HOME
DETAILS

അല്‍ ഉലയില്‍ പൂത്തുലഞ്ഞ അറബ് സാഹോദര്യം

  
backup
January 08 2021 | 18:01 PM

arab-al-ulayil6564364654-2021-jan

സഊദി അറേബ്യയുടെ ചരിത്ര പ്രാധാന്യമുള്ള വടക്ക് കിഴക്കന്‍ പൈതൃക ഭൂപ്രദേശമായ അല്‍ ഉല ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാക്ഷ്യംവഹിച്ചത് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനായിരുന്നു. മൂന്നര വര്‍ഷത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും അതിനെ തുടര്‍ന്നുണ്ടായ ഉപരോധത്തിനും ഗള്‍ഫ് പ്രതിസന്ധികള്‍ക്കും വിരാമമിട്ടു കൊണ്ട് ഒടുവില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി 41ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി സഊദിയിലേക്ക് പറന്നെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പോലും ലംഘിച്ചു പരമ്പരാഗത രീതിയില്‍ ഇരുവരും പരസ്പരം ആശ്ലേഷിച്ചപ്പോള്‍ മഞ്ഞുരുകിയത് പോലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധികളും ഉരുകിത്തീര്‍ന്നു. ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരും അതിലുപരി ഗള്‍ഫ് രാജ്യങ്ങളിലെ മിക്ക സ്വദേശികളും പ്രവാസികളും ആ നിമിഷം അത്ഭുതത്തോടെ തത്സമയം വീക്ഷിച്ചു. സഹോദരന്മാര്‍ ഒന്നായ കാഴ്ച അത്രമേല്‍ വൈകാരികമായാണ് ജി.സി.സിയില്‍ പ്രതിഫലിച്ചത്.


