കര്‍ഷക സമരം: ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെന്ന് സുപ്രിംകോടതി
ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്രം
11ന് സുപ്രിംകോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കേസില്‍ സുപ്രിംകോടതി ഈ മാസം 11ന് വാദം കേള്‍ക്കും. ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം കോടതിക്കു പുറത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കേന്ദ്രത്തിന്റെ ഉറപ്പില്‍ പുരോഗതിയൊന്നുമുണ്ടായില്ലെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
എന്നാല്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആരോഗ്യകരമായ ചര്‍ച്ച തുടരുകയാണെന്നും മേത്ത പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം തങ്ങള്‍ക്കറിയാമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് കോടതിയും താല്‍പര്യമെടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സൗകര്യമൊരുക്കാനാണ് കോടതി ശ്രമിക്കുന്നത്. കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റുകയാണ്. അന്ന് താങ്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ വീണ്ടും മാറ്റാമെന്നും കോടതി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് പറഞ്ഞു.
മൂന്നു കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്ത് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി പ്രധാനമായും പരിഗണിച്ചത്. ഈ ഹരജിക്കൊപ്പം ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അവിടെ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും പരിഗണിക്കുന്നുണ്ട്. സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് റോഡ് തടഞ്ഞാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നാണ് ഹരജിയിലെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."