പ്രിയ കുട്ടന്റെ ഓർമയിൽ 'അദ്വൈതം'
കെ. മുബീന
കണ്ണൂർ
കുട്ടാ അമ്മന്റെ മോനെ, രാഷ്ട്രീയമൊന്നും വേണ്ടന്നു പറഞ്ഞതല്ലേ''''.... വാക്കുകൾ മുഴുമിപ്പിക്കാനാവാതെ പുഷ്‌കല തേങ്ങിക്കരയുമ്പോഴും അവരെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർക്കും വാക്കുകളില്ലായിരുന്നു.
തിരുവനന്തപുരം പാലോട് സ്വദേശിയും എൽ.ഐ.സി ഏജന്റുമായ രാജേന്ദ്രന്റെയും തളിപ്പറമ്പ് കൂവോട് ആയുർവേദ ആശുപത്രിയിലെ സീനിയർ നഴ്‌സ് പുഷ്‌കലയുടെയും മൂത്തമകനായ ധീരജ് ഇരുവരുടേയും പ്രിയ കുട്ടനാണ്.
അമ്മയോടൊപ്പം കളിച്ചും ചിരിച്ചും ആശുപത്രിയിൽ വന്നിരുന്ന ധീരജിന്റെ വിയോഗം വിശ്വസിക്കാൻ പുഷ്പകലയുടെ സഹപ്രവർത്തകർക്കും സാധിക്കുന്നില്ല. ചിരിച്ച മുഖവുമായി എല്ലാവരോടും സൗഹൃദം കൂടുന്ന ധീരജ് കഴിഞ്ഞ മൂന്നിനാണ് ഇടുക്കിയിലേക്ക് മടങ്ങിയത്.
ഇടുക്കി ഗവ. എൻജിനിയറിങ് കോളജിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും മറ്റുമാണെന്ന വിശേഷങ്ങൾ വാതോരാതെ അമ്മയോടും പുഷ്‌കലയുടെ സഹപ്രവർത്തകരോടും പറഞ്ഞിരുന്നു ധീരജ്. അമ്മയെ വിഡിയോ കാളിൽ വിളിച്ച് കാണിക്കുകയും ചെയ്തിരുന്നു. കോളജ് തെരഞ്ഞെടുപ്പാണെന്ന് അറിഞ്ഞതോടെ മറ്റു പ്രവർത്തനങ്ങളിൽനിന്നു മാറിനിൽക്കണമെന്നും അമ്മ മകനെ ഉപദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പൊക്കെ ഒരു ആവേശമാണെന്നായിരുന്നു അവന്റെ മറുപടി. ഇന്നലെ ഉച്ചയോടെ മകന് വാഹനപകടം പറ്റിയെന്ന് പറഞ്ഞാണ് അമ്മ പുഷ്‌കലയെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് തളിപ്പറമ്പ് തൃച്ചംബരം സ്‌കൂളിനു സമീപത്തെ '' അദ്വൈത''ത്തിൽ എത്തിച്ചത്. അപ്പോഴേക്കും പിതാവ് രാജേന്ദ്രനും എന്തോ അസ്വാഭാവികത തോന്നിയിരുന്നു. രാഷ്ട്രീയപ്രവർത്തകരും നാട്ടുകാരും വീട്ടിലെത്തി കാര്യങ്ങൾ അവരെ ധരിപ്പിക്കുകയായിരുന്നു.
വാർത്തകൾ അറിഞ്ഞെത്തിയവരോട് മറുപടി പറയാനാവാതെ അടുത്ത മുറിയിൽ രാജേന്ദ്രനും മുകൾ നിലയിലെ മുറിയിൽ സഹോദരൻ അദ്വൈതും കൂട്ടക്കരച്ചിലിലായിരുന്നു.
ഏറെനാളത്തെ സ്വപ്‌നം പൂവണിഞ്ഞു വാടക വീട്ടിൽനിന്ന് സ്വന്തം വീടായ '' അദ്വൈത''''ത്തിൽ താമസം മാറിയിട്ട് രണ്ടു വർഷമാകുമ്പോഴേക്കുമാണ് ധീരജിന്റെ കുടുംബത്തെ തേടി ദുഃഖ വാർത്തയെത്തിയത്. പഠിക്കാൻ മിടുക്കനായ ധീരജ് നാട്ടിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നു. സ്‌കൂൾ പഠനകാലത്ത് പഠനത്തിലും മത്സര ഇനങ്ങളിലും ഊന്നൽ നൽകുകയായിരുന്നു ധീരജ്.
ഇടുക്കി ഗവ. എൻജിനിയിറിങ് കോളജിൽ ചേർന്നതോടെ രാഷ്ട്രീയത്തിൽ സജീവമായി. പഠനത്തിലും എൻ.എസ്.എസ് പോലുള്ള സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിലും ഇടപെട്ട് പ്രവർത്തിക്കാനും മുന്നിലായിരുന്നു. ആറുമാസം കൂടി കഴിഞ്ഞാൽ പഠനം പൂർത്തിയാക്കി വിദേശത്ത് എം.ടെക് പഠിക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു ധീരജിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."