കൊവിഡ്: വൈറസിന്റെ ജനിതകമാറ്റം; കേരളം പഠനം തുടങ്ങി
തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി. പതിനാല് ജില്ലകളേയും ഉള്‍പ്പെടുത്തിയാണ് പുതിയ പഠനം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ചിന്റെ കീഴിലുള്ള ഡല്‍ഹി ആസ്ഥാനമായ ജിനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം.
ആര്‍.എന്‍.എ വൈറസിന്റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് വൈറസിന്റെ നാലായിരത്തിലധികം പുതിയ വകഭേദമാണ്. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്. 14 ജില്ലകളില്‍ നിന്നും 25 സാംപിളുകള്‍, ഒരു മാസം 1,400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വന്‍സിങ് ചെയ്യും. സ്രവ സാംപിള്‍ ശേഖരണവും നിരീക്ഷണവുമെല്ലാം എന്‍.എച്ച്.എം ചെയ്യും. 68 ലക്ഷം രൂപയാണ് പഠനത്തിനായി ചെലവഴിക്കുക.
ബ്രിട്ടനില്‍ കണ്ടെത്തിയ അതിവേഗ വൈറസ് വകഭേദം കേരളത്തിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നതായോ മരണനിരക്ക് കൂടുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ചികിത്സാ രീതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. അതേസമയം പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."