എന്ന് തീരുമാനിക്കുന്നത്. ഈ തീരുമാനമെടുക്കുന്നതില്‍ മുസ്‌ലിം ലീഗിന് അവരുടേതായ ന്യായങ്ങളുണ്ടാവാം. മറ്റുള്ളവര്‍ക്ക് എതിര്‍ ന്യായങ്ങളുമുണ്ടാവാം. എന്നാല്‍ തുടര്‍ന്ന് കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും മത പൗരോഹിത്യത്തിന്റെയും നേതൃനിരകളില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ പ്രബുദ്ധ കേരളത്തെ നോക്കി കൊഞ്ഞനം കുത്തുകയാണ്. കേരളം മുസ്‌ലിം തീവ്രവാദത്തിന് അടിയറവ് പറഞ്ഞുകഴിഞ്ഞെന്ന മട്ടിലാണ് അഭിപ്രായപ്രകടനങ്ങളുടെ പോക്ക്. നാല്‍പ്പതു കൊല്ലം കൊണ്ട് നാം ഏറെ പുറകോട്ടു സഞ്ചരിച്ചു.
ലീഗിന്റെ ശരിതെറ്റുകള്‍
പി.കെ കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കുക എന്നത് പ്രസ്തുത പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനമാണ്. അദ്ദേഹത്തെ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ച് ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചതും ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. അത്തരം തീരുമാനങ്ങള്‍ മുന്‍പും പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ മറ്റു കക്ഷികളും ഇത്തരം ചില പരീക്ഷണങ്ങളിലേര്‍പ്പെട്ടതുമാണ്. എന്നാല്‍ ഈ നിലയ്ക്കല്ല കാര്യങ്ങള്‍ നീങ്ങിയത്. കോണ്‍ഗ്രസില്‍ നിന്ന് ലീഗിലേക്ക് യു.ഡി.എഫിന്റെ നേതൃത്വം മാറുന്നു, എന്നുവച്ചാല്‍ മുസ്‌ലിം സമുദായം കേരള രാഷ്ട്രീയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. കുറേക്കൂടി മുന്നോട്ട് കടന്ന് ഇതര സമുദായക്കാര്‍ക്ക് അരക്ഷിതത്വമുണ്ടാവുന്ന തരത്തില്‍ ഒരു മുസ്‌ലിം രാജിതാ കേരളത്തില്‍ വരാന്‍ പോകുന്നു. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ലൗ ജിഹാദും തീവ്രവാദവുമൊക്കെ കടന്നുവന്നു. വെള്ളാപ്പള്ളി നടേശനും ചില ക്രിസ്തീയ സഭാനേതൃത്വങ്ങളും മുസ്‌ലിം സമുദായത്തിനെതിരില്‍ വിമര്‍ശനത്തിന്റെ കുന്തമുനകള്‍ തിരിച്ചുവച്ചു. ഇതുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണം കുറച്ചൊന്നുമല്ല. മുസ്‌ലിം, മുസ്‌ലിമിതരര്‍ എന്ന ദ്വന്ദം സൃഷ്ടിക്കപ്പെടുകയും അത് സമൂഹത്തില്‍ വിഭജനമുണ്ടാക്കുകയും ചെയ്യുന്നതാണ് കാണുന്നത്. ഹിന്ദുത്വ രാഷ്ട്രീയമാണ് ഈ വിഭജനം സൃഷ്ടിക്കുന്നതിന്റെ നേതൃത്വം ഏറ്റെടുത്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം അതിനു പിന്‍ബലമേകുകയും ചെയ്യുന്നു.
