സഊദി വ്യോമാതിർത്തിയിലൂടെ ഖത്തർ വിമാനങ്ങൾ യാത്ര പുനഃരാരംഭിച്ചു, സഊദി സർവ്വീസ് ഉടൻ
റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം സഊദി അറേബ്യ പിൻവലിച്ചതിനെ തുടർന്ന് സഊദി വ്യോമാതിർത്തിയിലൂടെ ഖത്തർ വിമാനങ്ങളുടെ യാത്ര പുനഃരാരംഭിച്ചു. മൂന്നര വർഷം മുമ്പ് നിർത്തിവെച്ച സഊദി വ്യോമ പാതകളാണ് വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കായി വീണ്ടും ഖത്തർ ഉപയോഗിച്ച് തുടങ്ങിയത്. വ്യാഴാഴ്ച്ച വൈകുന്നേരം ദോഹയിൽ നിന്നും ജോഹന്നാസ്ബർഗിലേക്കുള്ള വിമാന സർവ്വീസിലാണ് സഊദി വ്യോമ പാത ഉപയോഗിച്ച് തുടങ്ങിയത്.
അതോടൊപ്പം തന്നെ ഖത്തറിൽ നിന്നുള്ള വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ സഊദിയിലേക്കുള്ള സർവ്വീസുകൾ പുനഃരാരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നര വർഷം മുമ്പ് നിർത്തി വെച്ച ഖത്തർ - സഊദി സർവീസുകളാണ് പുനരാരംഭിക്കുക. ഇതോടെ ഇന്ത്യക്കാർക്ക് ഖത്തർ എയർവെയ്‌സ് വിമാനങ്ങൾ വഴിയും യാത്ര ചെയ്യാനാകും. നേരത്തെ കോഴിക്കോട് സെക്റ്ററിൽ ഉൾപ്പെടെ നിരവധി സർവ്വീസുകൾ ഖത്തർ എയർവേയ്‌സ് നടത്തിയിരുന്നു. സഊദി വിലക്ക് നിലവിലെ വന്നതോടെ യാത്രക്കാർക്ക് ഇത് വലിയ തിരിച്ചടിയാകുകയും ചെയ്‌തിരുന്നു.
അതേ സമയം, ഈജിപ്‌തും ഖത്തർ വിമാനങ്ങൾക്കുള്ള വ്യോമ നിരോധനം പിൻവലിച്ചിട്ടുണ്ട്. എന്നാൽ, മറ്റു രാജ്യങ്ങളെ പോലെ നിരുപാധികമുള്ള നിരോധനമല്ലെന്നും ഖത്തറുമായി ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് ഈജിപ്തിന്റെ നിലപാടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. 2017 ജൂൺ 5 ന് സഊദി, ബഹ്‌റൈൻ, യുഎഇ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ സംയുക്തമായി ഏർപ്പെടുത്തിയ ഉപരോധം നാൽപത്തിയൊന്നാമത് ജിസിസി ഉച്ചകോടിക്ക് മുന്നോടിയായി ജനുവരി നാലിനാണ് പിൻവലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."