കേരളത്തിൽ നിന്ന് വനിതകൾ ഉൾപ്പെടെ ഉംറ തീർത്ഥാടകർ വീണ്ടും വിശുദ്ധ ഭൂമിയിൽ, ആദ്യ സംഘത്തിനു മക്കയിൽ ഹൃദ്യമായ സ്വീകരണം
മക്ക: കൊവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടനം വീണ്ടും തുടങ്ങിയതിനു ശേഷമുള്ള വനിതകൾ ഉൾപ്പെടുന്ന ആദ്യ സംഘം മക്കയിലെത്തി. കൊവിഡിനെ തുടർന്ന് വിമാന സർവ്വീസുകൾക്ക് നിയന്ത്രണം വരികയും വിദേശ ഉംറ തീർത്ഥാടകരെ സഊദി അറേബ്യ വിലക്കുകയും ചെയ്തതോടെ കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടനവും പൂർണ്ണമായും നിലച്ചിരുന്നു. തുടർന്ന് ഇപ്പോഴാണ് വീണ്ടും വനിതകൾ ഉൾപ്പെടെയുള്ള സംഘം പുണ്യ ഭൂമിയിൽ എത്തിതുടങ്ങിയത്. രണ്ട് വർഷങ്ങൾക്കു ശേഷം കേരളത്തിൽ നിന്ന് മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
നേരത്തെ, ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ മലയാളി ഉംറ സംഘം മക്കയിൽ എത്തിയിരുന്നു. വളരെ തുച്ഛമായ പുരുഷ സംഘമാണ് എത്തിയിരുന്നത്. ഇപ്പോഴാണ് വിനിതകൾ ഉൾപ്പെടെയുള്ള മലയാളി സംഘം എത്തിതുടങ്ങുന്നത്. കൊറോണ വ്യാപനം മൂലം നേരത്തെ ഇന്ത്യയിൽ നിന്ന് ഉംറ വിസകൾ ഇഷ്യു ചെയ്യൽ നിർത്തി വെച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ളവർക്കും ഉംറ വിസകൾ കഴിഞ്ഞ മാസം മുതൽ ഇഷ്യു ചെയ്യാൻ തുടങ്ങിയിരുന്നത്.
കഴിഞ്ഞ അഞ്ചാംതിയ്യതി അൽ ഹിന്ദ് ട്രാവൽസിന്റെ കീഴിൽ മദീനയിലിറങ്ങിയ ഉംറ സംഘം അഞ്ചു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് പത്താം തിയ്യതി രാത്രിയോടെ മക്കയിലെ താമസ സ്ഥലമായ ജിയാദ് സ്ട്രീറ്റിലെ അൽ ബലദ് അൽ ത്വയ്യിബ് ഹോട്ടലിൽ എത്തിയത്. മഹാ മാരി പ്രതിസന്ധിക്ക് ശേഷം അഷ്‌റഫ് മൗലവി വയനാടിന്റെ നേതൃത്വത്തിൽ മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിന് മക്കാ കെഎംസിസി സെൻട്രൽ കമ്മറ്റി ആവേശകരമായ സ്വീകരണം നൽകി
മക്കാ കെ എം സി സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, ഹാരിസ് പെരുവള്ളൂർ, എം സി നാസർ വിളയിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."