മുഖ്യധാരയും മുസ്‌ലിംകളും
മുസ്‌ലിം ലീഗ് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നേതൃസ്ഥാനത്തേക്ക് വരുന്നതിലുള്ള അസഹിഷ്ണുതയുടെ ആന്തരികാര്‍ഥങ്ങള്‍ അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ ഇടതുപക്ഷം കണക്കിലെടുത്തിട്ടുണ്ടോ? കോണ്‍ഗ്രസ് മുക്ത കേരളം എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. അത് സാധ്യമാവണമെങ്കില്‍ യു.ഡി.എഫ് തകരണം. യു.ഡി.എഫിലെ പ്രബലശക്തി മുസ്‌ലിം ലീഗാണ്. ഇത് ചൂണ്ടിക്കാട്ടി ലീഗ് വിരുദ്ധ തരംഗം സൃഷ്ടിക്കുമ്പോള്‍ ഹിന്ദു വോട്ട് എളുപ്പത്തില്‍ കൈക്കലാക്കാമെന്ന ലക്ഷ്യമാണ് പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റേതെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെയധികം അപകടകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ ശരിതെറ്റുകള്‍ക്കും വിജയപരാജയങ്ങള്‍ക്കുമപ്പുറത്തായിരിക്കേണ്ടതല്ലേ ഇടുപക്ഷത്തിന്റെ കാഴ്ചപ്പാടുകള്‍. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ ഇവരായിരിക്കും യു.ഡി.എഫ് രാഷ്ട്രീയത്തെ നിയന്ത്രിക്കുക എന്ന്. അതിന്റെ ധ്വനി വളരെ വ്യക്തം. മുസ്‌ലിം താല്‍പര്യങ്ങളാണ് യു.ഡി.എഫിനെ നിയന്ത്രിക്കുക എന്ന്. ഇത് ഹിന്ദുത്വ തീവ്രവാദത്തിന് പകര്‍ന്നുകൊടുത്ത ഊര്‍ജ്ജം കുറച്ചൊന്നുമല്ല. സോഫ്റ്റ് ഹിന്ദുത്വത്തിന്റെ ഈ പരീക്ഷണം അവര്‍ വിജയകരമായി തുടര്‍ന്നു. അതിന്റെ ഫലം കാണുകയും ചെയ്തു, ഇടതുപക്ഷം നേടിയ മിന്നും ജയത്തില്‍ അത് പ്രകടമാണ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഈ ആയുധം കുറേക്കൂടി തെളിഞ്ഞ മട്ടില്‍ ഉപയോഗിക്കാനാണ് എല്‍.ഡി.എഫ് നിശ്ചയിച്ചിട്ടുള്ളതെന്നാണ് എ. വിജയരാഘവന്റെയും പിണറായിയുടെയും വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുണ്ടാക്കുന്ന വര്‍ഗീയ ധ്രുവീകരണം ഇടതിനെ ഇടതല്ലാതാക്കിയേക്കാം. ബംഗാളിന്റെ അനുഭവം അതാണ്. ഇന്നലെ ബംഗാള്‍ സഞ്ചരിച്ച വഴിയിലൂടെ ഇന്ന് കേരളവും സഞ്ചരിച്ചാലോ!
വടി കൊടുത്തു അടി വാങ്ങി
സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഹിന്ദുത്വ പ്രീണനം യു.ഡി.എഫ് വടി കൊടുത്തു വാങ്ങിയ അടിയാണ് ഒരര്‍ഥത്തില്‍. അവരുടെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധമായിരുന്നു ഈ വടി. മുസ്‌ലിം സമുദായത്തില്‍ കാര്യമായ വേരോട്ടമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയെ ചേര്‍ത്തുപിടിച്ചത് സുന്നികളെ കുറച്ചൊന്നുമല്ല വിഷമത്തിലകപ്പെടുത്തിയത്. എന്നു മാത്രമല്ല, യു.ഡി.എഫിന്റെ മതേതര പ്രതിച്ഛായ തകരാന്‍ അത് കാരണമാവുകയും ചെയ്തു. മതരാഷ്ട്രവാദത്തിന്റെ മുദ്ര യു.ഡി.എഫിനു മേല്‍ ചാര്‍ത്തപ്പെട്ടു. ഈ വഴിക്കുള്ള എല്‍.ഡി.എഫിന്റെ തുടര്‍പ്രചരണങ്ങള്‍ മുസ്‌ലിം സമൂഹത്തിെനതിരായ പൊതുബോധ സൃഷ്ടിയിലാണ് എത്തിച്ചേരുന്നത്. മുഖ്യധാരയില്‍ നിന്ന് അവരെ അകറ്റുന്നത് എത്രത്തോളം ഇടതുപക്ഷ സമീപനമാണ്?
ക്രിസ്തീയ സമൂഹത്തിന്റെ ഇടയില്‍ മുസ്‌ലിം വിരുദ്ധ വികാരം വളരുന്നതിനും ഇടതുപക്ഷം പുലര്‍ത്തുന്ന മുസ്‌ലിം അപരന്‍ എന്ന ആശയം സഹായകമാവുന്നുണ്ട്. സംഘ്പരിവാര്‍ ആവര്‍ത്തിച്ചു പറയുന്ന മുസ്‌ലിം ന്യൂനപക്ഷ പ്രീണനം, ലൗ ജിഹാദ് തുടങ്ങിയ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ഇടതുപക്ഷ നിലപാടുകളുടെ വായന ക്രിസ്ത്യാനികളെ എത്തിച്ചത്. പി.സി ജോര്‍ജ് എം.എല്‍.എ ഒരിക്കല്‍ കേരളത്തില്‍ മുസ്‌ലിം കലക്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതില്‍ പരിതപിക്കുകയുണ്ടായി. കലക്ടര്‍മാരുടെ എണ്ണത്തില്‍ മാത്രമല്ല മുസ്‌ലിം സമുദായത്തിന്റെ പുരോഗതി പ്രതിഫലിക്കുന്നത്. ഇക്കൊല്ലം നടന്ന നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ മുസ്‌ലിം കുട്ടികള്‍ക്കാണ്. ജെ.