സഊദിയിൽ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശിവത്ക്കരണം ഈ മാസം തുടങ്ങും
റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ എഞ്ചിനീയറിങ് ജോലിയിൽ പ്രഖ്യാപിച്ച സഊദി വത്കരണം ഈ മാസം മുതൽ നടപ്പിലാക്കി തുടങ്ങും. ഈ മേഖലയിൽ ഇരുപത് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. വിവിധ ഗവൺമെൻറ് വകുപ്പുകളുടെ പങ്കാളിത്തത്തിലും സഹകരണത്തിലും മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണ പ്രക്രിയകളുടെ തുടർച്ചയാണ് പുതിയ തീരുമാനം. എഞ്ചിനീയറിങ് പ്രൊഫഷനുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്. നിരവധി സഊദി വിദ്യാര്‍ഥികള്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയാണെന്നും അവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ 5500 സഊദിഎഞ്ചിനീയർമാർ തൊഴിൽ അന്വേഷിക്കുകയാണെന്നാണ് കണക്കുകൾ.
സ്വകാര്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിങ് ജോലികൾ 20 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം മുഖേന സ്വദേശികൾക്ക് 7000 ത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിഗമനം. ഇങ്ങനെ നിയമിക്കുന്ന സഊദി എഞ്ചീനീയര്‍മാര്‍ക്ക് ഏഴായിരം റിയാല്‍ ആണ് കുറഞ്ഞ ശമ്പളം നല്‍കേണ്ടത്. ആദ്യഘട്ടത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സുപ്രധാന എഞ്ചിനീയറിങ് ജോലികളിലാണ് തീരുമാനം നടപ്പാക്കുക. സ്വദേശികൾക്ക് എഞ്ചിനീയറിങ് രംഗത്തെ സുപ്രധാന മേഖലകളിൽ തൊഴിലവസരങ്ങൾ നേടാൻ സാധിക്കന്നതോടൊപ്പം ഈ മേഖലയിൽ തൊഴിലെടുക്കുന്ന നിരവധി വിദേശികൾക്ക് തൊഴിൽ നഷ്‌ടമാകുകയും ചെയ്യും. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സഊദി പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വകാര്യ മേഖലയിൽ എൻജിനീയറിങ് ജോലികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ 'മുഹെൽ'എന്ന ആപ് വഴി ത്വരിതപ്പെടുത്താനും പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ഇലക്ട്രിക്കൽ എഞ്ചിനീയർ, അഗ്രികൾച്ചറൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ, ജിയോളജിക്കൽ എഞ്ചിനീയർ, ഏവിയേഷൻ എഞ്ചിനീയർ, ഓയിൽ എഞ്ചിനീയർ, മൈൻസ് എഞ്ചിനീയർ, മിലിറ്ററി എയർ ക്രാഫ്റ്റ് എഞ്ചിനീയർ, മറ്റു സ്പെഷ്യൽ വിഭാഗങ്ങൾ ഉൾപ്പെടെ 117 തരം എൻജിനീയറിങ് ജോലികളിലാണ് 20 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ സഊദിവത്കരണ വിഭാഗമാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അതേസമയം, വിദേശിയെ സംബന്ധിച്ച തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നത് കൗൺസിലിെൻറ അധികാരപരിധിയിൽ വരുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി. അത് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിക്ഷിപ്തമാണെന്നാണ് അധികൃതർ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."