സുപ്രഭാതം വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി
രാജ്യത്തിന്റെയും മതേതരത്വത്തിന്റെയും കാവലാളാവാന്‍ സുപ്രഭാതത്തിന് കഴിയും: കെ. മുരളീധരന്‍
കോഴിക്കോട്: രാജ്യത്തെയും മതേതരത്വത്തെയും സ്‌നേഹിക്കുന്ന സുപ്രഭാതത്തിന് അതിന്റെ കാവലാളാവാന്‍ ഇനിയും സാധിക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍.
സുപ്രഭാതം വാര്‍ഷികപ്പതിപ്പ് 2021 പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടവും കോടതികളും പ്രതികൂലമായാലും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ അവസാനഘട്ടം വരേ പോരാടാന്‍ സത്യത്തിന്റെ പേരില്‍ നിലകൊള്ളുന്ന സുപ്രഭാതം പത്രത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജനവികാരങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്ന വലിയ ധര്‍മത്തില്‍ ഇനിയും അത് മുന്നോട്ടുപോവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ജാതിയും വര്‍ഗവും ഭാഷയുമെല്ലാം കൊണ്ട് സങ്കീര്‍ണമായ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ അത് ഫലവത്താവില്ലെന്ന അഭിപ്രായമായിരുന്നു പണ്ട് ബ്രിട്ടീഷുകാര്‍ പറഞ്ഞത്. എന്നാല്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു ഭരണഘടനയായിരുന്നു നമ്മള്‍ അതിന് മറുപടിയായി നല്‍കിയത്. നാനാത്വത്തിലെ ഏകത്വം നമ്മള്‍ കാണിച്ചു കൊടുത്തു. പക്ഷേ, ഇന്ന് നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും നശിപ്പിക്കുന്ന രീതിയാണ് രാജ്യം ഭരിക്കുന്നവര്‍ സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി പാര്‍ലമെന്റ് മന്ദിരം പണിയാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എവിടെയും സ്വന്തം അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. സത്യം മരിക്കാതിരിക്കാന്‍ ഓരോ മനുഷ്യനും ശ്രമിക്കേണ്ടതുണ്ടെന്നും എല്ലാ പുണ്യപുരുഷന്‍മാരും അതാണ് ചെയ്തതെന്നും ചടങ്ങില്‍ പങ്കെടുത്ത സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.
സുപ്രഭാതം നടത്തിയ കഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എമില്‍ മാധവിക്ക് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സമ്മാനദാനം നടത്തി. രണ്ടാം സ്ഥാനം നേടിയ സെമീരയ്ക്ക് കെ. മുരളീധരനും സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു. ഡി.ജി.എം അസ്‌ലം വി. നന്ദി പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."