ഇ.ഇ മെയിനില്‍ ഒന്നാം സ്ഥാനം മുസ്‌ലിം കുട്ടിക്കാണ്. ഐ.ഐ.എം പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് മുസ്‌ലിം കുട്ടിയാണ് നേടിയത്. വിദ്യാഭ്യാസ, പ്രൊഫഷണല്‍ രംഗങ്ങളിലെ ഈ മുസ്‌ലിം നേട്ടങ്ങളെ കോപ്പിയടിച്ചു നേടിയതെന്ന് പറഞ്ഞു എത്ര കാലം ചെറുതാക്കിക്കാണിക്കാന്‍ കഴിയും? സിനിമാ ജിഹാദെന്ന് പറഞ്ഞു കേസരി വാരിക ഒരിക്കല്‍ ചലച്ചിത്ര രംഗത്തെ മുസ്‌ലിം പ്രാതിനിധ്യത്തിനെതിരായി രംഗത്ത് വരികയുണ്ടായി. മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉന്നതിയെ മത തീവ്രവാദവുമായി കൂട്ടിക്കെട്ടാനാണ് സംഘ്പരിവാര്‍ ശ്രമം. മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ മുസ്‌ലിം തീവ്രവാദവുമായി കുട്ടിക്കെട്ടാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം സംഘ്പരിവാറിന് വളംവച്ചു കൊടുക്കുകയേയുള്ളൂ. മുസ്‌ലിം ലീഗല്ല മുസ്‌ലിം ന്യൂനപക്ഷമെന്നും മുസ്‌ലിംകളുടെ കുത്തക ലീഗിനില്ലെന്നും ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. ശരിയാണ്. ഇത് തിരിച്ചും പറയണം. മുസ്‌ലിം ലീഗിന്റേത് സാമുദായികതയോ വര്‍ഗീയതയോ ഇനി തീവ്രവാദം തന്നെയോ ആകട്ടെ അതിന്റെ ഭാരം മൊത്തം മുസ്‌ലിം സമുദായത്തിന്റെ തലയില്‍വച്ചു കൊടുക്കരുത്. നിര്‍ഭാഗ്യവശാല്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് വഴിതെളിക്കുന്ന ഈ വടി ഇടതുപക്ഷം സംഘ്പരിവാറിന്റെ കൈയില്‍ കൊടുക്കരുത്.
ആര്‍ക്കാണ് അപകടം?
ഇനിയും കുഞ്ഞാലിക്കുട്ടിയിലേക്ക് തന്നെ വരാം. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പം? കുഞ്ഞാലിക്കുട്ടിയും ലീഗും പുലര്‍ത്തുന്ന വര്‍ഗ താല്‍പര്യത്തിന്റെ പേരിലല്ല, സാമുദായികതയുടെ പേരിലാണ് ഇപ്പോഴത്തെ എതിര്‍പ്പ്. യു.ഡി.എഫിനെ ഒരു പ്രത്യേക സമുദായക്കാരന്‍ റാഞ്ചിയെടുത്തു എന്നതിന്റെ പേരില്‍ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ മിനക്കെട്ടിരുന്നുവല്ലോ ഒരു ഘട്ടത്തില്‍ ഇടതുപക്ഷം. മാണിക്കാവാമെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കുമായിക്കൂടേ എന്ന മറുചോദ്യത്തിന്ന് എന്താണ് ഇടതുപക്ഷത്തിന്റെ ഉത്തരം. എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായി, ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനറായി. അപ്പോഴൊന്നും സമുദായത്തിന്റെ പേരിലുള്ള തലയെണ്ണല്‍ നടന്നില്ല. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവാന്‍ വരുന്നുവെന്ന് കേള്‍ക്കുമ്പോഴും ഹസന്‍ യു.ഡി.എഫ് കണ്‍വീനറാവുമ്പോഴും സംഘ്പരിവാറിന് ചൊറിഞ്ഞുവരുന്നത് മനസിലാക്കാം. എന്നാല്‍ ഇടതുപക്ഷം ആ ചൊറി മാന്തിക്കൊടുക്കേണ്ടതില്ല. ഗെയില്‍ പൈപ് ലൈനിനെതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ പോലും ടി.വി ചര്‍ച്ചയില്‍ ഇടതുപക്ഷ സഖാക്കള്‍ മതതീവ്രവാദവുമായി കുട്ടിക്കെട്ടുമ്പോള്‍ മറ്റെന്താണ് കരുതേണ്ടത് ?
മുസ്‌ലിം ലീഗോ യു.ഡി.എഫോ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമല്ല ഇടതുപക്ഷത്തിന്റേത്. ആവുകയും അരുത്. പക്ഷേ തുടര്‍ഭരണം േനടിയെടുക്കുവാന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ മുഖ്യധാരയുടെ പുറത്തേക്കു ആട്ടിത്തെളിക്കുന്ന സമീപനമാവരുത് അത്. അതിനുള്ള പരോക്ഷസാധ്യത പോലും ഇടതുപക്ഷത്തെ ഇടതുപക്ഷമല്ലാതാക്കും. വര്‍ഗീയ ഹിന്ദുത്വത്തിന് ഇന്ധനം നിറച്ചുകൊടുക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."