കാതലുള്ളതും പൂതലുള്ളതും
നിരന്തരം അടിവാങ്ങിക്കൊണ്ടേരിയിക്കുന്ന ചെണ്ടയോട് ഉത്സവപ്പറമ്പിലെത്തിയ പിഞ്ചുബാലന്‍ ചോദിച്ചു: ''ഈ തീരാദുരിതം വിധിക്കപ്പെടാന്‍ എന്തു പാപമാണു നീ ചെയ്തുകൂട്ടിയത്?''
അല്‍പം വിഷമത്തോടെയാണെങ്കിലും ചെണ്ട പറഞ്ഞു: ''പാപകര്‍മമല്ല, അകംപൊള്ളയായതാണ് എനിക്കീ ഗതി വരുത്തിവച്ചത്.''
ചെണ്ടയ്ക്കു രണ്ടു സവിശേഷതയുണ്ട്. ഒന്ന്: ആര്‍ക്കും എപ്പോഴും എത്രയും കൊട്ടാം. രണ്ട്: ചെറിയൊരു കൊട്ടു കിട്ടുമ്പോഴേക്കും അതു ഭീകരമായ ശബ്ദമുണ്ടാക്കും. ദൂരങ്ങള്‍ താണ്ടുന്നതാണ് അതിന്റെ അലയൊലികള്‍. രണ്ടിനും കാരണം പൊള്ളയായിക്കിടക്കുന്ന ഉള്ളുതന്നെ.
ഇനി ചെണ്ടയുടെ ചുറ്റളവുള്ള ഒരു മരത്തടിയെടുക്കുക. അതിനും കാണാം രണ്ടു സവിശേഷത. ഒന്ന്: ആരും അതിനെ കൊട്ടാന്‍ നില്‍ക്കില്ല. രണ്ട്: കൊട്ടിയാല്‍തന്നെ ഭീകരമായ ശബ്ദവുമുണ്ടാവില്ല. രണ്ടിനും കാരണം കാതലുള്ള അതിന്റെ ഉള്ളുതന്നെ.
അകത്തു കാതലുള്ളവരും അകം പൂതലായവരും തമ്മിലുള്ള അന്തരം ഇതു തന്നെയാണ്. രണ്ടുപേര്‍ക്കും ഒരേ വിലയായിരിക്കില്ല. കാതലുണ്ടങ്കില്‍ മൂല്യം കൂടും. പൂതലായിപ്പോയിട്ടുണ്ടെങ്കില്‍ വിറകുതടിയായി ശേഷിക്കും.
ജ്ഞാനിയോടുള്ള സമീപനമല്ലല്ലോ അജ്ഞാനിയോടുള്ള സമീപനം. കാഴ്ചപ്പാടുകളുള്ളവനു ലഭിക്കുന്ന പരിഗണനയല്ല കാഴ്ചക്കാരനു കിട്ടുന്നത്. വിവേകശാലിയോടുള്ള നിലപാടും വിവേകശൂന്യനോടുള്ള നിലപാടും തമ്മില്‍ പ്രകടമായ അന്തരം കാണും. കാര്യപ്പെട്ടവര്‍ക്കു കിട്ടുന്ന പ്രതികരണവും കാര്യശൂന്യര്‍ക്കു കിട്ടുന്ന പ്രതികരണവും തമ്മില്‍ അജഗജാന്തരമുണ്ട്. കനമുള്ളതിനെയും കനപ്പെട്ടതിനെയും അലസമായി കൈകാര്യം ചെയ്യാന്‍ കഴിയില്ല. നിറഞ്ഞുനില്‍ക്കുന്നതിനെ എടുത്തുയര്‍ത്താന്‍ തന്നെ പാടാണെങ്കില്‍ എങ്ങനെ പിന്നെ തട്ടിക്കളിക്കെടുക്കും? ചെണ്ടയ്ക്കകത്തു കനമുണ്ടായിരുന്നുവെങ്കില്‍ ആരും അതിനെ കൊട്ടാനെടുക്കുമായിരുന്നില്ല. കൊട്ടുന്നതു പോയിട്ട് എടുക്കാന്‍തന്നെ മുതിരുമായിരുന്നില്ല.
അകം പൊള്ളയാകുമ്പോള്‍ എല്ലാം പൊള്ളയായിത്തീരും. സംസാരത്തിനു കാമ്പ് നഷ്ടപ്പെടും. സമീപനങ്ങള്‍ക്കു സ്വാധീനശേഷി കുറയും. വാഗ്ദാനങ്ങള്‍ക്കു പുല്ലുവില പോലും കിട്ടാതാകും. വിശ്വസിക്കാന്‍ ഒരാളെയെങ്കിലും കിട്ടിയാല്‍ ലാഭം എന്നു കരുതേണ്ടി വരും.
