വഖ്ഫ് നിയമനം: സമരം ശക്തമാക്കാൻ മുസ്‌ലിം ലീഗ്
കോഴിക്കോട്
വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരേ തുടർസമരം ശക്തമാക്കാൻ മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 27നു തൃശൂർ, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. കണ്ണൂരിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിയമസഭാ മാർച്ച് നടത്തുമെന്നും ജനറൽ സെക്രട്ടറി പി.എം.എ സലാം വാർത്താസമ്മേളത്തിൽ പറഞ്ഞു.
കലക്ടറേറ്റ്, നിയമസഭാ മാർച്ചുകളുടെ പ്രചാരണത്തിനായി മണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. വിജയം കാണാതെ സമരത്തിൽനിന്ന് പിൻമാറില്ല. കഴിഞ്ഞമാസം കോഴിക്കോട്ട് നടന്ന വഖ്ഫ് സംരക്ഷണ റാലി വൻ വിജയമായിരുന്നുവെന്നും ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ദേശീയ മുൻ പ്രസിഡന്റ് ഇ. അഹമ്മദിന്റെ ചരമദിനമായ ഫെബ്രുവരി ഒന്നിന് എറണാകുളത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. മുസ് ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10നു ജില്ലാ ആസ്ഥാനങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.
വഖ്ഫ് സംരക്ഷണ റാലിയുടെ വിജയത്തിനു ശേഷം സി.പി.എം മുസ് ലിം ലീഗിനെതിരേ വർഗീയ ധ്രുവീകരണ ആരോപണം നിരന്തരം ഉന്നയിക്കുകയാണെന്ന് പി.എം.എ സലാം പറഞ്ഞു. ലീഗിന്റെ നിലപാടിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. ലീഗിൽനിന്ന് മാറിനിന്നാൽ മതത്തിൽനിന്ന് പുറത്തുപോകുമെന്ന് പറഞ്ഞിട്ടില്ല. കമ്മ്യൂണിസത്തിലേക്ക് പോകുന്നത് അപകടമാണെന്നാണ് നേതാക്കൾ പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നു. സമസ്തയുമായി ലീഗിന് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വഖ്ഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് അവരാണ്. മുസ് ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. ചിലപ്പോൾ മതസംഘടനകളുടെ പിന്തുണയുണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാടെടുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും സലാം കൂട്ടിച്ചേർത്തു.
സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ചർച്ചകൾക്ക് മറുപടി നൽകി. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, വി.കെ ഇബ്രാഹിം കുഞ്ഞ് സംസാരിച്ചു. പി.എം.എ സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."