ഡോളര്‍ കടത്ത് കേസ്: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് മൊഴിയെടുത്ത് വിട്ടയച്ചു
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് മൊഴിയെടുത്ത് വിട്ടയച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രൈവന്റ്റീവ് ഓഫിസില്‍ വച്ചാണ് കെ അയ്യപ്പന്റെ മൊഴിയെടുത്തത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേ സ്വപ്ന സുരേഷ് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ തേടിയാണ് അയ്യപ്പനെ വിളിപ്പിച്ചത്. ഒമ്പതു മണിക്കൂറാണ് അയ്യപ്പനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാല്‍ അയ്യപ്പനെ ഇനി വിളിപ്പിക്കേണ്ടതില്ലെന്നാണ് കസ്റ്റംസ് തീരുമാനമെന്നാണ് വിവരം.
നേരത്തെ രണ്ട് തവണ നോട്ടീസ് നല്കിയപ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് അയ്യപ്പന് ഹാജറായിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയില്‍ ഉണ്ടായിരുന്നത്. ഇതിനിടെ അയ്യപ്പന് നോട്ടീസ് നല്കിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളിയ കസ്റ്റംസ്, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ ചട്ടമെന്ന രൂക്ഷവിമര്‍ശനങ്ങളോടെ നിയമസഭാ സെക്രട്ടറിക്ക് മറുപടിയും നല്കി. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനം നടക്കുന്ന ഇന്ന് അയ്യപ്പന് കസ്റ്റംസിന് മുന്നില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."