അകക്കാമ്പുണ്ടാകുന്നതും അകക്കാമ്പില്ലാതിരിക്കുന്നതും ജീവിതയാത്രയില്‍ നിര്‍ണായകമാണ്. കാമ്പുണ്ടെങ്കില്‍ ആരും തൊട്ടുകളിക്കില്ല. ശല്യപ്പെടുത്താന്‍ ആരും മുതിരില്ല. സുഗമമായി യാത്ര തുടരാം. കാമ്പില്ലെങ്കില്‍ തട്ടിക്കളിക്കാന്‍ കുട്ടികള്‍ പോലും മുന്നോട്ടുവരും. യാത്ര ലക്ഷ്യസ്ഥാനത്തെത്തുകയുമില്ല. ഉള്‍ക്കനമുണ്ടാകുമ്പോഴാണു പിടിച്ചുനില്‍ക്കാന്‍ കഴിയുക. ഇല്ലെങ്കില്‍ പ്രതിസന്ധികളില്‍ വിയര്‍ത്തു കുളിക്കും. കാമ്പുള്ളവര്‍ മറ്റുള്ളവരുടെ ബാധ്യതകള്‍ കുറയ്ക്കുമ്പോള്‍ കാമ്പില്ലാത്തവര്‍ എല്ലാവര്‍ക്കും ബാധ്യതയായിത്തീരുന്നു.
ചിലരെ ശ്രദ്ധിച്ചിട്ടില്ലേ. ആര്‍ക്കും കയറിക്കൊട്ടാവുന്ന ചെണ്ടകളായി കഴിയുന്നവര്‍. ആര്‍ക്കും തട്ടിക്കളിക്കാവുന്ന കാല്‍പന്തുകളായി അധഃപതിച്ചിരിക്കുന്നവര്‍. പിഞ്ചുകുട്ടികള്‍ക്കുപോലും അവര്‍ പരിഹാസപാത്രങ്ങളായിരിക്കും. പ്രസക്തിയര്‍ഹിക്കുന്ന ഇടങ്ങളിലൊന്നും അവര്‍ക്കു സീറ്റു ലഭിക്കില്ല. ഗൗരവമര്‍ഹിക്കുന്ന ചര്‍ച്ചകളിലൊന്നും അവരുടെ വാക്കുകള്‍ക്കു വിലയുണ്ടാകില്ല. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലാണ് അവര്‍ക്കുള്ള ഇരിപ്പിടവും പാര്‍പ്പിടവും. എന്താണു കാരണം? സമൂഹം അവരോട് വിവേചനപരമായി പെരുമാറുന്നതാണോ? വംശത്തിന്റെയോ ജാതിയുടെയോ പേരില്‍ നേരിടുന്ന അവഗണനയാണോ? ഒരിക്കലുമല്ല.
കാമ്പില്ലാത്ത പഴം വലിച്ചെറിയപ്പെടുക സ്വാഭാവികമാണല്ലോ. ഉള്ളു പൊള്ളായായി നില്‍ക്കുന്ന പന്തിനു തട്ടുകള്‍ കിട്ടിക്കൊണ്ടേയിരിക്കും. വാ തുറന്നാല്‍ പ്രസക്തമായതൊന്നും പറയാനില്ലാത്തവരെ കേള്‍ക്കാന്‍ ആളുകളെ കിട്ടുമോ? കൂടെ കൂട്ടിയാല്‍ പേരുദോഷം ഉണ്ടാക്കുന്നവരെ കൂട്ടിനു നിര്‍ത്താന്‍ ആരെങ്കിലും തയാറാകുമോ? ഉപകാരമൊന്നും പ്രതീക്ഷിക്കാനില്ലാത്തവരെ പരിഗണിക്കാന്‍ ആര്‍ക്കെങ്കിലും മനസു വരുമോ?
ഉള്‍ക്കാമ്പില്ല എന്നതിനു സ്വന്തമായ നിലപാടില്ല എന്നര്‍ഥം കൂടിയുണ്ട്. സാഹചര്യം എവിടെ കൊണ്ടെത്തിക്കുന്നുവോ അവിടെ കഴിയാനായിരിക്കും വിധി. അതിനപ്പുറം സാഹചര്യങ്ങളെ നിയന്ത്രിക്കാനോ അതിജീവിക്കാനോ കഴിയില്ല. കാല്‍പന്തിനെ പോലെയാണവര്‍. അകം ശൂന്യമായതുകൊണ്ട് ആര്‍ക്കും തട്ടിക്കളിക്കാം. എവിടെക്കാണോ തട്ടു കിട്ടുന്നത് അവിടെക്കു പോകും. ഇനിയൊരു തട്ടും കിട്ടിയില്ലെങ്കില്‍ നിന്നിടത്തുതന്നെ നിന്ന് കാലംതീര്‍ക്കും.
ഉള്ളുള്ളവരാണ് കൊള്ളാവുന്നവര്‍. ഉള്ളില്ലാത്തവര്‍ അതിവേഗം തള്ളപ്പെടും. ഉള്‍ക്കാമ്പുള്ളവര്‍ മാന്യതവിട്ടു പെരുമാറാതിരിക്കുമ്പോള്‍ ഉള്ളുപൊള്ളയായവര്‍ക്ക് മാന്യത അത്യധികം അരോചകവും മടുപ്പുളവമാക്കുന്നതുമായിരിക്കും. അകക്കാമ്പുള്ളവര്‍ അലറുകയില്ല, മാന്യമായി പറയുകയേ ഉള്ളൂ. അകം പൊള്ളയായവര്‍ പറയുകയില്ല, അലറുകയേ ഉള്ളൂ. അകമൊഴിഞ്ഞ പാത്രം പോലെയാണവര്‍. ചെറിയൊരു തട്ടു കിട്ടുമ്പോഴേക്കും അതിന്റെ ശബ്ദം പരിസരങ്ങളില്‍ അലയടിക്കും. ചെറിയൊരു പ്രയാസം വരുമ്പോഴേക്കും അലമുറയിടുന്നത് വേണ്ടത്ര കാമ്പില്ലാത്തതുകൊണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."