ഒരുവരിപോലും വിടാതെ സര്‍ക്കാരിനൊപ്പം ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായും അംഗീകരിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നിയമസഭയില്‍ നടത്തിയത്. 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമിട്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗം വായിക്കാതെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും മുന്‍പത്തേതില്‍ നിന്ന് വിഭിന്നമായി കേന്ദ്രത്തിനെതിരേയുള്ള വിമര്‍ശനം ഒരുവരിപോലും വിടാതെ വായിക്കുകയായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയാനും മറന്നില്ല. സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും വിശദീകരിക്കുകയുണ്ടായി. നേരത്തേയുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഗവര്‍ണറുടെ നിലപാടും പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചപ്പോള്‍ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ അതിനൊപ്പം ചേരാതെ സര്‍ക്കാരിനൊപ്പം നിന്നതും കൗതുകമുളവാക്കുന്നതായിരുന്നു.
കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരായ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനെതിരേയാണ് ഏറ്റവുമടുത്തായി ഗവര്‍ണര്‍ സര്‍ക്കാരിനെതിരേ നിലകൊണ്ടത്. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരേ ഇപ്പോള്‍ പ്രമേയം പാസാക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് ചോദിച്ചായിരുന്നു പ്രത്യേക സമ്മേളനം ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചത്. അതിന് മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും ഗവര്‍ണര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള ഭാഗം വായിക്കാതെ വിട്ടുകളഞ്ഞ ഗവര്‍ണര്‍ ഇന്നലത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒരുവരിപോലും വിടാതെ വായിച്ചത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായി.
മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് സംസാരിച്ചതിനുശേഷമാണ് കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. പ്രസ്തുത സന്ദര്‍ശനവേളയില്‍ സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പിലെത്താനുണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നത് അജ്ഞാതമാണ്. ആറുമാസം കഴിഞ്ഞാല്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും ബി.ജെ.പി ഇപ്പോള്‍തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയതും ഒ. രാജഗോപാല്‍ മത്സരിച്ച് വിജയിച്ച നേമം മണ്ഡലത്തില്‍ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതും ഇതോടൊപ്പംതന്നെ ഉയര്‍ന്നുവന്ന കാര്യങ്ങളാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ താമസം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വല്ലാത്ത പ്രതിസന്ധിയിലാണിപ്പോഴുള്ളത്. അതില്‍ നിന്നെല്ലാം സര്‍ക്കാരിന് വിജയകരമായി പുറത്തുവരേണ്ടതുമുണ്ട്. നയതന്ത്രകാര്യാലയം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിനേക്കാളും വലിയ പ്രതിസന്ധിയാണിപ്പോള്‍ സര്‍ക്കാര്‍ നേരിടുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേയുള്ള ഡോളര്‍ കടത്ത് ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ആരോപണവിധേയനായ സ്പീക്കര്‍ അധ്യക്ഷപദം വഹിക്കുന്ന നിയമസഭാ സമ്മേളനം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. സ്പീക്കര്‍ രാജിവയ്ക്കണമെന്നതും പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. സ്പീക്കര്‍ക്കെതിരായ ആരോപണം വീണ്ടുമൊരിക്കല്‍ കൂടി സഭ ചേരാനുള്ള അനുമതി നിഷേധിക്കുന്നതിനുള്ള കാരണമായി ഗവര്‍ണര്‍ക്ക് തോന്നിയതുമില്ല. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ ഭരണഘടനാ ബാധ്യത നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു ഗവര്‍ണര്‍. ലോക്ക്ഡൗണ്‍ കാലത്ത് ആരെയും പട്ടിണിക്കിടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചെന്നും എല്ലാ വീടുകളിലും ഭക്ഷ്യക്കിറ്റ് എത്തിച്ചുവെന്നും ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാന്‍ കേരളം മുന്നിട്ടിറങ്ങിയെന്നും നയപ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. കേന്ദ്ര ഏജന്‍സികളെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. ലൈഫ് മിഷന്‍ പോലുള്ള സര്‍ക്കാരിന്റെ അഭിമാനപദ്ധതികള്‍ അന്വേഷണ ഏജന്‍സികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കാര്‍ഷിക നിയമ ഭേദഗതികള്‍ കുത്തകകളെ സഹായിക്കാനുള്ളതാണെന്നും രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമെടുത്ത് നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് സമ്മേളനമാണ് ഇന്നലെ ആരംഭിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നലെ പിരിഞ്ഞ സഭ ഇനി തിങ്കളാഴ്ച ചേര്‍ന്ന് മരണപ്പെട്ട അംഗങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് വീണ്ടും പിരിയും. പിന്നീട് ചേരുന്ന സമ്മേളനത്തിലായിരിക്കും ധനമന്ത്രി ടി.എം തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുക. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് സമ്മേളനമെന്ന നിലയ്ക്ക് ജനപ്രിയ ബജറ്റ് തന്നെയായിരിക്കും അവതരിപ്പിക്കുക. അടുത്ത സര്‍ക്കാരിനായിരിക്കും അതിന്റെ ബാധ്യത ഉണ്ടാവുക എന്നതിനാലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്നതിനാലും ആനുകൂല്യങ്ങള്‍ വാരിവിതറുന്ന ബജറ്റായിരിക്കും ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കാം.
ആരോപണവിധേയനായ സ്പീക്കര്‍ അധ്യക്ഷ പദവിയിലിരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത് സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരേ നേരത്തെയും പലതരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ പലതും യാഥാര്‍ഥ്യവുമായി പുലബന്ധംപോലും ഇല്ലാത്തതായിരുന്നു.
എന്നാല്‍, അവരില്‍ പലരും ധാര്‍മികതയുടെ പേരില്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയോ മാറിനില്‍ക്കുകയോ ചെയ്തിട്ടുണ്ട്. അതിനര്‍ഥം രാഷ്ട്രീയ എതിരാളികളുടെ ആരോപണം ആരോപണവിധേയര്‍ ശരിവയ്ക്കുന്നു എന്നല്ല. ധാര്‍മികതയുടെ പേരിലും ജനാധിപത്യത്തിന്റെ പേരിലുമായിരുന്നു അത്തരം കീഴ്‌വഴക്കങ്ങള്‍. പലരും നിരപരാധിത്വം തെളിയിച്ച് യഥാസ്ഥാനങ്ങളില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. അതിനുള്ള അവസരം ഒരുക്കുകയായിരുന്നു സംശുദ്ധിയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ സമ്മേളനത്തില്‍ അധ്യക്ഷനാവുന്നത് സ്പീക്കര്‍ക്ക് ഒഴിവാക്കാമായിരുന്നു. നയപ്രഖ്യാപന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അധ്യക്ഷം വഹിച്ചിരുന്നുവെങ്കില്‍, തെറ്റുകാരനായതുകൊണ്ടല്ല, സ്പീക്കര്‍ പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ വേണ്ടിയാണ് മാറിനിന്നതെന്ന് അദ്ദേഹത്തിന് അവകാശപ്പെടാമായിരുന്നു. ആരോപണവിധേയനായ സ്പീക്കര്‍ സഭയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന പ്രതിപക്ഷാരോപണത്തിന്റെ മുനയൊടിക്കുകയും ചെയ്യാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."