പൈതൃക ഭൂമിയായി സംരക്ഷിച്ചിട്ടുള്ള അല്‍ ഉലയിലെ മദാഇന്‍ സ്വാലിഹുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ഖത്തര്‍ അമീറിനൊപ്പം സഊദി രാജകുമാരന്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇസ്‌ലാമിക ചരിത്രത്തിലെ ഏറെ പ്രധാനമായ തബൂക്കിലേക്ക് പ്രവാചകന്‍ സഞ്ചരിച്ച പ്രദേശം കൂടിയാണ് അല്‍ ഉല. ഒരു നൂറ്റാണ്ട് മുന്‍പ് ഉസ്മാനിയ്യ സാമ്രാജ്യം നിര്‍മിച്ച സിറിയയിലെ ദമസ്‌കസില്‍ നിന്ന് മദീന വരെ നീളുന്ന ഹിജാസ് റെയില്‍വേ മദീനയെ ചുംബിച്ചത് അല്‍ ഉല വഴിയായിരുന്നു. അറബ് സൗഹൃദത്തിന്റെ ഈ സഞ്ചാര പാതയില്‍ തന്നെ മറ്റൊരു ചരിത്ര ദശാ സന്ധിക്ക് വേദിയായത് ആകസ്മികമാവാനിടയില്ല .
തുടര്‍ന്ന് നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഉപരോധം പിന്‍വലിച്ച് പരസ്പരമുള്ള സഹകരണം പൂര്‍വാധികം ശക്തമാക്കാനുള്ള തീരുമാനത്തില്‍ യു.എ.ഇയും ബഹ്‌റൈനുമുള്‍പ്പെടെ ആറ് ജി.സി.സി രാജ്യങ്ങളും ഒപ്പുവച്ചപ്പോള്‍, ഈ ചരിത്ര മുഹൂര്‍ത്തത്തിന് വേണ്ടി ഏറെ പ്രയത്‌നിച്ച മുന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ ഓര്‍മയില്‍ പലരും വിതുമ്പി. തന്റെ അവസാന നാള്‍വരെയും സഹോദര രാജ്യങ്ങള്‍ക്കിടയിലെ പഴയ സൗഹൃദം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച ആ നേതാവിന്റെ വിയോഗം കേവലം മൂന്നു മാസങ്ങള്‍ക്ക് മുമ്പായിരുന്നു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന സമയത്തും അദ്ദേഹം ആശങ്കപ്പെട്ടത് ജി.സി.സിയിലെ അനൈക്യത്തെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിന്റെ നൂറു ദിനങ്ങള്‍ക്കുള്ളില്‍ പഴയതെല്ലാം മറന്ന് ഒന്നിക്കാനുള്ള തീരുമാനത്തിലേക്ക് ജി.സി.സി രാജ്യങ്ങളെത്തിയപ്പോള്‍ അനേകായിരം പേരുടെ പ്രാര്‍ഥനകളില്‍ ശൈഖ് സബാഹ് നിറഞ്ഞുനിന്നു.
പാതിരാത്രിവരെ തെരുവുകളില്‍ ആഹ്ലാദം പങ്കുവച്ചാണ് മിക്ക ജി.സി.സി രാജ്യങ്ങളിലും ഈ വാര്‍ത്ത ജനങ്ങള്‍ സ്വീകരിച്ചത്. തൊട്ടടുത്താണെങ്കിലും കഴിഞ്ഞ മൂന്നര വര്‍ഷമായി പരസ്പരം കാണാന്‍ കഴിയാതിരുന്ന പല കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനി തടസങ്ങളൊന്നുമില്ലാതെ പരസ്പരം കാണാം. വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ എത്രയും പെട്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ സമീപത്തേക്ക് എത്താനുള്ള അവസരത്തിന് കാത്തുനില്‍ക്കുന്നവരാണധികവും.
ബിസിനസ് മേഖലയിലും ഒരുണര്‍വ് പ്രകടമായി തുടങ്ങിയിരിക്കുന്നു. ദിനേന നൂറുകണക്കിന് ചരക്ക് ട്രക്കുകള്‍ യു.എ.ഇക്കും ഖത്തറിനുമിടയില്‍ സഊദി വഴി അങ്ങോട്ടുമിങ്ങോട്ടും സര്‍വിസ് നടത്തിയിരുന്ന ആ പഴയ കാലം തിരിച്ചുവരികയാണ്. മാസത്തില്‍ മൂന്നോ നാലോ തവണ ട്രക്കോടിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വിസ് നടത്തിയിരുന്ന ട്രക്ക് ഡ്രൈവര്‍മാരിലധികവും തങ്ങളുടെ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റൊഴിവാക്കി മറ്റു ജോലികളിലേക്ക് തിരിയുകയോ നാട് പിടിക്കുകയോ ചെയ്തിട്ടുണ്ട്. പാകിസ്താനികളായിരുന്നു ഈ തൊഴില്‍ മേഖലയില്‍ കൂടുതല്‍. വില കൂടിയ വാഹനങ്ങള്‍ പോലും ആവശ്യക്കാരില്ലാത്തതിനാല്‍ മൂന്നിലൊന്ന് വിലയ്ക്ക് വിറ്റൊഴിവാക്കേണ്ടി വന്ന ഉപരോധ കാലം പുറകിലേക്ക് തള്ളി മാറ്റി, പ്രതീക്ഷയുടെ പുതുനാമ്പുകള്‍ അവരുടെ ജീവിതത്തിലും തളിര്‍ക്കുകയാണ്. അല്‍ ഉലയില്‍ മൊട്ടിട്ട സൗഹൃദം ഒരുപാട് മനുഷ്യരുടെ ജീവിതങ്ങളില്‍ പൂത്തുലഞ്ഞു തുടങ്ങുന്നത് ഇങ്ങനെയൊക്കെയാണ് .
കൊവിഡ് മൂലം 2021 ലേക്ക് മാറ്റിവയ്ക്കപ്പെട്ട ദുബൈ എക്‌സ്‌പോയും 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരവും ജി.സി.സിയുടെ മൊത്തം ബിസിനസ്, ടൂറിസം മേഖലകള്‍ക്ക് ഉണര്‍വ് പകരാന്‍ പോവുകയാണ്. ലോകത്താകമാനമുള്ള വിനോദ സഞ്ചാരികളുടെ പറുദീസയായ ദുബൈ നഗരം കാണാന്‍ കഴിയുകയെന്ന സ്വപ്നം ഖത്തറിലേക്ക് ഒഴുകാനിരിക്കുന്ന കായിക പ്രേമികള്‍ക്ക് ഇനി കണ്ടു തുടങ്ങാം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വിമാന സര്‍വിസ് ലഭിക്കുന്ന ദുബൈ എന്ന ട്രാന്‍സിറ്റ് ഹബ്ബിന്റെ സൗകര്യങ്ങള്‍ ഖത്തറിനും ഉപയോഗപ്പെടുത്താന്‍ കഴിയും. ഖത്തറിലേക്ക് പറക്കുന്ന കായിക പ്രേമികള്‍ ഇടത്താവളമായി ദുബൈ നഗരത്തെ ഉപയോഗപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന ഉണര്‍വ് ചില്ലറയല്ല.
സഊദി അറേബ്യയുമായി മാത്രമാണ് ഖത്തര്‍ കരയതിര്‍ത്തി പങ്കിടുന്നത്. സഊദി - ഖത്തര്‍ അതിര്‍ത്തി തുറന്നതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം ഖത്തറിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് വീണ്ടും തുടങ്ങിയിരിക്കുകയാണ്. പാതി വഴിയില്‍ നിര്‍ത്തിയ ബഹ്‌റൈന്‍ - ഖത്തര്‍ കോസ്‌വേ നിര്‍മാണം പുനരാരംഭിക്കുമ്പോള്‍ ഖത്തറിനും ബഹ്‌റൈനുമിടയ്ക്ക് ഒരു സഞ്ചാര പാത കൂടി തുറക്കപ്പെടും. അല്‍ ഉലയിലെ പൈതൃക ഭൂമിയിലെ സ്‌നേഹാശ്ലേഷം വിവിധ ജി.സി.സി രാജ്യങ്ങളെയും അവിടുത്തെ സ്വദേശികളെയും വിദേശികളെയും കൂടുതല്‍ ശക്തിയോടെ പരസ്പരം പുണരാനിരിക്കുകയാണ്. അങ്ങനെയാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  44 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago