കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ട്രംപിനെ 'കുടിയൊഴിപ്പിക്കാന്‍' വഴികള്‍ തേടി കാബിനറ്റ്
വാഷിങ്ടണ്‍: ജനവിധി അംഗീകരിക്കാന്‍ തയാറാവാത്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി യു.എസ് കാബിനറ്റ് അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിനെ പുറത്താക്കുന്നതിനുള്ള സാധ്യതകള്‍ കാബിനറ്റ് അംഗങ്ങള്‍ തേടുന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതിയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരു പ്രസിഡന്റിന് തന്റെ ഓഫിസിന്റെ അധികാരങ്ങളും ചുമതലകളും നിറവേറ്റാന്‍ കഴിയുന്നില്ല എന്ന് വിധിക്കുകയാണെങ്കില്‍ വൈസ് പ്രസിഡന്റിനും കാബിനറ്റിനും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ അനുവദിക്കുന്നതാണ് ചട്ടം.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബെഡന് അധികാരമേറ്റെടുക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് എംപിമാര്‍ 25ാം ഭേദഗതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡെമാക്രാറ്റിക് ഹൗസ് ജൂഡീഷ്യറി കമ്മിറ്റി വൈസ് പ്രസിഡന്റ് പെന്സിന് കത്തയക്കുകയും ചെയ്തു.
ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ നടപ്പാകണമെങ്കില്‍ വൈസ് പ്രസിഡന്റ് മെക്കല്‍ പെന്‍സ് മുന്നിട്ടിറങ്ങണം. അതേസമയം മൈക്കല്‍ പെന്‍സ് ഇതുവരെ ഔപചാരികമായി ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്നും എന്നാല്‍ അഭൂതപൂര്‍വ്വമായ നീക്കത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നാതായും സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."