സഊദിയിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് ഹെൽത്ത് പാസ്‌പോർട്ടുമായി ആരോഗ്യ മന്ത്രാലയം
റിയാദ്: സഊദിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഹെൽത്ത് പാസ്‌പോർട്ടുമായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ "സിഹതീ" ആപ്ലിക്കേഷൻ വഴിയാണ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ആരോഗ്യ പാസ്‌പോർട്ടുകൾ നൽകുക. സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയും സഊദി ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായിയ) ചെയർമാൻ അബ്ദുല്ലാഹ് അൽ ഗാംദിയും സംയുക്തമായാണ് ഇത് പ്രഖ്യാപിച്ചത്. വാക്‌സിൻ സ്വീകരിച്ചവരെ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് പുതിയ സംവിധാനം.
സഊദി ഡാറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായിയ) യുമായി സഹകരിച്ച് തവക്കൽന ആപ്ലിക്കേഷനുമായി ചേർന്നാണ് പുതിയ സംവിധാനം സജ്ജീകരിക്കുന്നത്. വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചവരെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സംവിധാനമെന്ന് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ മുഴുവൻ ആളുകളോടും വാക്‌സിൻ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പടുകയും ചെയ്‌തിട്ടുണ്ട്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വദേശികൾക്കും പ്രവാസികൾക്കും സുരക്ഷിതവും അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിച്ചതുമായ വാക്സിൻ നൽകാൻ സഊദി പ്രതിജ്ഞാബദ്ധമാണ്. കൊവിഡ് 19 മഹാമാരിക്കെതിരെ ശക്തമായി പ്രതികരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറാൻ ഇത് സഊദിയെ സഹായിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ പറഞ്ഞു. കൊവിഡ് വാക്‌സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കുന്നവർക്കാണ് പാസ്‌പോർട്ടുകൾ നൽകുകയെന്നും ആരോഗ്യ പാസ്‌പോർട്ട് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സഊദിയെന്നും ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായിയ) ചെയർമാൻ അബ്ദുല്ലാഹ് അൽ ഗാംദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."