കോഴിക്കോട് സി.പി.എം ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനും കെ-റെയിലിനുമെതിരെ രൂക്ഷവിമര്‍ശനം
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം. സര്‍ക്കാര്‍ നയത്തിനെതിരെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു. അലന്‍ താഹ, ശുഹൈബ് എന്‍ഐഎ കേസിലും കെ റെയില്‍ പദ്ധതിയിലും സര്‍ക്കാരിനും പൊലീസ് വകുപ്പിനും എതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നുണ്ടായത്.
മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും സാന്നിധ്യത്തിലാണ് വിവിധ വിഷയങ്ങളില്‍ പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉണ്ടായത്. സഖാക്കള്‍ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളില്‍ പോലും പൊലീസ് അനീതിയാണ് കാണിക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കുന്ന സാഹചര്യമുണ്ടെന്നും പേരാമ്പ്രയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശനം ഉയര്‍ത്തി.
ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്നും യുഎപിഎ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോയെന്നും സിപിഎം പ്രതിനിധികള്‍ സമ്മേളനത്തില്‍ ചോദിച്ചു. ഇവര്‍ക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് ഇതുവരെ പൊലീസിന് വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശനം ഉണ്ടായി.
മറ്റു ജില്ലാ സമ്മേളനങ്ങളില്‍ എന്ന പോലെ കെ റെയില്‍നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയാണ് സമ്മേളനം തുടങ്ങിയതെങ്കിലും കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും സമ്മേളന പ്രതിനിധികള്‍ കടുത്ത വിമര്‍ശനം പദ്ധതിക്കെതിരെ ഉണ്ടായി. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതില്‍ തന്നെ പലതരം പ്രശ്‌നങ്ങളുണ്ടെന്നും ഇതേ നിലയിലാണ് കെ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതെങ്കില്‍ കടുത്ത തിരിച്ചടിയുണ്ടാവുമെന്നും വിമര്‍ശനമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."